സംസ്ഥാനത്തെ 35 കുടുംബക്കോടതികളിൽ വർഷം തോറും 50,000 പുതിയ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. കെെക്കുഞ്ഞുങ്ങളുമായി കോടതിയിലെത്തുന്ന അമ്മമാരുടെ എണ്ണത്തിലും ക്രമാതീതമായ വർദ്ധനയുണ്ട്. എന്നാൽ പലയിടത്തും അമ്മമാർക്കും കുഞ്ഞുങ്ങൾക്കും മതിയായ വിശ്രമസൗകര്യം പോലുമില്ല. പ്രാഥമിക സൗകര്യങ്ങളും നന്നേ കുറവ്. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ കുടുംബക്കോടതികൾ സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ്. സർക്കാരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന ഭാവത്തിലുമാണ്. മലപ്പുറമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിൽ.
സംസ്ഥാനത്തെ കുടുംബക്കോടതികളിൽ ശിശുസൗഹൃദാന്തരീക്ഷം വളരെ കുറവാണെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ കണ്ടെത്തൽ. മഹാരാഷ്ട്ര, കർണാടക, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേരളത്തെ അപേക്ഷിച്ച് മുന്നിലാണ്. കോഴിക്കോട്ടും എറണാകുളത്തുമാണ് ഭേദപ്പെട്ട സ്ഥിതിയുള്ളത്.
ശുചിമുറികളുടെ അവസ്ഥ പലയിടത്തും പരിതാപകരമാണ്. മുലയൂട്ടൽ, കൗൺസലിംഗ് മുറികളിലും സൗകര്യങ്ങളും സജ്ജീകരണങ്ങളും കുറവാണ്. ഏറ്റുമാനൂർ കുടുംബക്കോടതിയിൽ പ്രിൻസിപ്പൽ കൗൺസിലറുടെ കൗൺസലിംഗ് മുറിയിൽ കഷ്ടിച്ച് രണ്ടുപേർക്ക് ഇരിക്കാനുള്ള സൗകര്യമേയുള്ളൂ. തലസ്ഥാനത്ത് നാല് കുടുംബക്കോടതികളിലും സജ്ജീകരിച്ച കൗൺസലിംഗ് മുറികളില്ല. ഭരണസിരാ കേന്ദ്രത്തിലാണ് ഈ സ്ഥിതി. കൊല്ലം ടൗൺ കോടതിയിലെ കൗൺസലിംഗ് മുറിക്ക് സ്വകാര്യതയുമില്ല. കൗൺസലിംഗിൽ പങ്കെടുക്കുന്നവർക്ക് കാര്യങ്ങൾ തുറന്നുപറയാനാകുന്നില്ല. വ്യക്തി, കുടുംബപരമായ കാര്യങ്ങൾ പറയാൻ സ്വകാര്യത ലഭിക്കേണ്ടത് അവകാശമല്ലേ? കൊട്ടാരക്കര കുടുംബക്കോടതിയിൽ ഫീഡിംഗ് മുറിയുണ്ടെങ്കിലും സ്ഥലം പരിമിതമാണ്. പരവൂർ കോടതിയിൽ വെെദ്യുതി തടസപ്പെടുമ്പോൾ കൗൺസലിംഗ് മുറികളിൽ വെളിച്ചമുണ്ടാകാറില്ല. വെെദ്യുതി വരുന്നതും കാത്തിരിക്കണം.
വേണ്ടത്ര ജഡ്ജിമാരില്ലാത്തതും മറ്റു പല കാരണങ്ങളും കോടതിയുടെ പ്രവർത്തത്തെ ബാധിക്കുന്നുണ്ട്. പത്തനംതിട്ട കോടതിയിൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് സിറ്റിംഗ് നടക്കുന്നില്ലെന്നും ബാലാവകാശ കമ്മിഷന്റെ റിപ്പോർട്ടിലുണ്ട്. ഒരു ജഡ്ജി മാത്രമായതിനാൽ തിരുവല്ല, അടൂർ കോടതികളിൽ ദിവസേന സിറ്റിംഗില്ലാത്തത് കേസുകളുടെ തീർപ്പിനെ ബാധിക്കുന്നു. അർഹമായവർക്ക് നീതി കിട്ടാൻ വെെകുന്ന സാഹചര്യമാണുള്ളത്. കുട്ടികൾക്ക് സുരക്ഷിതമായി ഇരിക്കാനിടമില്ല. വടകരയിലും മലപ്പുറത്തും പുതിയ കുടുംബക്കോടതി സമുച്ചയങ്ങൾ താമസിയാതെ വരുമെന്നാണ് വിവരം. ഒരു കോടതി മാത്രമാണ് കാസർകോട്ടുള്ളത്. കാഞ്ഞങ്ങാട്ട് ഇടവിട്ട് സിറ്റിംഗ് നടത്താറാണ് പതിവ്. നോർവെ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ് ഉൾപ്പെടെയുള്ള സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ കുടുംബക്കോടതികൾക്കും കുട്ടികളുടെ കേസുകൾക്കും പ്രാധാന്യവും മുൻഗണനയും നൽകുന്നു. കസ്റ്റഡി വിചാരണയിൽ പോലും കുട്ടികളുടെ അഭിപ്രായം കോടതി കേൾക്കാറുണ്ട്. വിവാഹ മോചനക്കേസുകളും മറ്റും കുട്ടികളെ ബാധിക്കുന്നത് എങ്ങനെയെന്ന് പഠിക്കാൻ മന:ശാസ്ത്രജ്ഞരെയും വിദ്യാഭ്യാസ വിദഗ്ദ്ധരെയും മറ്റും ഉൾപ്പെടുത്തി ഗവേഷണങ്ങൾ നടക്കാറുണ്ട്. ഇതിൽ കണ്ടെത്തുന്ന വിവരങ്ങൾ ജഡ്ജിമാരും പഠിക്കുന്നു. സ്വാഭാവികമായും അവരുടെ വിധികൾ കുട്ടികൾക്ക് കൂടുതൽ പ്രയോജനപ്രദമാകുന്നു. കുട്ടികളുടെ ക്ഷേമത്തിനായും പഠനങ്ങൾ നടത്തുന്നുണ്ട്. വിവാഹ മോചിതരുടെ മക്കൾക്ക് സബ്സിഡിയും മറ്റു ധനസഹായങ്ങളും നൽകുന്നതാണ് മറ്റൊരു സവിശേഷത.
ബാലസൗഹൃദമാകണം
നമ്മുടെ കോടതികൾ
വിവാഹമോചനക്കേസ് നടത്തുന്ന രക്ഷിതാക്കളുടെ മക്കൾ കടുത്ത മാനസിക പ്രശ്നങ്ങൾ നേരിടുന്നുവെന്നും ബാലാവകാശ കമ്മിഷൻ പഠനത്തിലുണ്ട്. കോടതി നിർദ്ദേശപ്രകാരമല്ലാതെ കുട്ടികളെ കോടതികളിൽ കൊണ്ടുപോകുന്നവർ 52 ശതമാനമാണ്. കുട്ടികളെ നോക്കാൻ വീട്ടിൽ ആളില്ലാത്തതിനെ തുടർന്നാണിത്. കോടതിയിലെത്തുന്ന കുട്ടികളിൽ ഭൂരിഭാഗം പേരിലും അവിടുത്തെ സാഹചര്യം പ്രതികൂലമായ മാനസികാവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇരിക്കാൻ പോലും സൗകര്യമില്ലാതെ ഏറെ നേരം കാത്തുനിൽക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കുട്ടികളെ ബാധിക്കുന്നുണ്ട്.
കോടതികളിൽ നിന്നും കുട്ടികളിൽ നിന്നും വിവരം ശേഖരിച്ചും കമ്മിഷന് ലഭിച്ച പരാതികൾ വിശകലനം ചെയ്തുമായിരുന്നു ബാലാവകാശ കമ്മിഷന്റെ പഠനം. കേസിനു മുമ്പേ രക്ഷിതാക്കൾ മാറിത്താമസിക്കുന്നുവെന്നും കണ്ടെത്തി. ഇതേ തുടർന്നുള്ള സാമ്പത്തിക പ്രശ്നത്തിൽ ഫീസ്, യൂണിഫോം, പുസ്തകം തുടങ്ങിയവ പോലും കിട്ടാതാകുന്നു. കുട്ടികളുടെ സംരക്ഷണത്തെച്ചൊല്ലി മാതാപിതാക്കൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളും അവരിൽ ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നു.
പിഞ്ചുകുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് കോടതികളിൽ പലപ്പോഴും ശുദ്ധജലം പോലും കിട്ടുന്നില്ല. വിശ്രമിക്കാനോ ഭക്ഷണം കഴിക്കാനോ മുലയൂട്ടാനോ സൗകര്യമില്ല. കോഴിക്കോട്, എറണാകളം, പരവൂർ, ചവറ കോടതികളേ ബാലസൗഹൃദമായിട്ടുള്ളൂ. വേർപിരിഞ്ഞതിനു ശേഷം 57 ശതമാനം മാതാപിതാക്കൾ കുട്ടികളെ കാണാൻ പോകാറില്ല.
മണിക്കൂറുകളോളം കോടതിവരാന്തയിൽ കാത്തുനിൽക്കേണ്ടി വരുന്നതിനാൽ കുട്ടികൾ മൊബെെലിൽ കൂടുതൽ സമയം കളിക്കുന്നത് മൊബെെൽ അഡിക്ഷനിടയാക്കുന്നു. കോടതിപരിസരത്ത് വിനോദ, വിജ്ഞാനത്തിനും സമാധാനമായി, സുരക്ഷിതമായി ഇരിക്കാനും സൗകര്യമില്ല. അടിസ്ഥാന സൗകര്യവും അപര്യാപ്തം. ഒറ്റപ്പാലം കുടുംബക്കോടതി ഒരു പഴയ വാടകവീട്ടിലാണ്. കൗൺസലിംഗ് റൂം അടുക്കളയിലും. പ്രശ്നങ്ങൾ തുറന്നുപറയാൻ കുട്ടികൾക്കുള്ള കൗൺലിംഗ് സംവിധാനവും അപര്യാപ്തമാണ്. കുട്ടികൾക്കായി പ്രത്യേകം അഭിഭാഷകരും കൗൺസിലർമരും ഉണ്ടാകേണ്ടതുണ്ട്. വിവാഹമോചന കേസ് ഫയൽ ചെയ്ത കുടുംബങ്ങളിൽ മാതാവിനോടോ പിതാവിനോടോ കുട്ടികൾക്ക് പ്രശ്നം തുറന്നുപറയാൻ പറ്റാറില്ല. അണുകുടുംബങ്ങളിൽ മറ്റുള്ളവരുടെ പിന്തുണയും സഹായവും കിട്ടാനും പ്രയാസമാണ്. ഈ സാഹചര്യത്തിൽ പുറത്തുനിന്നുള്ള ചില ബന്ധങ്ങൾ കുട്ടികളുടെ പ്രത്യേകിച്ച് കൗമാരക്കാരുടെ ജീവിതത്തിലുണ്ടാകാനിടയുണ്ട്. ഇത് പല കുരുക്കുകളിലും ചെന്നുചാടാൻ ഇടയാക്കുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ച് സംസ്ഥാനത്തെ കുടുംബക്കോടതികളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ബാലസൗഹൃദമാകണം നമ്മുടെ കോടതികൾ.
കുട്ടികളെ കുറ്റപ്പെടുത്തുമ്പോൾ
കുട്ടികളെ കുറ്റപ്പെടുത്തുമ്പോൾ അവരിൽ ദു:ഖവും ഏകാന്തതയുമുണ്ടാകുന്നുവെന്ന് പഠനത്തിൽ പറയുന്നു. അനുസരണക്കേടും ഭയവും ഉത്കണ്ഠയുമുണ്ടാകുന്നു. പ്രശ്നങ്ങൾ തുറന്നുപറയാൻ ആളില്ലാതാകുന്നതും പ്രധാന പ്രശ്നമാണ്. ഇതെല്ലാം പരിഹരിക്കാൻ ചില നിർദ്ദേശങ്ങളും ബാലാവകാശ കമ്മിഷൻ സർക്കാരിന് നൽകിയിട്ടുണ്ട്. കോടതി പരിസരം ബാലസൗഹൃദമാക്കുക. സിറ്റിംഗ് സ്കൂളവധി ദിവസങ്ങളിലോ ശനിയാഴ്ചകളിലോ ആക്കുക. വിദഗ്ദ്ധ കൗൺസിലർമാരെ നിയോഗിക്കുക, പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുക തുടങ്ങിയവയാണ് പ്രധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |