മെക്സിക്കോ സിറ്റി: സിനിമാ ചിത്രീകരണത്തിനിടെ നടൻ അലക് ബാൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസിന് (42) ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ന്യൂമെക്സിക്കോയിലെ സാന്റഫെയിൽ ബാൾഡ്വിൻ സഹനിർമാതാവ് കൂടിയായ റസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ പ്രാദേശിക സമയം 1.30 ഓടെയായിരുന്നു സംഭവം. ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ച് കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛനായ റസ്റ്റ് എന്ന കഥാപാത്രത്തെയാണ് ബാൾഡ്വിൻ അവതരിപ്പിക്കുന്നത്. വെടിയേറ്റ ഉടനെ ഹല്യാനയെ വ്യോമമാർഗം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തെ തുടർന്ന് സിനിമാചിത്രീകരണം നിർത്തിവെച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് സാന്റാഫേ പോലീസ് അറിയിച്ചു. ഷൂട്ടിങ്ങിന് ഏത് തരം തോക്കാണ് ഉപയോഗിച്ചിരുന്നതെന്നും സംഭവമുണ്ടായത് എങ്ങനെയാണെന്നും മനസിലാക്കാൻ ബാൾഡ്വിൻ ഉൾപ്പെടെ ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്യും. ഹണ്ട് ഫോർ റെഡ് ഒക്ടോബർ, 'മിഷൻ ഇംപോസിബിൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള ബാൾഡ്വിൻ 1980 മുതൽ ടെലിവിഷൻ ചലച്ചിത്ര രംഗത്ത് സജീവമാണ്. ഇതാദ്യമായല്ല, ഷൂട്ടിംഗ് സെറ്റിൽ ഇത്തരം അപകടം നടക്കുന്നത്. 1993 ൽ പ്രശസ്ത നടൻ ബ്രൂസ് ലീയുടെ മകൻ ബ്രാൻഡൻ ലീയും 'ദി ക്രോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ സമാനമായ രീതിയിൽ വെടിയേറ്റാണ് മരണപ്പെട്ടത്. മരിക്കുമ്പോൾ 28 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |