ലണ്ടൻ : ഇഷ്ടപ്പെട്ടയാളെ സ്വന്തമാക്കാൻ എന്തു ത്യാഗവും സഹിക്കാൻ തയ്യാറാവുന്നത് വളരെ പുതുമയുള്ള കാര്യമല്ല. എന്നാൽ ഇക്കാര്യത്തിൽ എല്ലാവരേയും കടത്തി വെട്ടിയിരിക്കുകയാണ് 40 കാരിയായ യു.കെ സ്വദേശി ഡെബോറ ഹോഡ്ജ്. സ്വന്തം പൂച്ചയെ കല്ല്യാണം കഴിച്ചതിന്റെ പേരിൽ ശ്രദ്ധ നേടുകയാണ് ഈ യുവതി. ഈ തീരുമാനത്തിന് പിന്നിൽ ഒരു കാരണവുമുണ്ട്. തന്റെ പൂച്ചയെ വീട്ടിൽ വളർത്തുന്നത് സംബന്ധിച്ച് വീട്ടുടമസ്ഥനുമായി തർക്കമുണ്ടായി. ഡെബോറയുടെ രണ്ട് ഹസ്കികളെയും ഒരു പൂച്ചയെയും വീട്ടുടമസ്ഥരുടെ നിർബന്ധ പ്രകാരം വർഷങ്ങൾക്കു മുൻപ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നു. ഇനിയും അത്തരമൊരു വേർപിരിയൽ സാദ്ധ്യമല്ലാത്തതിനാലാണ് തന്റെ ഓമനയായ പൂച്ചയെ വിവാഹം കഴിക്കാൻ അവർ തീരുമാനിച്ചത്. ഇന്ത്യയെന്നാണ് ഡെബോറയുടെ പൂച്ചയുടെ പേര്. ഇന്ത്യയും ഡെബോറയും വിവാഹ വസ്ത്രങ്ങളണിഞ്ഞ് യു.കെയിലെ ഒരു പാർക്കിൽ വിവാഹിതരായതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.തനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല, എന്നാൽ നേടാനുണ്ട്. അതിനാൽ ഞാൻ എന്റെ പൂച്ചയെ വിവാഹം കഴിച്ചുവെന്നാണ് ഇവർ പറയുന്നത്. ഒരാളും തന്നെയും ഇന്ത്യയെയും ഒരിക്കലും വേർപെടുത്താൻ സമ്മതിക്കില്ലെന്ന് വിവാഹ സമയത്ത് അവർ പ്രതിജ്ഞ ചൊല്ലിയെന്നും ഡെബോറ കൂട്ടിച്ചേർത്തു. തന്റെ മക്കൾ കഴിഞ്ഞാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്ത്യയാണെന്നും ഡെബോറ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |