ആലപ്പുഴ: കെട്ടിടം തകർന്നുവീണ കാർത്തികപ്പള്ളി സർക്കാർ സ്‌കൂളിൽ സംഘർഷം. സ്ഥലത്തെത്തിയ മാദ്ധ്യമപ്രവർത്തകരെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തി പുറത്താക്കി. ക്ലാസുകൾ നടക്കുന്ന സമയമാണെന്നും കുട്ടികൾക്ക് പഠിക്കണമെന്നും പറഞ്ഞാണ് സിപിഎം പ്രവർത്തകർ മാദ്ധ്യമങ്ങളെ ആദ്യം സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളുമെത്തി മാദ്ധ്യമപ്രവർത്തകരോട് ദേഷ്യപ്പെടുകയായിരുന്നു.
ഇന്നലെയാണ് കാർത്തികപ്പള്ളി സർക്കാർ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നുവീണത്. അവധി ദിവസമായതിനാൽ വൻ ദുരന്തം ഒഴിവായി. തകർന്ന കെട്ടിടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുന്നില്ലെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. എന്നാൽ, ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നതായാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്. അപകടം നടന്നശേഷം സ്‌കൂൾ അധികൃതർ ഈ കെട്ടിടത്തിലുണ്ടായിരുന്ന മേശകളും ബെഞ്ചുകളും പെട്ടെന്നുതന്നെ എടുത്ത് മാറ്റുകയായിരുന്നു എന്നും നാട്ടുകാർ ആരോപിച്ചു.
സ്‌കൂളിന് 200 വർഷത്തോളം പഴക്കമുണ്ട്. തകർന്ന കെട്ടിടത്തിന് 150 വർഷത്തിലേറെ പഴക്കമുണ്ട്. ഇക്കാരണത്താൽ തന്നെ സ്‌കൂളിന് പഞ്ചായത്തിൽ നിന്ന് ഫിറ്റ്‌നസ് അനുവദിച്ചിരുന്നില്ല. രണ്ട് വർഷമായി ഫിറ്റ്‌നസ് ഇല്ലാതെയാണ് സ്‌കൂൾ കെട്ടിടം പ്രവർത്തിക്കുന്നത്. സ്‌കൂളിനായി പുതിയ കെട്ടിടം നിർമിക്കുന്നുണ്ടെങ്കിലും പഴയ കെട്ടിടത്തിൽ തന്നെയാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്.
അതേസമയം, സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ച മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മാദ്ധ്യമപ്രവർത്തകർക്കെതിരെ ആക്രോശിച്ചുകൊണ്ട് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സിപിഎം പ്രവർത്തകരും എത്തിയത്. മാദ്ധ്യമങ്ങളെ ഇറക്കിവിട്ടത് അന്വേഷിക്കുമെന്നും മാദ്ധ്യമവിലക്ക് പരിഹാരമല്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ കളക്‌ടറുടെ റിപ്പോർട്ട് തേടുമെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |