ന്യൂയോർക്ക് : ബേക്കറികളിൽ പലരുടെയും ഇഷ്ട ഇനങ്ങളിൽ ഒന്നാണ് പോപ്സിക്കിൾ അഥവാ ഐസ് കാൻഡി. വിവിധ ഫ്ലേവറുകളിലുള്ള ഈ ഐസ് ബാറുകളുടെ രുചി ഒന്ന് വേറെ തന്നെ. ചൂട് കാലാവസ്ഥയിൽ നിന്ന് അല്പം ആശ്വാസം കണ്ടെത്താൻ പോപ്സിക്കിൾ നമ്മെ സഹായികുന്നു.
നോൺ - വെജ്, ജങ്ക് ഫുഡ് പ്രേമികൾക്കിടെയിലെ ഇഷ്ടപ്പെട്ട ഓപ്ഷനുകളിലൊന്നാണ് ഹോട്ട് ഡോഗ്. രണ്ട് ബണ്ണുകൾക്കിടെയിൽ സോസേജ്, മയണൈസ്, യെല്ലോ മസ്റ്റാർഡ് എന്നിവയൊക്കെ ചേർത്താണ് ബർഗറിനോട് സാമ്യമുള്ള അമേരിക്കക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡുകളിലൊന്നായ ഹോട്ട് ഡോഗിനെ തയാറാക്കുന്നത്.
പോപ്സിക്കിളും ഹോട്ട് ഡോഗും രണ്ട് വ്യത്യസ്ത രുചികളിലുള്ളവയാണ്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് വന്നാൽ എങ്ങനെയിരിക്കും എന്ന് ആലോചിച്ചു നോക്കൂ. ചിലർക്ക് വിചിത്രമായി തോന്നാമെങ്കിലും അത്തരം ഒരു ഉത്പന്നം വിപണിയിലെത്തിച്ചിരിക്കുകയാണ് അമേരിക്കൻ കമ്പനിയായ ഓസ്കാർ മേയർ. ഹോട്ട് ഡോഗ് ഫ്ലേവറിലെ പോപ്സിക്കിൾ.!
' കോൾഡ് ഡോഗ് " എന്ന് പേരിട്ടിരിക്കുന്ന പോപ്സിക്കിൾ 2 ഡോളർ നിരക്കിൽ യു.എസിലെ ന്യൂയോർക്ക് സിറ്റി, അറ്റ്ലാൻഡ, ന്യൂഓർലീൻസ്, ലോംഗ് ബീച്ച് തുടങ്ങിയ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് ലഭിക്കുക. കാഴ്ചയിൽ മസ്റ്റാർഡ് പുരട്ടിയ ഹോട്ട് ഡോഗിനെ ഓർമിപ്പിക്കുന്നതാണ് പോപ്സിക്കിളിന്റെ രൂപം.
ഫ്രോസൻ ഡെസേർട്ട് കമ്പനിയായ പോപ്പ്ബാറുമായി സഹകരിച്ചാണ് ഓസ്കാർ മേയർ ഈ പോപ്സിക്കിൾ നിർമ്മിച്ചിരിക്കുന്നത്. 2019ൽ ഹോട്ട് ഡോഗ് ഫ്ലേവറിലെ ഐസ്ക്രീ സാൻഡ്വിച്ച് ഓസ്കാർ മേയർ പുറത്തിറക്കിയിരുന്നു. അടുത്തിടെ, അമേരിക്കൻ കമ്പനിയായ ഫ്രഞ്ച്സ് ടൊമാറ്റോ കെച്ചപ്പ് കൊണ്ട് തയാറാക്കിയ പോപ്സിക്കിൾ വിപണിയിലെത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |