മയാമി : വീടിന് സമീപത്തെ കുളത്തിൽ കാൽവഴുതി വീണ വൃദ്ധയ്ക്ക് രണ്ട് ചീങ്കണ്ണികളുടെ ആക്രമണത്തിൽ ദാരുണാന്ത്യം. യു.എസിലെ ഫ്ലോറിഡയിലെ എൻഗിൾവുഡിലാണ് സംഭവം. പ്രാദേശിക സമയം, വെള്ളിയാഴ്ച രാത്രി 7.47 ഓടെയാണ് ബോക റോയൽ ഗോൾഫ് ആൻഡ് കൺട്രി ക്ലബിലെ ഗോൾഫ് കോഴ്സിന് സമീപമുള്ള കുളത്തിൽ വൃദ്ധ വീണതെന്ന് സരസോട്ട കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മുങ്ങിത്താഴാതിരിക്കാൻ ശ്രമിക്കുന്നതിനെ വൃദ്ധയെ ചീങ്കണികളെത്തി വെള്ളത്തിനടിയിലേക്ക് കടിച്ചുകൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നാലെ വിദഗ്ദ്ധരെത്തി ചീങ്കണ്ണികളെ കുളത്തിൽ നിന്ന് പിടികൂടി.
ഫ്ലോറിഡയിലെ തന്നെ ലാർഗോയിൽ മേയിൽ 47കാരൻ ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ ഫ്ലോറിഡയിൽ പ്രതിവർഷം ശരാശരി എട്ട് പേർ വീതമാണ് ചീങ്കണ്ണികളിൽ നിന്ന് ഗുരുതരമായ അപ്രതീക്ഷിത ആക്രമണങ്ങൾ നേരിട്ടത്. 1948നും 2021നും ഇടയിൽ 26 പേരാണ് ഫ്ലോറിഡയിൽ ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ധാരാളം ചീങ്കണ്ണികളും പെരുമ്പാമ്പുകളുമുള്ള പ്രദേശമാണ് ഫ്ലോറിഡ. ഫ്ലോറിഡയിലെ സ്വിമ്മിംഗ് പൂളുകളിൽ ചീങ്കണ്ണികളെ കണ്ടെത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഏകദേശം 1.3 ദശലക്ഷം ചീങ്കണ്ണികൾ ഫ്ലോറിഡയിലുണ്ടെന്നാണ് കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |