ആലുവ: എടത്തല മാളിയേക്കപ്പടി ഭാഗത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പത്ത് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാനക്കാർ പിടിയിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ ഷംസുദ്ദീൻ മൊല്ല (42), അനറുൾ ഇസ്ലാം (52) എന്നിവരെയാണ് ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അഭിദാസന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതികൾ കഞ്ചാവ് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഒരു ബൈക്കും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.
വിദ്യാർത്ഥികൾക്കിടയിൽ കഞ്ചാവ് വില്പന നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്ച മുതൽ കുഞ്ചാട്ടുകര, പൂക്കാട്ടുപടി, മാളയ്ക്കപ്പടി, കുഴുവേലിപ്പടി ഭാഗങ്ങൾ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. കിലോ 2000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്നതാണെന്നും ഏഴ് കിലോ വിറ്റതായും പ്രതികൾ എക്‌സൈസിനോട് പറഞ്ഞു.
കിലോഗ്രാം 25,000 രൂപ നിരക്കിലായിരുന്നു വില്പന. ആവശ്യക്കാർ പറയുന്ന സ്ഥലത്ത് ബൈക്കിലും സ്‌കൂട്ടറിലുമായി കഞ്ചാവ് എത്തിച്ചു കൊടുക്കും. ബാക്കിയുള്ള കഞ്ചാവ് മാളയ്ക്കപടിയിലെ വാടകവീട്ടിൽ സൂക്ഷിക്കുമെന്ന് പറഞ്ഞതിനെ തുടർന്നായിരുന്നു വീട്ടിൽ പരിശോധന. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എ.ബി. സജീവികുമാർ, ഷാഡോ ടീം അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ എം.എം. അരുൺകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.ആർ. വിഷ്ണു, രജിത്ത് ആർ. നായർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സിറ്റി പ്രദീപ്കുമാർ എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |