ബീജിംഗ്: നൂഡിൽസിന് ലോകമെമ്പാടും ആരാധകരേറെയാണ്. 4,000 വർഷങ്ങൾക്ക് മുമ്പ് വടക്കു പടിഞ്ഞാറൻ ചൈനയിലാണ് നൂഡിൽസിന്റെ ഉത്ഭവം എന്ന് കരുതുന്നു. ലോകത്തെ ഏറ്റവും നീളമേറിയ നൂഡിൽ എന്ന ഗിന്നസ് റെക്കാഡും ഒരു ചൈനീസ് കമ്പനിയുടെ പേരിലാണ്. 2017ൽ ഹെനാൻ പ്രവിശ്യയിലെ നാന്യാങ്ങിലാണ് ഈ കൂറ്റൻ നൂഡിൽ തയ്യാറാക്കിയത്. നീളം, 3,084 മീറ്റർ (3.08 കിലോമീറ്റർ). ഭാരം 66.1 കിലോഗ്രാമും !
ഷിയാങ്ങ്നിയാൻ ഫുഡ് എന്ന കമ്പനിയിലെ ഷെഫുകളാണ് ഈ നൂഡിലിന് പിന്നിൽ. പരമ്പരാഗത റാമൻ നൂഡിൽ റെസിപ്പി പ്രകാരമാണ് തയ്യാറാക്കിയത്. ഇതിനായി 40 കിലോഗ്രാം ഗോതമ്പ് മാവും 26.8 ലിറ്റർ വെള്ളവും 0.6 കിലോഗ്രാം ഉപ്പും വേണ്ടി വന്നു. 17 മണിക്കൂർ കൊണ്ടാണ് ഭീമൻ നൂഡിൽ തയ്യാറാക്കിയത്. മൂന്ന് മണിക്കൂർ കൊണ്ടാണ് നൂഡിലിന്റെ നീളം ഗിന്നസ് അധികൃതർ അളന്നെടുത്തത്.
2007ൽ ജപ്പാൻ കൈവരിച്ച 548.7 മീറ്റർ നൂഡിലിന്റെ ലോക റെക്കാഡ് ഇതോടെ തകർക്കപ്പെട്ടു. വെളുത്തുള്ളി, മുട്ട, ടൊമാറ്റോ സോസ് എന്നിവ ചേർത്ത് പാകം ചെയ്തെടുത്ത നൂഡിൽ കമ്പനിയിലെ 400ഓളം ജീവനക്കാർക്കും അതിഥികൾക്കും നൽകി.
ചൈനയിൽ മുതിർന്നവരുടെ ദിനത്തോടനുബന്ധിച്ചാണ് ഭീമൻ നൂഡിൽ തയ്യാറാക്കിയത്. ചൈനയിൽ ദീർഘായുസിന്റെ പ്രതീകമായിട്ടാണ് നൂഡിൽസിനെ കാണുന്നത്. കമ്പനിയിലെ ജീവനക്കാരുടെ കുടുംബാംഗങ്ങളെയും മുതിർന്ന ബന്ധുക്കളെയും പരിപാടിയിലേക്ക് അതിഥികളായി ക്ഷണിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |