മാഡ്രിഡ് : സ്പാനിഷ് ചാമ്പ്യൻ ഫുട്ബാൾ ക്ളബ് ബാഴ്സലോണയുടെ വിഖ്യാതമായ പത്താം നമ്പർ കുപ്പായത്തിന് പുതിയ അവകാശിയായി കൗമാരക്കാരൻ സ്ട്രൈക്കർ ലാമിൻ യമാൽ. ഒരു കാലത്ത് പത്താം നമ്പർ കുപ്പായമണിഞ്ഞ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകളടിച്ചുകൂട്ടിയിരുന്നത് ലയണൽ മെസിയായിരുന്നു. മെസി 2021ൽ പാരീസ് എസ്.ജിയിലേക്കുപോയപ്പോൾ ഈ നമ്പർ അൻസു ഫുത്തിക്കാണ് ലഭിച്ചത്. പരിക്കും ഫോമൗട്ടും കാരണം വലഞ്ഞ അൻസു ഈ സീസണിൽ മൊണാക്കോ എഫ്.സിയിലേക്ക് ലോണടിസ്ഥാനത്തിൽ പോയപ്പോഴാണ് പത്താം നമ്പർ യമാലിലേക്കെത്തിയിരിക്കുന്നത്.
'ഞങ്ങളുടെ പത്ത് " എന്ന ക്യാപ്ഷനോടെ യമാലിനെ പത്താംനമ്പർ ജഴ്‌സിയിൽ അവതരിപ്പിക്കുന്ന വീഡിയോ ബാഴ്‌സലോണ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചു.മെസിയുടെ പിൻമുറക്കാരൻ എന്ന നിലയിലാണ് യമാലിനെ ഫുട്ബാൾ ലോകം വാഴ്ത്തുന്നത്. മെസിയെപ്പോലെ ബാഴ്സലോണയുടെ അക്കാഡമിയായ ലാ മാസിയയിൽ ചെറുപ്രായത്തിലേ എത്തിയ യമാൽ 2023ൽ 41-ാം നമ്പർ ജഴ്‌സിയണിഞ്ഞാണ് ബാഴ്സയുടെ സീനിയർ ടീമിൽ അരങ്ങേറിയത്. പിന്നീട് ജഴ്സി നമ്പർ 27 ആയി. കഴിഞ്ഞ സീസണിൽ 19-ാം നമ്പരിലാണ് കളിച്ചത്. 2005മുതൽ 2008 വരെ മെസിയുടെ ബാഴ്സയിലെ ജഴ്‌സി നമ്പറും 19 ആയിരുന്നു.
മറഡോണ, റൊണാൾഡീഞ്ഞ്യോ, റിവാൾഡോ തുടങ്ങിയവർ മെസിക്കുമുന്നേ ബാഴ്‌സയുടെ പത്താംനമ്പരിൽ മിന്നിയവരാണ്.
ഈ ജൂലായ് 13-നാണ് യമാലിന് 18 വയസ്സ് പൂർത്തിയായത്. പിറന്നാൾ ആഘോഷച്ചടങ്ങിൽ പൊക്കം കുറഞ്ഞവരെ കോമാളികളായി പങ്കെടുപ്പിച്ചു എന്ന വിവാദത്തിന്റെ നിഴലിലാണ് ഇപ്പോൾ യമാൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |