കൊച്ചി: ബണ്ട് തകർന്നതിനാൽ സ്‌കൂൾ വെള്ളത്തിലായെന്നറിയിച്ച് പ്രിൻസിപ്പൽ എഴുതിയ കത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി തുടർ നടപടികളിലേക്ക്. ആലപ്പുഴ കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളാണ് 45 ദിവസമായി വെള്ളത്തിലായത്. ബന്ധപ്പെട്ടവരുടെ യോഗം ഉടൻ വിളിച്ച് പ്രശ്നം പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജില്ല കളക്ടർക്ക് നിർദ്ദേശം നൽകി.
സ്വീകരിച്ച നടപടികൾ ജൂലായ് 31ന് അറിയിക്കണം. വിഷയത്തിൽ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. ആലപ്പുഴ ജില്ല ലീഗൽ സർവീസസ് അതോറിട്ടി നിലവിലെ സ്ഥിതി അന്വേഷിച്ച് അറിയിക്കാനും കോടതി ഉത്തരവിട്ടു.
പ്രിൻസിപ്പൽ ബി.ആർ. ബിന്ദുവാണ് സ്‌കൂളിന്റെയും കുട്ടനാട് കൈനകരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിന്റെയും ദുരവസ്ഥ ഹൈക്കോടതിയെ അറിയിച്ചത്. മേയ് 29ന് ബണ്ട് തകർന്നതിനെ തുടർന്നാണ് മൂന്നാം വാർഡും സ്‌കൂളും വെള്ളത്തിലായത്. കടൽ നിരപ്പിനു താഴെയായതിനാൽ വെള്ളക്കെട്ടിന് സാദ്ധ്യതയേറെയാണ്. പഠനം മുടങ്ങി. പൊതുജനാരോഗ്യത്തെയടക്കം ബാധിക്കുന്ന സ്ഥിതിയാണ്. പാടശേഖരസമിതിയുടെ വീഴ്ചയാണ് ബണ്ട് തകരാൻ കാരണം. ലീഗൽ സർവീസസ് അതോറിട്ടി ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ജനൽപ്പടിവരെ മുങ്ങി
90 വർഷം പഴക്കമുള്ളതാണ് കുട്ടമംഗലം എസ്.എൻ.ഡി.പി സ്‌കൂൾ. 5 മുതൽ 12-ാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികളുണ്ട്. 20 ക്ലാസ് മുറികൾ ജനൽപ്പടിവരെ വെള്ളത്തിൽ മുങ്ങി. കമ്പ്യൂട്ടർ ലാബും ലൈബ്രറിയും അടക്കം നാലു മുറികളാണ് വെള്ളം കയറാതെയുള്ളത്. ഇവിടെ ഒന്നാം വർഷ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് ഉച്ച വരെയും രണ്ടാം വർഷക്കാർക്ക് ഉച്ചകഴിഞ്ഞും ക്ലാസ് നടത്തുന്നു. മൂന്നാം വാർഡിലെ താമസക്കാർ ബന്ധുവീടുകളിലേക്ക് മാറിയിരിക്കുകയാണെന്നും കത്തിൽ ചൂട്ടിക്കാട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |