SignIn
Kerala Kaumudi Online
Friday, 25 July 2025 5.21 PM IST

പ്രവേശനോത്സവം നാടിന്റെ ഉത്സവം

Increase Font Size Decrease Font Size Print Page
a

ഇന്ന് അക്കാ‌ഡമിക പുതുവത്സരമാണ്. പുതുവത്സരദിനത്തിൽ സ്‌കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കേരളത്തിലുടനീളം ശക്തമായ കാലവർഷം ആരംഭിച്ചു. അതുകൊണ്ടുതന്നെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വലിയ തോതിലുള്ള സമൂഹകരുതൽ അനിവാര്യമാണ്. മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള മുൻകരുതൽ എടുക്കേണ്ട ഘട്ടമാണിത്. സ്‌കൂൾ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ഇക്കാര്യത്തിൽ യോജിച്ച പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ആരോഗ്യവകുപ്പ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ഏകോപനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും വേണം.

സ്‌കൂളിലേക്ക് കുട്ടികളെ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ രണ്ടുമാസങ്ങളിലായി അക്ഷീണം പ്രവർത്തിക്കുകയാണ്. സ്‌കൂൾ കെട്ടിടങ്ങൾ, ഫർണിച്ചറുകൾ എന്നിവയിയെല്ലാം ആവശ്യമായ അറ്റകുറ്റപണികൾ നടത്തിയിട്ടുണ്ട്. ഭൗതിക സൗകര്യ വികസന കാര്യത്തിൽ വലിയ മുന്നേറ്റമാണുണ്ടായിട്ടുള്ളത്. കിഫ്ബി ധനസഹായത്തോടെ 2600 കോടിയുടെ ഭൗതിക സൗകര്യ വികസനമാണ് നടത്തുന്നത്. ആകെ വിഭാവനം ചെയ്ത 973 സ്‌കൂൾ കെട്ടിടങ്ങളിൽ 539 കെട്ടിടങ്ങൾ നിർമ്മാണം പൂർത്തീകരിച്ചു. ഇതുകൂടാതെ പ്ലാൻ ഫണ്ട്, തദ്ദേശഭരണസ്ഥാപന ഫണ്ട്, ജനപ്രതിനിധികളുടെ ആസ്തിവികസന ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ വിനിയോഗിച്ച് നൂറുകണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ കഴിഞ്ഞ 9 വർഷത്തിനിടയിൽ പൂർത്തീകരിച്ചിട്ടുണ്ട്. ഏതാണ്ട് 5000 കോടി രൂപയ്ക്ക് അടുത്തുള്ള നിക്ഷേപമാണ് കഴിഞ്ഞ 9 വർഷത്തിലേറെയായി സ്‌കൂൾ വിദ്യാഭ്യാസരംഗത്ത് ഉണ്ടായിട്ടുള്ളത്.


പഠന പ്രവർത്തനങ്ങൾ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യാ സാദ്ധ്യതകൾ വലിയതോതിൽ പ്രയോജനപ്പെടുത്താൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. കമ്പ്യൂട്ടറുകൾ, അനുബന്ധ സാമഗ്രികൾ എന്നിവ സ്‌കൂളുകളിൽ വിന്യസിക്കുന്നതോടൊപ്പം റോബോട്ടിക് ഉപകരണങ്ങളും സ്‌കൂളുകളിൽ ലഭ്യമാക്കിയിട്ടുണ്ട് . നിർമ്മിത ബുദ്ധിയുടെ സാദ്ധ്യത ഫലപ്രദമായി വിനിയോഗിക്കാനുള്ള പരിശീലനങ്ങൾ അദ്ധ്യാപകർക്ക് നൽകിയിട്ടുണ്ട്. എല്ലാ കുട്ടികളെയും ഉൾക്കൊണ്ടുകൊണ്ടുള്ള ആധുനികവത്ക്കരണ കാര്യത്തിൽ ഏറെ മുന്നിലാണ് കേരളം.


ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ പാഠപുസ്തകങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023ന് അനുസൃതമായി മാറിയിട്ടുണ്ട്. സ്‌കൂൾ വർഷാരംഭത്തിൽ തന്നെ എല്ലാ കുട്ടികൾക്കും പാഠപുസ്തകങ്ങൾ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തീകരിച്ചു. ഒമ്പതാം ക്ലാസ് പരീക്ഷ എഴുതി പുറത്തിറങ്ങിയ ഘട്ടത്തിൽ തന്നെ പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ ഈ വർഷം മാർച്ചിൽ വിതരണം ചെയ്തിട്ടുണ്ട്. ഇതെല്ലാം കേരളത്തെ സംബന്ധിച്ച് പുത്തൻ അനുഭവങ്ങളാണ്. ഈ വർഷം സമഗ്രഗുണമേന്മാ വർഷമാണ്. കഴിഞ്ഞ അക്കാഡമിക വർഷം തന്നെ ഈ ദിശയിലേക്കുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു. ഈ വർഷം അത് കൂടുതൽ ചിട്ടപ്പെടുത്തി മികവാർന്ന രീതിയിൽ നടപ്പാക്കേണ്ടതുണ്ട്. കുട്ടികളുടെ പഠനമുന്നേറ്റം സമൂഹത്തിനുകൂടി അനുഭവവേദ്യമാകണം.


മൂല്യനിർണയ രംഗത്ത് വലിയ മാറ്റമാണ് വിഭാവനം ചെയ്യുന്നത്. കുട്ടികളുടെ അറിവും കഴിവും പ്രായത്തിനനുസരിച്ച് വികസിക്കുന്നു എന്ന് ഉറപ്പിക്കാൻ കഴിയണം. അതിനുള്ള ഒരു മാർഗമെന്ന നിലയിലാണ് മിനിമം മാർക്ക് എന്ന കാര്യം നടപ്പാക്കിയത്. എട്ടാം ക്ലാസിൽ വർഷാന്ത്യ പരീക്ഷയ്ക്ക് നടപ്പാക്കുകയും പഠനപിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് അത് നൽകി പഠനം തുടരാനുള്ള ക്രമീകരണങ്ങൾ വരുത്തിയിരുന്നു. ഇതിന് വലിയ ജനകീയ പിന്തുണയാണ് ലഭിച്ചത്. ഇത് വർഷാന്ത്യത്തിൽ നടക്കേണ്ട ഒരു പ്രക്രിയയായി പരിമിതപ്പെടുത്തരുത്. കുട്ടികളുടെ പഠനത്തിന്റെ അവിഭാജ്യഭാഗമെന്ന രീതിയിൽ തുടർപ്രക്രിയയായി മാറണം. നിരന്തര വിലയിരുത്തലിന്റെ ഭാഗമായി കുട്ടികളുടെ പഠനനില ഓരോ ഘട്ടത്തിലും പരിശോധിക്കുകയും അതത് ഘട്ടത്തിൽ തന്നെ പഠനപിന്തുണ നൽകി എല്ലാ കുട്ടികളെയും പഠനമുന്നേറ്റത്തിന് പ്രാപ്തരാക്കുകയും വേണം.


സ്‌കൂൾ വർഷാരംഭത്തിൽ ഓരോ കുട്ടിയെയും അറിയാനും പഠനത്തിൽ അവരുടെ ശക്തിയും പരിമിതിയും തിരിച്ചറിയാനും പരിമിതികൾ മറികടക്കുന്നതിനായി പഠനപിന്തുണ നൽകാനും അദ്ധ്യാപകർക്ക് കഴിയണം.

കുട്ടികൾക്കുണ്ടാകുന്ന ആകാംക്ഷ, സമ്മർദ്ദം, പിരിമുറുക്കം എന്നിവ ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മാറണം. അതിൽ ഒരിനമായാണ് സൂംബാ ഡാൻസിനെ കാണേണ്ടത്. ഇങ്ങനെ സ്‌കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും സ്‌കൂൾ അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമാക്കണം. ജൂൺ പത്തിനകം എല്ലാ വിദ്യാലയങ്ങളിലും അക്കാഡമിക മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കേണ്ടതുണ്ട്. ഇതിനെല്ലാം കഴിയും വിധം ആവശ്യമായ പരിശീലനങ്ങൾ അദ്ധ്യാപകർക്ക് അവധിക്കാലത്ത് നൽകിയിട്ടുണ്ട്. അക്കാ‌ഡമിക വർഷം ആരംഭിക്കുമ്പോൾ തന്നെ സ്ഥാപന മേധാവികളെ നിയമിക്കൽ, അദ്ധ്യാപക സ്ഥലംമാറ്റം തുടങ്ങി ഭരണപരമായി കൈക്കൊള്ളേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.
. എല്ലാ കുഞ്ഞുങ്ങളെയും ഒരിക്കൽകൂടി സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു.

TAGS: SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.