SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.33 PM IST

ഇസ്‌താംബുളിലെ പ്ലേഗ് ഐലൻഡ്

Increase Font Size Decrease Font Size Print Page
pic

ഇസ്താംബുൾ: സി.ഇ 540. തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്താംബുൾ അന്ന് അറിയപ്പെട്ടിരുന്നത് കോൺസ്റ്റാന്റിനോപ്പിൾ എന്നായിരുന്നു. ലോകം കണ്ട ഏറ്റവും ഭീകരമായ മഹാമാരി ' ബ്ലാക്ക് ഡെത്ത് ' എന്ന പ്ലേഗ് കോൺസ്റ്റാന്റിനോപ്പിൾ നഗരത്തെയും വിറപ്പിച്ചിരുന്നു. ദിവസവും ആയിരക്കണക്കിന് മനുഷ്യർ മരിച്ചു വീണു. 16ാം നൂറ്റാണ്ടിൽ മറ്റൊരു രോഗവും കോൺസ്റ്റാന്റിനോപ്പിളിൽ പടർന്നുപിടിച്ചതോടെ ചിലർ നഗരത്തിൽ നിന്നും പലായനം ചെയ്തു. ഇസ്താംബുളിൽ നിന്നും 90 മിനിട്ട് ബോട്ട് യാത്രയിലൂടെ എത്താവുന്ന ' പ്രിൻസ് ഐലൻഡ്സ്" എന്ന കൊച്ചു ദ്വീപിലേക്കാണ് പലായനം ചെയ്തവർ എത്തിയത്. ഇതോടെ പ്ലേഗ് ഐലൻഡ് എന്നും പ്രിൻസ് ഐലൻഡ്സ് അറിയപ്പെട്ടു തുടങ്ങി. മർമറാ കടലിൽ സ്ഥിതി ചെയ്യുന്ന ഒമ്പത് ചെറുദ്വീപുകൾ ചേർന്ന ശാന്തമായ ദ്വീപാണ് പ്രിൻസ് ഐലൻഡ്സ്. ഇസ്താംബുളിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് മനോഹരമായ ഭൂപ്രദേശം. ദ്വീപിൽ ആദ്യമായെത്തുന്നവർക്ക് തങ്ങൾ ഒരു നൂറ്റാണ്ട് പിന്നിലേക്ക് സഞ്ചരിച്ചതായുള്ള പ്രതീതിയാണുണ്ടാകുന്നത്. ഇസ്താംബുളിൽ തിരക്കിട്ടോടുന്ന കാറുകളെ പ്രിൻസ് ദ്വീപിൽ കാണാനാകില്ല. യാഥാർത്ഥ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടെത്തുന്നവരുടെ സ്വർഗമായാണ് പ്രിൻസ് ഐലൻഡ്സിനെ വിശേഷിപ്പിക്കുന്നത്. ബ്യൂയൂകദാ, ഹെയ്ബെലിയദാ എന്നീ ചെറു ദ്വീപുകളാണ് പ്രിൻസ് ഐലൻഡ്സിലെ ഏറ്റവും പ്രശസ്തമായ പ്രദേശങ്ങൾ. ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതി രമണീയമായ ദൃശ്യങ്ങളാണ് കാണാനാകുക. 19ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച മരത്തടിയാൽ നിർമിതമായ വീടുകളും ഓട്ടോമൻ സാമ്രാജ്യത്തിന്റെ പ്രൗഡി വിളിച്ചോതുന്ന വാസ്തുവിദ്യയും നമ്മെ അമ്പരപ്പിക്കും. സഞ്ചാരികൾക്ക് ഇവിടെ സൈക്കിളുകൾ ഓടിക്കുകയും നാടൻ വിഭവങ്ങൾ കഴിക്കുകയും ചെയ്യാം. ബൈസാന്റയിൻ കാലഘട്ടത്തിൽ അധികാരം നഷ്ടപ്പെട്ട രാജാക്കൻമാർ ഒളിവിൽ കഴി‌ഞ്ഞിരുന്നതിനാലാണ് ഈ ദ്വീപിന് പ്രിൻസ് ഐലൻഡ്സ് എന്ന പേര് ലഭിക്കാൻ കാരണം. പിന്നീട് ക്രിസ്റ്റ്യൻ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾ ഇവിടേക്ക് ചേക്കേറി. ചരിത്രപ്രാധാന്യമുള്ള നിരവധി മതസ്മാരകങ്ങളും ഇവിടെ കാണാം. ആറാം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ബ്യൂയൂകദായിലെ ആയാ യോർഗി ചർച്ച് ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധമാണ്. ദ്വീപിലെ ഏറ്റവും വലിയ കുന്നിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടെ നിന്നും നോക്കിയാൽ ദൂരെ ഇസ്താംബുൾ നഗരത്തിന്റെ അതിമനോഹരമായ ദൃശ്യം കാണാം. ഹെയ്ബെലിയദായിലെ പണ്ട് ഈസ്റ്റേൺ ഓർത്തഡോക്സ് ചർച്ചിന്റെ ദൈവശാസ്ത്ര വിദ്യാലയമായിരുന്ന റൂഹ്ബൻ ഒകൂലു പൈൻമരങ്ങൾക്കിടയിൽ തലയെടുപ്പോടെ നില്ക്കുന്നത് ഇന്നും കാണാം.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY