ഹരിപ്പാട്: കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ മാദ്ധ്യമ പ്രവർത്തകനും യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു.
സ്കൂൾ തകർന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് സ്കൂളിന് പുറത്തും
അകത്തുമുണ്ടായത്. മാദ്ധ്യമപ്രവർത്തകരെ സി.പി.എം പഞ്ചായത്തംഗം നിബുവിന്റെ നേതൃത്വത്തിൽ തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. രക്ഷാകർത്താക്കളും പ്രതിഷേധത്തിൽ പങ്കാളികളായി. മൂന്ന് ദിവസം മുമ്പ് വരെ, അപകടാവസ്ഥയിലായ കെട്ടിടത്തിനുള്ളിൽ ക്ലാസുകൾ നടന്നിരുന്നു.
രാവിലെ ക്ലാസ് ആരംഭിച്ചതോടെ സ്കൂൾ വളപ്പിലെ മുഴുവനാളുകളെയും പൊലീസ് പുറത്തേക്ക് നീക്കി. ബി.ജെ.പി പ്രവർത്തകരാണ് സ്കൂളിന്റെ വടക്കേ ഗേറ്റിനു മുന്നിൽ ആദ്യം പ്രതിഷേധം ആരംഭിച്ചത്. ബി.ജെ.പി. ദക്ഷിണ മേഖല പ്രസിഡന്റ് സന്ദീപ് വചസ്പതി സ്കൂളിനുള്ളിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞു. .തുടർന്ന് ബി.ജെ.പിക്കാരുടെ പ്രതിഷേധം. പിന്നീടാണ് കെ.എസ്.യു,യൂത്ത് കോൺഗ്രസ് മാർച്ച് . പ്രതിഷേധക്കാർ ഗേറ്റ് തുറന്ന് സ്കൂൾ വളപ്പിൽ കടന്നു. ഇതിനെ ചോദ്യം ചെയ്ത് സി.പി.എം. പ്രവർത്തകരും വന്നതോടെ രൂക്ഷമായ വാക്കേറ്റവും ഉന്തും തള്ളുമായി.
കുട്ടികളുടെ
ഭക്ഷണത്തിൽ മണ്ണിട്ടു
കെ.എസ്.യു പ്രവർത്തകർ കുട്ടികളുടെ ഭക്ഷണത്തിൽ മണ്ണു വാരിയിട്ടെന്ന് സി.പി.എമ്മുകാർ ആരോപിച്ചു. എന്നാൽ കാലിപ്പാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് കോൺഗ്രസുകാർ പറയുന്നു. സ്കൂളിലെ അപകടത്തിന് കാരണം കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിന്റെയും രമേശ് ചെന്നിത്തല എം.എൽ.എയുടെയും അനാസ്ഥയാണെന്ന് ആരോപിച്ച്
ഡി.വൈ.എഫ്. ഐ. എസ്. എഫ്.ഐ. സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ചു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അയവുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |