വാഷിംഗ്ടൺ: ഇന്ത്യയടക്കം റഷ്യയുമായി വ്യാപാര ബന്ധമുള്ള രാജ്യങ്ങൾക്ക് 500 ശതമാനം വരെ തീരുവ ചുമത്തണമെന്ന യു.എസ് സെനറ്റർമാരുടെ ആവശ്യത്തോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. അത്തരം ഒരു സാദ്ധ്യത ഓർത്ത് ഇന്ത്യ ആശങ്കപ്പെടുന്നില്ലെന്നും അങ്ങനെയുണ്ടായാൽ രാജ്യം ആ കടമ്പ മറികടക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.
റിപ്പബ്ലിക്കൻ സെനറ്ററായ ലിൻഡ്‌സെ ഗ്രഹാമാണ് ഇന്ത്യയും ചൈനയും അടക്കം റഷ്യയുടെ വ്യാപാര പങ്കാളികൾക്ക് മേൽ തീരുവ ചുമത്തണമെന്ന ആശയം ഉന്നയിച്ചത്. ഇതു സംബന്ധിച്ച ബില്ല് അവതരിപ്പിക്കാനാണ് ഗ്രഹാമിന്റെ നേതൃത്വത്തിലെ സെനറ്റർമാരുടെ പദ്ധതി. ഊർജ്ജം, സുരക്ഷാ എന്നിവയുമായി ബന്ധപ്പെട്ട തങ്ങളുടെ താത്പര്യങ്ങളും ആശങ്കകളും യു.എസിനെ അറിയിച്ചിട്ടുണ്ടെന്നും ജയശങ്കർ വാഷിംഗ്ടണിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം, ഇന്ത്യ-യു.എസ് ബന്ധത്തിൽ പാകിസ്ഥാൻ ഒരു ഘടകമേ അല്ലെന്നും ജയശങ്കർ പറഞ്ഞു. ഇന്ത്യ-യു.എസ് ബന്ധത്തിൽ പാകിസ്ഥാന്റെ പങ്ക് മൂലം എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |