
കാബൂൾ: അഫ്ഗാനിസ്ഥാനെതിരെയുള്ള സൈനിക നടപടി പാകിസ്ഥാൻ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. യുദ്ധം തുടരാനാണ് ഭാവമെങ്കിൽ പാകിസ്ഥാനെതിരെ കടുത്ത മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്. അതേസമയം, ബോർഡർ പോസ്റ്റുകൾ തകർത്തും സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള അതിർത്തി കടന്നുള്ള ഗറില്ലാ ആക്രമണങ്ങൾ നടത്തിയുമാകും അഫ്ഗാന്റെ പ്രതിരോധം കൂടുതലും. കര, വ്യോമ, നാവിക ശക്തിയിൽ പാകിസ്ഥാൻ തങ്ങളേക്കാൾ ബഹുദൂരം മുന്നിലായതിനാൽ, സമ്പൂർണ യുദ്ധം ഒഴിവാക്കാനുള്ള ചർച്ചകൾക്ക് അഫ്ഗാൻ തയ്യാറാകുമെന്ന് കരുതുന്നു.
പാക് സൈന്യത്തിന്റെ മൂന്നിലൊന്ന് ബലമേ താലിബാനുള്ളൂ. തുടർച്ചയായ യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളും അഫ്ഗാന്റെ സമ്പദ്‌വ്യവസ്ഥയേയും തകർത്തു. നിലവിൽ താലിബാൻ സൈന്യത്തിന്റെ ആയുധ ശേഖരം മൂന്ന് ഉറവിടങ്ങളിൽ നിന്നുള്ളതാണ്. മുൻ അഫ്ഗാൻ സൈന്യത്തിന്റെ അവശേഷിക്കുന്ന ആയുധങ്ങളാണ് ഇതിലൊന്ന്.
വിദേശ സേനകൾ രാജ്യത്ത് ഉപേക്ഷിച്ചതും ബ്ലാക്ക് മാർക്കറ്റിൽ നിന്ന് നേടിയ പുതിയ ആയുധങ്ങളുമാണ് മറ്റുള്ളവ. അന്താരാഷ്ട്ര പിന്തുണയുടെ അഭാവം താലിബാൻ സൈന്യത്തിലെ ആധുനികവത്കരണത്തെ പ്രതികൂലമായി ബാധിച്ചു. പാകിസ്ഥാനെതിരെ പ്രയോഗിച്ചവയിൽ ഏറെയും സങ്കീർണമല്ലാത്ത സാധാരണ ആയുധങ്ങളാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
# പാകിസ്ഥാൻ
സൈനികർ (ആക്ടീവ്) - 6,60,000
കവചിത യുദ്ധവാഹനങ്ങൾ - 6,000 +
പീരങ്കികൾ - 4,600 +
യുദ്ധവിമാനങ്ങൾ - 465
ഹെലികോപ്റ്റർ - 260
170 ആണവ പോർമുനകൾ
# അഫ്ഗാനിസ്ഥാൻ
സൈനികർ (ആക്ടീവ്) - 1,72,000
സോവിയറ്റ് കാലഘട്ട ടാങ്കുകൾ അടക്കം കവചിത യുദ്ധവാഹനങ്ങളും പീരങ്കികളുമുണ്ടെങ്കിലും കൃത്യമായി എത്രയുണ്ടെന്ന് വ്യക്തമല്ല
വ്യോമസേനയോ യുദ്ധവിമാനങ്ങളോ ഇല്ല. സോവിയറ്റ് കാലഘട്ടത്തിലുള്ള കുറഞ്ഞത്, 6 വിമാനങ്ങളും 23 ഹെലികോപ്റ്ററുകളുമുണ്ട്. എന്നാൽ ഇവ എത്രത്തോളം പ്രവർത്തനക്ഷമമെന്ന് വ്യക്തമല്ല
റഡാർ നെറ്റ്‌വർക്ക്, ആധുനിക മിസൈൽ പ്രതിരോധം തുടങ്ങിയവയുടെ അഭാവം മൂലം പാക് വ്യോമാക്രമണങ്ങളെ ചെറുക്കാനാകില്ല. പാക് എഫ് -16 യുദ്ധവിമാനം ഇന്നലെ വെടിവച്ചിട്ടെന്ന് താലിബാൻ അവകാശപ്പെട്ടെങ്കിലും സ്ഥിരീകരണമില്ല. പാകിസ്ഥാൻ തള്ളി
(ലണ്ടൻ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്‌റ്റഡീസിന്റെ കണക്ക്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |