ധാക്ക: നോബൽ ജേതാവും വിശ്വപ്രതിഭയുമായ രവീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ കുടുംബവീട് അക്രമികൾ തല്ലിത്തകർത്തു. സിറാജ്ഗഞ്ച് ജില്ലയിലെ ഷഹ്‌സാദ്‌പൂരിലെ 'രവീന്ദ്ര കച്ചാരി ബാരി' എന്നറിയപ്പെടുന്ന വസതിയാണ് ബുധനാഴ്ച ആക്രമിക്കപ്പെട്ടത്. ടാഗോർ തന്റെ നിരവധി സൃഷ്ടികൾ രൂപപ്പെടുത്തിയത് ഇവിടെവച്ചാണ്. നിലവിൽ മ്യൂസിയമായി സംരക്ഷിച്ചു വരികയാണ്.
ഞായറാഴ്ച വസതി കാണാൻ കുടുംബത്തോടൊപ്പമെത്തിയ സന്ദർശകനും ജീവനക്കാരും തമ്മിൽ പാർക്കിംഗ് ഫീസിനെ ചൊല്ലി വാക്കേറ്റമുണ്ടായതിന്റെ തുടർച്ചയായിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. സന്ദർശകനെ ജീവനക്കാർ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ബുധനാഴ്ച ഒരുകൂട്ടം അക്രമികൾ വസതിയിൽ അതിക്രമിച്ചു കടന്ന് തല്ലിതകർക്കുകയായിരുന്നു. ഓഡിറ്റോറിയവും വസതിയിലെ ജനാലകളും കസേരകളും തകർത്തു.
മ്യൂസിയം ഡയറക്ടർമാരിൽ ഒരാളെ ആക്രമിച്ചു. ടാഗോർ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പുരാവസ്തു വകുപ്പ് മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തി.
മ്യൂസിയത്തിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിറുത്തിവച്ചു.
അപലപിച്ച് ഇന്ത്യ
ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ടാഗോറിന്റെ ഓർമ്മകളെയും അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും അനാദരിക്കുന്ന നിന്ദ്യമായ പ്രവൃത്തിയാണിതെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |