SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.13 PM IST

ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി നിക്കി ഹേലിയുടെ മകൻ

Increase Font Size Decrease Font Size Print Page
pic

വാഷിംഗ്ടൺ: യു.എസിലെ റിപ്പബ്ലിക്കൻ പാർട്ടി നേതാവും ഇന്ത്യൻ വംശജയുമായ നിക്കി ഹേലിയുടെ മകൻ നളിൻ ഹേലിയുടെ (24) ഇന്ത്യാ വിരുദ്ധ പ്രസ്താവന വിവാദത്തിൽ. ഇന്ത്യ യു.എസിന് വിശ്വസനീയമായ പങ്കാളിയല്ലെന്ന് പറഞ്ഞ നളിൻ, ഇന്ത്യൻ നേതൃത്വത്തെ വിലകുറഞ്ഞ സർക്കാർ എന്ന് പരാമർശിക്കുകയും ചെയ്തു.

ഇന്ത്യ അമേരിക്കയിലേക്ക് കുറഞ്ഞ വിലയ്ക്ക് തൊഴിലാളികളെ അയക്കുന്നെന്നും സഖ്യ കക്ഷിയെന്ന് കരുതുന്ന പല രാജ്യങ്ങളുമായുള്ള ബന്ധം യു.എസ് പുനപരിശോധിക്കണമെന്നും നളിൻ കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ നേതാവും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി നടത്തിയ പ്രസംഗത്തിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചായിരുന്നു നളിന്റെ പ്രതികരണം.

ചൈനയിൽ നിന്ന് അകലം പാലിക്കാനും ഇന്ത്യയുമായി ബന്ധം ശക്തമാക്കാനുമുള്ള യു.എസിന്റെ തീരുമാനത്തെ വിവേക് പിന്തുണയ്ക്കുന്നതാണ് വീഡിയോയിൽ. ഇന്ത്യ വിരുദ്ധ പ്രസ്താവനകളിലൂടെ ഇതിന് മുമ്പും വിവാദം സൃഷ്ടിച്ചിട്ടുള്ള നളിൻ, തന്റെ ഇന്ത്യൻ വേരുകളിൽ നിന്ന് അകലംപാലിക്കുന്നു. എച്ച് 1 ബി വിസാ പദ്ധതി നിറുത്തണമെന്നും ഇയാൾ പറയുന്നു.

സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലിയുടെ മാതാപിതാക്കൾ ഇന്ത്യയിലെ അമൃത്സറിൽ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. 1972ൽ സൗത്ത് കാരലൈനയിലാണ് നിക്കിയുടെ ജനനം. പഞ്ചാബ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു ഇവരുടെ പിതാവ് അജിത് സിംഗ് രൺധാവ. നിക്കിയുടെ അമ്മ രാജ് കൗർ രൺധാവ ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദം നേടിയിരുന്നു.

1964ൽ യൂണിവേഴ്സിറ്റി ഒഫ് ബ്രിട്ടീഷ് കൊളംബിയയിലെ സ്കോളർഷിപ്പ് ലഭിച്ചതോടെ അജിതും കുടുംബവും കാനഡയിലേക്ക് കുടിയേറി. പിഎച്ച്ഡി നേടിയ ശേഷം 1969ൽ കുടുംബം സൗത്ത് കാരലൈനയിലേക്ക് താമസം മാറ്റി. 2024 നവംബറിലെ യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ഉൾപാർട്ടി പോരിൽ (പ്രൈമറി) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നിക്കി മത്സരിച്ചിരുന്നെങ്കിലും മതിയായ പിന്തുണയില്ലാത്തതിനാൽ പോരാട്ടത്തിൽ നിന്ന് പിന്മാറിയിരുന്നു.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY