കീവ് : പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതി വാതകം വിതരണം ചെയ്യുന്നത് നിറുത്തി റഷ്യ. റഷ്യൻ ഭരണകൂടത്തിന് കീഴിലുള്ള ഗ്യാസ്പ്രോം കമ്പനി ഇന്നലെ മുതൽ തങ്ങളുടെ രാജ്യങ്ങളിലേക്കുള്ള പ്രകൃതി വാതക വിതരണം നിർത്തി വയ്ക്കുകയാണെന്ന് അറിയിച്ചതായി പോളിഷ്, ബൾഗേറിയൻ പ്രതിനിധികൾ പറഞ്ഞു. റഷ്യൻ കറൻസിയായ റൂബിളിൽ പണം അടച്ചില്ലെങ്കിൽ വാതക വിതരണം നിറുത്തുമെന്ന് റഷ്യ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതാണ് വാതക വിതരണം നിറുത്താൻ കാരണം.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ തുടർന്ന് തകർന്നടിഞ്ഞ റൂബിളിനെ ഉയർത്തിയെടുക്കാനാണ് വാതകത്തിന് റൂബിളിൽ തന്നെ പണമടയ്ക്കണമെന്ന നിബന്ധന റഷ്യ മുന്നോട്ട് വച്ചിരിക്കുന്നത്. വാതകത്തിന് റൂബിൾ നൽകേണ്ടി വരുന്നതോടെ റൂബിളിന്റെ ആവശ്യം വർദ്ധിക്കുകയും ഇത് റൂബിളിന്റെ മൂല്യം ഉയർത്താൻ കാരണമാവുകയും ചെയ്യും.
വിലക്കയറ്റം ഉൾപ്പെടെ റഷ്യൻ വിപണി നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇതിലൂടെ സാധിക്കും. കൂടുതൽ രാജ്യങ്ങളിലേക്ക് പ്രകൃതി വാതക വിതരണം റഷ്യ നിറുത്തിയാൽ യൂറോപ്പിൽ ഊർജ പ്രതിസന്ധിയ്ക്ക് ഇടയാക്കും.
അതേ സമയം, യുക്രെയിനിൽ ഇടപെടാൻ ഏതെങ്കിലും രാജ്യം ശ്രമിക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ റഷ്യയിൽ നിന്ന് വേഗത്തിലുള്ള പ്രതികരണമുണ്ടാകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകി. 287 ബ്രിട്ടീഷ് എം.പിമാർ രാജ്യത്ത് പ്രവേശിക്കുന്നതിന് റഷ്യ വിലക്കേർപ്പെടുത്തി.
മോൾഡോവയിലെ റഷ്യൻ അനുകൂല വിമത മേഖലയായ ട്രാൻസ്നിസ്ട്രിയയിൽ യുക്രെയിനിൽ നിന്ന് ഷെല്ലാക്രമണം ഉണ്ടായെന്ന് ആരോപണമുണ്ട്. യുക്രെയിനിൽ നിന്നുള്ള ഡ്രോണുകൾ കണ്ടെത്തിയെന്നും പ്രദേശത്തെ ആഭ്യന്തരമന്ത്രാലയം പറഞ്ഞു. ഡോൺബാസിലെ സറിൻ, നൊവൊടോഷ്കിവ്സ്ക് നഗരങ്ങൾ റഷ്യ പിടിച്ചെടുത്തെന്ന് യുക്രെയിൻ അറിയിച്ചു. ഖേഴ്സണെ മുഴുവനായി തങ്ങളുടെ സേന യുക്രെയിനിൽ നിന്ന് വിമോചിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുക്രെയിനിലെ ഒഡേസയിൽ അയൽ രാജ്യമായ റൊമേനിയയുമായി ബന്ധിപ്പിക്കുന്ന റെയിൽവേ പാലം റഷ്യ തകർത്തു. തെക്ക് കിഴക്കൻ സെപൊറീഷ്യയിൽ റഷ്യയുടെ കാലിബർ ക്രൂസ് മിസൈൽ ആക്രമണത്തിൽ യുക്രെയിന്റെ ആയുധ സംഭരണ കേന്ദ്രം തകർന്നു.
അതേ സമയം, യുക്രെയിൻ സന്ദർശനത്തിന് ശേഷം യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടെറെസ് ഇന്നലെ യുക്രെയിനിലെത്തി. യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബ എന്നിവരുമായി ഗുട്ടെറെസ് ഇന്ന് ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |