ശുഭാംശുവിന്റെ നാടായ ലക്‌നൗവിൽ നിന്ന് 13,000 കിലോമീറ്റർ അകലെ കാലിഫോർണിയ തീരത്ത് പസഫിക്കിലേക്ക് ഡ്രാഗൺ കാപ്സ്യൂൾ വീണപ്പോൾ, അമ്മയുടെ കൈകൾ വിറച്ചു. പ്രാർത്ഥനയോടെ കൈകൾ കൂപ്പി. കുടുംബത്തിന് അത് പുതിയ ജീവിതമായിരുന്നു.
ലാൻഡിംഗ് തത്സമയം കണ്ട മാതാപിതാക്കളായ ആശയും ശംഭു ദയാൽ ശുക്ലയും ശ്വാസമടക്കിയിരുന്നു.
"എന്റെ ഹൃദയമിടിപ്പ് നിലച്ചതുപോലെ തോന്നി," ആശ വികാരഭരിതയായി പറഞ്ഞു. "ഞാൻ കരഞ്ഞു. എനിക്ക്, അവൻ വീണ്ടും ജനിച്ചതുപോലെയായിരുന്നു. "ഇത് ഐ.എസ്.എസിൽ നിന്നുള്ള എന്റെ അവസാന കാൾ... ഞാൻ തിരിച്ചുവരുന്നു. ഞാൻ നിങ്ങളെയെല്ലാം ഉടൻ കാണുമെന്നാണ് തിരിച്ചെത്തുംമുമ്പ് അവൻ പറഞ്ഞത്. ഞങ്ങൾ ഒട്ടും ഉറങ്ങിയില്ല. ഒരു നിമിഷം പോലും- പിതാവ് ശംഭു ദയാൽ പറഞ്ഞു.
' ഒരുമിച്ച് ആകാശം പിടിച്ചു'
ശുഭാംശുവിന്റെ ടെക് പ്രൊഫഷണലായ സഹോദരി സുചി ശുക്ല വീട്ടിലെ അന്തരീക്ഷം ഓർമ്മിച്ചു - പ്രത്യാശയുടെയും വൈകാരികതയുടെയും കൗതുകകരമായ മിശ്രിതം. “ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ദീപങ്ങൾ കൊളുത്തി.. സഹോദരൻ ഈ ചരിത്ര ദൗത്യം പൂർത്തിയാക്കുന്നത് കാണുമ്പോൾ ശാസ്ത്ര പുരോഗതിയുടെ പിന്നിലെ വൈകാരിക ഭാരം മനസ്സിലായി .
വലിയ സ്വപ്നം കണ്ടു
ശുഭാംശു പഠിച്ചിരുന്ന സി.എം.എസിൽ, വിദ്യാർത്ഥികളും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ലാൻഡിംഗ് തത്സമയം കാണാൻ ഒത്തുകൂടി. തുടക്കത്തിൽ പരിഭ്രാന്തി നിറഞ്ഞ നിശബ്ദത നിറഞ്ഞ അന്തരീക്ഷം, തിരിച്ചെത്തിയപ്പോൾ കരഘോഷവും ആർപ്പുവിളിയും ആനന്ദ കണ്ണീരും. 'ഞങ്ങളുടെ വിദ്യാർത്ഥികൾ നക്ഷത്രങ്ങൾ സ്വപ്നം കാണണമെന്ന് ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട് ഇന്ന്, അവരിൽ ഒരാൾ അവിടെ നിന്ന് മടങ്ങിയെത്തി നക്ഷത്രങ്ങളെ വീട്ടിലേക്ക് കൊണ്ടുവന്നു- സി.എം.എസ് പ്രിൻസിപ്പൽ പറഞ്ഞു.
ശുഭാംശു ഇന്ത്യയിലെത്തുമ്പോൾ അദ്ദേഹത്തിന് അനുമോദന പരിപാടി സംഘടിപ്പിക്കും.
മകൻ സുരക്ഷിതമായി തിരിച്ചെത്തി. ദൈവത്തിനും എല്ലാവർക്കും നന്ദി. സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല. അഭിമാനമാണ്. ആദ്യം ഭയപ്പെട്ടിരുന്നു. ഇപ്പോൾ സന്തോഷത്തിന് അതിരില്ല. വരുംതലമുറ ശുഭാംശുവിൽ നിന്ന് ആവേശം ഉൾക്കൊള്ളും
-ആശാ ശുക്ല
ശുഭാംശുവിന്റെ അമ്മ
മകനെ എത്രയും വേഗം നേരിൽ കാണണം. സുരക്ഷിതമായി തിരിച്ചെത്താൻ പ്രാർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ശുഭാംശുവിനെ അനുഗ്രഹിക്കുകയും ഞങ്ങളെ ആശംസ അറിയിക്കുകയും ചെയ്തിരുന്നു. തിരിച്ചുവരവ് ചരിത്രത്തിൽ രേഖപ്പെടുത്തും. അഭിമാനം.
- ശംഭു ദയാൽ ശുക്ല
ശുഭാംശുവിന്റെ പിതാവ്
ശുഭാംശു സുരക്ഷിതനായി തിരിച്ചെത്തി. സമാധാനമായെന്നും സന്തോഷം നിറഞ്ഞു
-സുചി മിശ്ര
സഹോദരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |