ടൊറന്റോ : ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രകൃതി വിസ്മയങ്ങളിലൊന്നാണ് വടക്കേ അമേരിക്കയിലെ നയാഗ്ര വെള്ളച്ചാട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് കാനഡ - യു.എസ് അതിർത്തിയിലുള്ള നയാഗ്രയിലേക്കെത്തുന്നത്. ഇപ്പോഴിതാ നയാഗ്രയുടെ വേറിട്ട ഒരു കാഴ്ച സഞ്ചാരികൾ കണ്ടറിയാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ് അധികൃതർ.
100 വർഷങ്ങൾക്ക് മുമ്പ് നിർമ്മിക്കപ്പെട്ട ഒരു ടണൽ പൊതുജനങ്ങൾക്ക് തുറന്നതോടെയാണത്. നയാഗ്രയുടെ കനേഡിയൻ ഭാഗത്ത് വെള്ളച്ചാട്ടത്തിന് സമീപമുള്ള താഴെ ഭാഗത്തായിട്ടാണ് ഈ ടണലുള്ളത്. ഒരു പവർ സ്റ്റേഷന്റെ ഭാഗമാണ് 1905ൽ നിർമ്മിക്കപ്പെട്ട 2,198 അടി നീളമുള്ള ഈ കൂറ്റൻ ടണൽ. പവർ സ്റ്റേഷൻ പ്രവർത്തനം നിറുത്തിയതോടെ ജൂലായിലാണ് ടണൽ സന്ദർശകർക്ക് തുറന്നത്.
നയാഗ്ര നദിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്ന ഇവിടുത്തെ പവർ സ്റ്റേഷൻ 2006 വരെ പ്രവർത്തിച്ചിരുന്നു. ഈ പവർ സ്റ്റേഷനും അവിടുത്തെ കൂറ്റൻ ജനറേറ്ററുകളും സഞ്ചാരികൾക്ക് കാണാം. ഗ്ലാസ് എലവേറ്റർ വഴിയാണ് സഞ്ചാരികളെ ടണലിന്റെ ഉള്ളിലേക്കെത്തിക്കുന്നത്. ടണൽ അവസാനിക്കുന്നയിടത്ത് നിന്നാൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ കാഴ്ച കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |