SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.20 PM IST

ബംഗ്ലാദേശിൽ ഇന്ന് ജനവിധി

Increase Font Size Decrease Font Size Print Page
pic


 ഹസീനയുടെ പതനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്
 മുൻതൂക്കം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയ്ക്ക്

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷമുള്ള ബംഗ്ലാദേശിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് ഇന്ന്. സമാധാന നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരിന്റെ 18 മാസം നീണ്ട ഭരണത്തിന് ശേഷമാണ് രാജ്യം പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ 7.30ന് തുടങ്ങുന്ന വോട്ട് വൈകിട്ട് 4.30ന് അവസാനിക്കും. പിന്നാലെ വോട്ടെണ്ണൽ തുടങ്ങും. ആദ്യ ഫലങ്ങൾ ഇന്ന് രാത്രി അറിയാം. നാളെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഏകദേശം 12.7 കോടി ജനങ്ങൾ വോട്ടിന് അർഹരാണ്.


ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) ചെയർമാനും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനുമായ താരിഖ് റഹ്‌മാന്റെ നേതൃത്വത്തിലെ സഖ്യത്തിനാണ് മുൻതൂക്കം. മുഖ്യ എതിരാളിയായ ഹസീനയുടെ അവാമി ലീഗ് പാർട്ടി മത്സരത്തിന് ഇല്ലാത്തത് ബി.എൻ.പിയ്ക്ക് ഗുണംചെയ്യും. യൂനുസ് സർക്കാർ ഭീകര വിരുദ്ധ നിയമ പ്രകാരം അവാമി ലീഗിനെ നിരോധിച്ചിരുന്നു.

അതേ സമയം,​ ഹസീന തീവ്രവാദ വിരുദ്ധ നിയമപ്രകാരം വിലക്കിയ ജമാഅത്തെ ഇസ്ലാമി പാർട്ടിയെ യൂനുസ് തിരികെയെത്തിക്കുകയും ചെയ്തു. ഹസീനയുടെ പതനത്തിന് കാരണമായ 2024ലെ പ്രക്ഷോഭത്തിന് ശേഷം വിദ്യാർത്ഥികൾ രൂപീകരിച്ച നാഷണൽ സിറ്റിസൺസ് പാർട്ടി ഇവർക്കൊപ്പം സഖ്യം ചേർന്ന് മത്സരിക്കുന്നു.


അഞ്ച് തവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹസീന പാലിച്ച മതനിരപേക്ഷ നിലപാടിന് വിരുദ്ധമായി രാജ്യത്ത് ഇപ്പോൾ ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്ക് നേരെ അക്രമ സംഭവങ്ങൾ തുടർക്കഥയായിരിക്കുകയാണ്. ആക്രമണം തടയുന്നതിൽ ഇടക്കാല സർക്കാർ പരാജയപ്പെട്ടു.

# ഹിതപരിശോധന

ഭരണഘടനാ പരിഷ്കരണം ലക്ഷ്യമിട്ടുള്ള 'ജൂലായ് ചാർട്ടർ" നടപ്പാക്കുന്നതിനായി ദേശീയ ഹിതപരിശോധനയും തിരഞ്ഞെടുപ്പിന് അനുബന്ധമായി നടക്കും. വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്നാലെ തയ്യാറാക്കിയതാണ് ജൂലായ് ചാർട്ടർ. ഭരണത്തിൽ ഉയർന്ന സ്ത്രീ പ്രാതിനിധ്യം, പ്രധാനമന്ത്രി ടേമുകൾക്ക് പരിധി, പ്രസിഡൻഷ്യൽ അധികാരത്തിന്റെ ശാക്തീകരണം, മൗലികാവകാശങ്ങളുടെ വികസനം, ജുഡിഷ്യൽ സ്വാതന്ത്ര്യം ഉറപ്പാക്കൽ തുടങ്ങി ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടം പുനർനിർമ്മിക്കാനുള്ള നിർദ്ദേശങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.


# പ്രധാന പോരാട്ടം


 ബി.എൻ.പി സഖ്യം

10 പാർട്ടികൾ

നേതാവ് - താരിഖ് റഹ്‌മാൻ


 ജമാഅത്തെ ഇസ്ലാമി സഖ്യം

11 പാർട്ടികൾ

നേതാവ് - ഷെഫീഖുർ റഹ്‌മാൻ


# പ്രധാന വിഷയങ്ങൾ

 അഴിമതി

 വിലക്കയറ്റം

 ന്യൂനപക്ഷ ആക്രമണം

 തൊഴിലില്ലായ്മ

 ക്രമസമാധാനം പുനഃസ്ഥാപിക്കൽ


# തിരഞ്ഞെടുപ്പ് പാർലമെന്റിലെ - 299 സീറ്റുകളിലേക്ക്

കേവല ഭൂരിപക്ഷം - 151


# അമ്മയുടെ പാതയിലേക്ക് താരിഖ്


രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ഖാലിദ സിയയുടെ വേർപാടിനെ തുടർന്നുള്ള സഹതാപ തരംഗം മകൻ താരിഖിന് (60) അനുകൂലമായേക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് താരിഖ് എത്തുമെന്നാണ് വിലയിരുത്തൽ. അഴിമതി അടക്കം ആരോപണങ്ങൾ നേരിട്ടിരുന്ന താരിഖ്,​ 17 വർഷം ലണ്ടനിലായിരുന്നു. ഖാലിദയുടെ നില ഗുരുതരമായതോടെ ഡിസംബറിൽ രാജ്യത്ത് തിരിച്ചെത്തി. ​ഹൃ​ദ​യ,​ ​ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഡിസംബർ 30നായിരുന്നു ഖാലിദയുടെ​ ​അ​ന്ത്യം.​

# ഹസീനയ്ക്ക് അഭയമായി ഇന്ത്യ

 2024 ജൂലായ്-ആഗസ്റ്റ് കാലയളവിൽ രാജ്യത്ത് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സർക്കാർ ജോലികളിലെ സംവരണത്തിനെതിരെ പ്രക്ഷോഭം

 2024 ആഗസ്റ്റ് 5ന് പ്രക്ഷോഭം അതിരുകടന്നു. ഹസീന രാജിവയ്ക്കണമെന്ന് സൈന്യം അന്ത്യശാസനം നൽകി. പ്രക്ഷോഭകർ വസതിയിലേക്ക് ഇരച്ചുകയറുമെന്നായതോടെ ഹസീനയ്ക്ക് രാജ്യംവിടേണ്ടി വന്നു. ഇന്ത്യയിൽ അഭയം തേടി

 ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ തയ്യാറായിട്ടില്ല

 പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്ന പേരിൽ നവംബർ 17ന് ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ആറ് അഴിമതിക്കേസുകളിലായി ഹസീനയ്ക്ക് ഇതുവരെ വിധിച്ചത് 36 വർഷം ജയിൽ ശിക്ഷ

 ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും ഹസീനയുടെ പിതാവുമായ മുജീബുർ റഹ്മാന്റെ പ്രതിമകൾ തകർക്കപ്പെട്ടു. പാഠപുസ്തകങ്ങളിൽ നിന്നും കറൻസിയിൽ നിന്നും റഹ്മാനെ സർക്കാർ ഒഴിവാക്കി

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY