കാബൂൾ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ ചൈനീസ് വ്യവസായികൾ താമസിക്കുന്ന ഹോട്ടലിൽ വെടിവയ്പ്. താലിബാൻ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് അക്രമികൾ കൊല്ലപ്പെട്ടെന്നും ഒരാളെ പിടികൂടിയെന്നും കാബൂൾ പൊലീസ് അറിയിച്ചു.
ഹോട്ടലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപെടുത്തിയെന്നും വിദേശികളാരും കൊല്ലപ്പെട്ടിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ, ഹോട്ടലിന്റെ ജനാല വഴി ചാടി രക്ഷപെടാൻ ശ്രമിച്ച രണ്ട് വിദേശികൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ ഷഹ്ർ ഇ നവ് മേഖലയിലെ ' കാബൂൾ ലോങ്കൻ " ഹോട്ടലിന് നേരെയാണ് സായുധ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ചൈനയിൽ നിന്ന് അഫ്ഗാനിസ്ഥാനിലെത്തുന്ന പലരും ഈ ഹോട്ടലാണ് താമസത്തിന് തിരഞ്ഞെടുക്കുന്നത്.
ഹോട്ടലിൽ നിന്ന് നിരവധി വെടിയൊച്ചകളും സ്ഫോടനശബ്ദങ്ങളും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞെത്തിയ താലിബാന്റെ സുരക്ഷാ സേന മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഹോട്ടലിൽ നിന്ന് വ്യാപകമായി പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |