ഡോ. വെള്ളായണി അർജ്ജുനൻ എന്ന അസാമാന്യനായ ഗവേഷണ പ്രതിഭ വിടവാങ്ങിയിട്ട് രണ്ടു വർഷം പൂർത്തിയാകുന്നു. തിരുവനന്തപുരം ജില്ലയിൽ, വെള്ളായണി എന്ന തീരെച്ചെറിയ ഗ്രാമപ്രദേശത്തിൽ ജനിച്ച വെള്ളായണി അർജ്ജുൻ രാജ്യമാകെ അറിയപ്പെടുന്ന ധിഷണാശാലിയായ പ്രതിഭയായി പടർന്നുപന്തലിക്കുക മാത്രമല്ല, അഭൂതപൂർവമായ പല ദേശീയനേട്ടങ്ങളും കൈവരിക്കുകയും ചെയ്തു. ഗവേഷണ പ്രബന്ധങ്ങൾ സമർപ്പിച്ച് മൂന്ന് ഡി.ലിറ്റ് ബിരുദങ്ങൾ നേടിയിട്ടുള്ള മറ്രൊരാൾ രാജ്യത്തില്ലെന്നാണ് എന്റെ അറിവ്.
വെള്ളായണിയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ 1933 ഫെബ്രുവരി പത്തിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുടുംബാംഗങ്ങൾക്കൊപ്പം വെള്ളായണിയിൽത്തന്നെ തികച്ചും ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. സ്വപ്രയത്‌നത്താൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിനും അത്ഭുതമുളവാക്കുന്ന വിധത്തിൽ അത്യുന്നത ബിരുദങ്ങൾ സമ്പാദിക്കുന്നതിനും പദ്‌മശ്രീ ഡോ. വെള്ളായണി അർജുനനു സാധിച്ചു.
ഗുരുദേവന്റെ വിശ്വദർശന ചിന്തയും, മതസഹിഷ്‌ണുതയുടെയും ദേശീയോദ്‌ഗ്രഥനത്തിന്റെയും ഏക ഭാരതചിന്തയുടെയും മഹത്തായ ആശയങ്ങളും ഗുരുവിന്റെ സന്ദേശങ്ങളിൽ പ്രതിഫലിപ്പിച്ചിരിക്കുന്നതു മുഴുവൻ വളരെ വസ്‌തുനിഷ്ഠമായി ഡി.ലിറ്റിനായി സമർപ്പിച്ചിട്ടുള്ള പ്രബന്ധങ്ങളിൽ ഡോ. വെള്ളായണി അർജുനൻ പഠനവിഷയമാക്കിയിട്ടുണ്ട്.
സാഹിത്യരംഗത്ത് ഡോ. വെള്ളായണിയുടെ സംഭാവനകൾ തികച്ചും പ്രശംസനീയമാണ്. ഈ മേഖലയിൽ സ്‌തുത്യർഹമായ സേവനം അനുഷ്ഠിച്ചതു പരിഗണിച്ച് ഇന്ത്യൻ പ്രസിഡന്റ് നീലം സഞ്‌ജീവ റെഡ്ഡിയിൽ നിന്ന് ദേശീയ ബഹുമതി ഏറ്റുവാങ്ങുവാനും അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. 2008-ൽ ഇന്ത്യൻ പ്രസിഡന്റ് പ്രതിഭാ പാട്ടീലിൽ നിന്ന് പദ്‌മശ്രീ ബഹുമതിയും അദ്ദേഹം സ്വീകരിച്ചു. നിരവധി സാംസ്‌കാരിക സംഘടനകളുടെ പ്രസിഡന്റായും, 35 വർഷം തുടർച്ചയായി ശ്രീനാരായണ അക്കാഡമിയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്ന വേളയിലാണ് ഡോ. വെള്ളായണി അർജുനൻ ജീവിതത്തോട് വിടപറയുന്നത്.
ഈ ലേഖകൻ രചിച്ച 'യൂറോപ്യൻ രാജ്യങ്ങളിലൂടെ ഒരു ഉല്ലാസയാത്ര" എന്ന സഞ്ചാരസാഹിത്യ കൃതി പ്രസിദ്ധീകരിക്കുവാൻ കാരണമായത് ഡോ. വെള്ളായണി അർജ്ജുനന്റെ പ്രോത്സാഹനം കൊണ്ടു മാത്രമാണ്. സാഹിത്യരംഗത്തും വിദ്യാഭ്യാസ രംഗത്തും ഡോ. വെള്ളായണി അർജ്ജുനൻ കാഴ്ചവച്ച മഹനീയ സംഭാവനകൾ യുവതലമുറയ്ക്ക് എന്നും മാതൃകാപരമാണ്. മലയാള സാഹിത്യത്തിലെ പേരെടുത്ത സാഹിത്യകാരന്മാരെ കൂടാതെ, ഹിന്ദി മഹാകവിയും ജ്ഞാനപീഠ ജേതാവുമായ സുമിത്രാനന്ദൻ പന്ത്, ഉജ്ജയിനിയിലെ വിക്രം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ശിവമംഗള സിംഹ്, ജ്ഞാനപീഠ ജേതാവും ഒറിയ കവിയുമായ സീതാകാന്ത് മഹാപത്ര, ബംഗാളി സാഹിത്യകാരന്മാരായ താരാശങ്കർ ബാനർജി, ഡോ. സുനിതകുമാർ ചാറ്റർജി എന്നിവരുമായും ഡോ. വെള്ളായണി അർജുനന് നേരിട്ട് ചർച്ചകൾ നടത്തുന്നതിന് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സാംസ്‌കാരിക ചരിത്രത്തിൽ സ്വർണലിപികളാൽ തന്റെ സ്ഥാനം രേഖപ്പെടുത്തിയ സർഗധനനായ ഡോ. വെള്ളായണി അർജുനന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.
(തിരുവനന്തപുരം ശ്രീനാരായണ അക്കഡമി വൈസ് പ്രസിഡന്റും ലീഗൽ അഡ്വൈസറുമാണ് ലേഖകൻ. ഫോൺ: 98958 22628)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |