
ബൊഗോട്ട: വടക്കുകിഴക്കൻ കൊളംബിയയിൽ ചെറുവിമാനം തകർന്ന് യുവ എം.പി അടക്കം 15 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം, ബുധനാഴ്ച രാവിലെ 11.54ന് നോർത്ത് സാൻതാൻഡറിലാണ് സംഭവം. കുകുട്ട പട്ടണത്തിൽ നിന്ന് പറന്നുയർന്ന സതേന എയർലൈൻസിന്റെ ബീച്ച്ക്രാഫ്റ്റ് ഇരട്ട എൻജിൻ വിമാനം 12 മിനിറ്റിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. എയർ ഫോഴ്സിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ പർവ്വത പ്രദേശത്ത് തകർന്ന നിലയിൽ കണ്ടെത്തി. രണ്ട് ജീവനക്കാരും 13 യാത്രക്കാരുമാണുണ്ടായിരുന്നത്. നോർത്ത് സാൻതാൻഡറിൽ നിന്നുള്ള പാർലമെന്റ് അംഗവും മനുഷ്യാവകാശ ആക്ടിവിസ്റ്റുമായ ഡിയോജീൻസ് ക്വിന്റേറോയും (36) കൊല്ലപ്പെട്ടു. വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായ കാർലോസ് സാൽസെഡോയും മരിച്ചു. പ്രദേശത്തെ മോശം കാലാവസ്ഥയാകാം അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |