ബാൾട്ടിമോർ : യു.എസിലെ മേരിലാൻഡിലെ ചാൾസ് കൗണ്ടിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട നാൽപ്പത്തിയൊമ്പതുകാരന്റെ ഒപ്പം പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ച. ഉഗ്രവിഷമുള്ള മൂർഖൻ, റാറ്റിൽസ്നേക്ക്, ബ്ലാക്ക് മാംബ തുടങ്ങിയവ ഉൾപ്പടെ 125ഓളം പാമ്പുകളെയാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്.
വീട്ടുടമയെ പുറത്ത് കാണാതായതിനെത്തുടർന്ന് അയൽക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൃതദേഹത്തിന് ചുറ്റുമായിട്ടാണ് 125 പാമ്പുകളെ കണ്ടെത്തിയത്. 14 അടി നീളമുള്ള മഞ്ഞ നിറത്തിലെ കൂറ്റൻ ബർമീസ് പെരുമ്പാമ്പും ഇതിൽപ്പെടുന്നു.
ഇയാളുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ പൊലീസ് പാമ്പുകളെയെല്ലാം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്. കൂട്ടിലടച്ച നിലയിൽ കണ്ടെത്തിയ പാമ്പുകളെ മരിച്ചയാൾ വളർത്തിയിരുന്നതാണെന്നും അയാളുടെ മരണം പാമ്പുകടിയേറ്റല്ലെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |