ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 60 പേരുടെ ശവസംസ്കാര ചടങ്ങ് ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നടന്നു.ഇറാനിയൻ പതാകകളും കൊല്ലപ്പെട്ട കമാൻഡർമാരുടെയും ചിത്രങ്ങളും വഹിച്ചുകൊണ്ട് സ്ത്രീകളടക്കം പതിനായിരങ്ങളാണ് സംസ്കാര ചടങ്ങൽ പങ്കെടുത്തത്. ടെഹ്റാൻ നഗരമധ്യത്തിലെ തെരുവുകളിൽ അണിനിരന്നവർ കറുത്ത വസ്ത്രം ധരിച്ച് ഇറാനിയൻ പതാക വീശി ''അമേരിക്കക്കും ഇസ്രായേലിനും മരണം...’’എന്ന മുദ്രാവാക്യം വിളിച്ചു. ചീഫ് ജനറൽ ഹുസൈൻ സലാമി, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാം തലവൻ ജനറൽ അമീർ അലി ഹാജിസാദെ എന്നിവരടക്കമുള്ളവരുടെ സംസ്കാരമാണ് നടത്തിയത്. യുദ്ധത്തിന്റെ ആദ്യ ദിവസം തന്നെ സലാമിയും ഹാജിസാദെയും കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷഷ്കിയാനും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.
ഇസ്രായേലിനെ പരിഹസിച്ച് ഇറാൻ മന്ത്രി
അതേസമയം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയെ മരണത്തിൽനിന്ന് രക്ഷിച്ചതായുള്ള യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരാമർശത്തെ അപലപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി രംഗത്ത്. ട്രംപിന്റെ പരാമർശം അനാദരവ് നിറഞ്ഞതാണെന്നും തികച്ചും അസ്വീകാര്യമാണെന്നും അരഗ്ചി വ്യക്തമാക്കി. നമ്മുടെ മിസൈലുകൾക്ക് ഇരയാകാതിരിക്കാൻ ‘ഡാഡിയുടെ’ അടുത്തേക്ക് ഓടുകയല്ലാതെ ഇസ്രയേൽ ഭരണകൂടത്തിന് മറ്റ് മാർഗമില്ലെന്ന് ഇറാനിയൻ ജനത ലോകത്തിന് കാണിച്ചുകൊടുത്തു -അദ്ദേഹം പരിഹസിച്ചു. ഇനിയും പ്രകോപിപ്പിച്ചാൽ വെടിനിർത്തൽ തീരുമാനം മറന്ന് ഇറാൻ അതിന്റെ യഥാർഥ ശക്തി കാണിക്കാൻ മടിക്കില്ലെന്നും സമൂഹമാദ്ധ്യമമായ എക്സിലൂടെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |