കൊച്ചി: വാഹനാപകട നഷ്ടപരിഹാരക്കേസിൽ ആൾമാറാട്ടം നടന്നെന്ന സംശയത്താൽ വിചാരണ വീണ്ടും നടത്താൻ പാലക്കാട് മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന് (എം.എ.സി.ടി) ഹൈക്കോടതി നിർദ്ദേശം. ട്രൈബ്യൂണൽ നിർദ്ദേശപ്രകാരം നഷ്ടപരിഹാരം അനുവദിച്ച ലോക്‌അദാലത്തിന്റെ മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. അദാലത്തുകളിൽ നഷ്ടപരിഹാരത്തിനായി എത്തുന്നവർ യഥാർത്ഥ കക്ഷികളാണെന്ന് തിരിച്ചറിയാൻ നടത്തിപ്പുകാർ നടപടിയെടുക്കണമെന്നും ജസ്റ്റിസ് സി.എസ്. ഡയസ് നിർദ്ദേശിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റ മണ്ണാർകാട് സ്വദേശി വൈശാഖ് എ. നായർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി.
2017ൽ ബസിൽ സഞ്ചരിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിമുട്ടി ഗുരുതര പരിക്കേറ്റിരുന്നു. നഷ്ടപരിഹാരത്തിനായി 2018ൽ പാലക്കാട് ട്രൈബ്യൂണലിനെ സമീപിച്ചപ്പോൾ, ഹർജിക്കാരന്റെ പേരിൽ മറ്റൊരു അഭിഭാഷകൻ ഹർജി നൽകിയിരുന്നതായും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടത്തിയ ലോക്‌അദാലത്തിലെ തീർപ്പുപ്രകാരം 32,000രൂപ അനുവദിച്ചെന്നും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ചൂണ്ടിക്കാട്ടി. വീണ്ടും പണം തട്ടിയെടുക്കാനാണ് രണ്ടാമത്തെ ഹർജിയെന്നും അരോപിച്ചു. താൻ ആദ്യമായാണ് ട്രൈബ്യൂണലിനെ സമീപിക്കുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. തന്റെ പേരിൽ മുമ്പ് ഹർജി നൽകിയിട്ടുണ്ടെങ്കിൽ അതാരെന്ന് അറിയില്ലെന്നും പറഞ്ഞു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ക്ലെയിം തുക അക്കൗണ്ടിൽ നിക്ഷേപിച്ചെങ്കിലും ആരും കൈപ്പറ്റിയില്ലെന്ന് ഇൻഷ്വറൻസ് കമ്പനി അറിയിച്ചു. ആരാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രഥമദൃഷ്ട്യാ നിഗമനത്തിലെത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു ഹർജികളിലും ഒരുമിച്ച് വിചാരണ നടത്താൻ ട്രൈബ്യൂണലിനോട് ഹൈക്കോടതി നിർദ്ദേശിച്ചത്.
ക്ളെയിം തട്ടിപ്പ് തടയാൻ
സംവിധാനം ഒരുക്കണം
ട്രൈബ്യൂണലിൽ വന്ന ഹർജികളിലും ഹൈക്കോടതിയിലെ വക്കാലത്തിലും ഹർജിക്കാരന്റെ ഒപ്പുകളിൽ അന്തരമുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. ആദ്യ ഹർജി നൽകിയ അഭിഭാഷകൻ ജീവിച്ചിരിപ്പില്ലെന്നും റിപ്പോർട്ട് ലഭിച്ചു.
ആദ്യ ഹർജി സമർപ്പിച്ചതാരെന്ന് ട്രൈബ്യൂണൽ കണ്ടെത്തണം. ഹർജിക്കാരനാണ് തെറ്റുചെയ്തതെങ്കിൽ നടപടിയെടുക്കണം. നേരത്തേ അനുവദിച്ച ഇൻഷ്വറൻസ് തുക കമ്പനിക്ക് തത്ക്കാലം റീഫണ്ട് ചെയ്യണം. വിചാരണ ആറുമാസത്തിനകം തീർപ്പാക്കണം. ആദാലത്തുകളിൽ ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ തിരിച്ചറിയൽ സംവിധാനമുണ്ടാകണം. കേരള ലീഗൽ സർവീസസ് അതോറിറ്റി ഇതിനായി മാർഗനിർദ്ദേശമിറക്കണമെന്നും കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |