റിയോ ഡി ജനീറോ : ഹോട്ട് എയർ ബലൂണുകളെ പറ്റി കേട്ടിട്ടില്ലേ. ആകാശത്ത് പറന്ന് ഭൂമിയിലെ അതിമനോഹരമായ കാഴ്ചകൾ കാണുന്നതിനുള്ള ഹോട്ട് എയർ ബലൂൺ യാത്രയ്ക്ക് ആരാധകർ എറെയാണ്. എന്നാൽ, ഈ ഹോട്ട് എയർ ബലൂണുകളുടെ സഹായത്തോടെ വ്യത്യസ്തമായ ഒരു ലോക റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് റാഫേൽ സുഗ്നോ ബ്രിഡി ( 34 ) എന്ന ബ്രസീലുകാരൻ.
59 അടി അകലത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്ക് ഇടയിൽ കെട്ടിയ കയറിലൂടെ ആകാശത്ത് കൂടി നടന്നാണ് റാഫേലിന്റെ അതിസാഹസിക പ്രകടനം. താഴേക്ക് നോക്കിയാൽ തന്നെ തലകറങ്ങും.! അതും ചെറിയ ഉയരത്തിലൊന്നുമല്ലായിരുന്നു റാഫേലിന്റെ നടത്തം.ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ രണ്ടിരട്ടി ഉയരത്തിലായിരുന്നു ബലൂണുകളുടെയും കയറിന്റെയും സ്ഥാനം. അതായത്, 6,326 അടി ഉയരം. നടത്തം വിജയകരമായതോടെ റാഫേൽ ഗിന്നസ് ബുക്കിലും ഇടംനേടി.
ബ്രസീലിലെ സാന്റാ കാതറീനയിൽ പ്രയ ഗ്രാൻഡെയിൽ വച്ചായിരുന്നു റാഫേലിന്റെ പ്രകടനം. റാഫേലിന്റെ ആകാശ നടത്തത്തിന്റെ വീഡിയോ അടുത്തിടെ ഗിന്നസ് വേൾഡ് റെക്കോഡ്സ് പങ്കുവയ്ക്കുകയും അത് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |