സാന്റിയാഗോ: സ്വവർഗ വിവാഹം നിയമവിധേയമാക്കി ചിലി. ചൊവ്വാഴ്ചയാണ് രാജ്യത്തെ പാർലമെന്റിന്റെ ലോവർ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തത്. ചിലിയിൽ ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിന്റെ നിർണായക നീക്കം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം ബിൽ നിയമമാകും. ചരിത്ര പ്രധാനമായ വിധിയാണ് ഇതെന്ന് രാജ്യത്തെ പ്രധാന എൽ.ജി.ബി.ടി സംഘടനകൾ പ്രതികരിച്ചു. തുല്യ നീതിയുടെ കാര്യത്തിൽ രാജ്യം ഒരു ചുവട് കൂടി മുന്നോട്ടെന്ന് ചിലിയുടെ സാമൂഹിക വികസനവകുപ്പ് മന്ത്രി കർല റുബിലാർ പ്രതികരിച്ചു. ലോകമെമ്പാടും സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ ബില്ലിനെ സ്വാഗതം ചെയ്തു. സ്വവർഗ വിവാഹം നിയമപരമാകുന്നതിനോടൊപ്പം ദത്തെടുക്കൽ, പൂർണ്ണ പങ്കാളിയുടെ ആനുകൂല്യങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ ദമ്പതികൾക്ക് നിയമപരിരക്ഷയും ലഭിക്കുന്നതാണ്. ചിലിക്ക് പുറമെ ഉറുഗ്വേ, ബ്രസീൽ,അർജന്റീന, കൊളംബിയ, കോസ്റ്ററിക്ക എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളും സ്വവർഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |