
വാഷിംഗ്ടൺ: യു.എസിൽ 50കാരനെയും മൂന്ന് മാസം പ്രായമുള്ള ചെറുമകളെയും അമേരിക്കൻ പിറ്റ് ബുൾ ടെറിയർ ഇനത്തിലെ ഏഴ് വളർത്തു നായകൾ ചേർന്ന് കടിച്ചുകൊന്നു. ബുധനാഴ്ച ടെന്നസിയിലെ ടല്ലഹോമയിലെ ഒരു വീട്ടിലായിരുന്നു സംഭവം.
ജെയിംസ് അലക്സാണ്ടർ സ്മിത്ത് എന്നയാൾക്കും ഇദ്ദേഹത്തിന്റെ ചെറുമകൾക്കുമാണ് ദാരുണാന്ത്യം. ജെയിംസ് വളർത്തിയിരുന്ന നായകൾ അക്രമകാരികളായിരുന്നെന്ന് അയൽക്കാർ പറയുന്നു. അയൽക്കാർ വിവരമറിയിച്ചത് പ്രകാരം പൊലീസ് എത്തിയപ്പോഴേക്കും ജെയിംസിന് ജീവൻ നഷ്ടമായിരുന്നു.
നായകൾ ഇന്നേരം കൂട്ടത്തോടെ കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. ഏഴ് നായകളെയും വെടിവച്ചു കൊന്നശേഷമാണ് പൊലീസിന് കുഞ്ഞിന്റെ അരികിലേക്ക് എത്താനായത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചു. പ്രദേശവാസികളുടെ വളർത്തുപൂച്ചകളെയൊക്കെ ഈ നായകൾ നേരത്തെ കൊന്നിരുന്നു.
സംഭവ സമയം കുഞ്ഞിന്റെ അമ്മ വീട്ടിലുണ്ടായിരുന്നെന്നും ഇവരുടെ നിലവിളി കേട്ടാണ് അയൽക്കാർ വിവരമറിഞ്ഞതെന്നും പറയുന്നു. വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തായിരുന്നു. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
അപകടകാരികൾ
ഇംഗ്ലീഷ് വൈറ്റ് ടെറിയർ, ഓൾഡ് ഇംഗ്ലീഷ് ബുൾഡോഗ് എന്നിവയുടെ സങ്കരയിനം. ഇംഗ്ലീഷ് വൈറ്റ് ടെറിയർ, ഓൾഡ് ഇംഗ്ലീഷ് ബുൾഡോഗ് ബ്രീഡുകൾ ഇപ്പോൾ ഇല്ലെങ്കിലും ഇവ രണ്ടിന്റെയും സ്വഭാവ സവിശേഷതകൾ ചേർന്ന കരുത്തുറ്റ ബ്രീഡാണ് അമേരിക്കൻ പിറ്റ്‌ബുൾ ടെറിയറുകൾ. പേരിൽ അമേരിക്കയുണ്ടെങ്കിലും യു.കെയാണ് ജന്മദേശം. 19ാം നൂറ്റാണ്ടിലാണ് വടക്കേ അമേരിക്കയിലെത്തുന്നത്. അത്ര പെട്ടെന്ന് അടുക്കുന്ന സ്വഭാവക്കാരല്ല. മനുഷ്യരെയും മറ്റ് മൃഗങ്ങളേയും ഒരുപോലെ ആക്രമിക്കാനുള്ള പ്രവണതയുണ്ട്. അതേ സമയം, എല്ലാ അമേരിക്കൻ പിറ്റ്‌ബുൾ ടെറിയറുകളും സുരക്ഷിതമല്ലാത്തതിനാൽ ഏതാനും യു.എസ് സ്റ്റേറ്റുകളിലും ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇക്വഡോർ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലും ഇവയ്ക്ക് വിലക്കുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |