ബീജിംഗ് : ദിനോസറിന്റെ തലയും പക്ഷിയുടെ ശരീരവുമുള്ള വിചിത്ര ജീവിയുടെ ഫോസിൽ കണ്ടെത്തി ചൈനീസ് ഗവേഷകർ. വടക്കൻ ചൈനയിൽ നിന്നാണ് 120 ദശലക്ഷം പഴക്കമുള്ള ഈ ഫോസിൽ കണ്ടെത്തിയത്. ഇന്നത്തെ പക്ഷികളുടെ പരിണാമ പ്രക്രിയയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഈ ഫോസിലിലൂടെ ലഭിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ' ക്രാറ്റൊനാവിസ് ഷുയി " എന്ന് പേരിട്ടിരിക്കുന്ന ഈ ജീവിക്ക് തോളെല്ലും നഖങ്ങളുമുണ്ട്. അസാധാരണമായ വലിപ്പമുള്ള തല ടൈറനോസോറസ് റെക്സ് അഥവാ ടി - റെക്സ് ഉൾപ്പെടെയുള്ള മാംസഭുക്കുകളായ ദിനോസർ സ്പീഷീസുകളുമായി സാമ്യമുള്ളതാണെന്ന് ചൈനീസ് അക്കാഡമി ഒഫ് സയൻസസ് പറയുന്നു. ജീവിയുടെ തല ഗവേഷകർ സി.ടി സ്കാന് വിധേയമാക്കുകയും അതിന്റെ തലയോട്ടിയുടെ രൂപം ഡിജിറ്റലായി പുനർനിർമ്മിക്കുകയും ചെയ്തു. ദിനോസർ കുടുംബത്തിൽപ്പെട്ട പറക്കാൻ കഴിയുന്ന ജീവികളായ ആർക്കിയോപ്റ്റെറിക്സ്, ഓർണിതോതൊറേസസ് എന്നിവയ്ക്കിടെയിലുള്ള ജീവിയാകാം ഇതെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |