തലസ്ഥാനത്തെ തലമുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന, ജി.കെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പേട്ട ജി. കൃഷ്‌ണൻകുട്ടി വിടവാങ്ങിയിട്ട് അഞ്ചുവർഷം പിന്നിട്ടിരിക്കുന്നു. ആലപ്പുഴ ജില്ലയിലെ കായംകുളത്തുകാരനായ ജി.കെ 1947-ൽ കെ. ബാലകൃഷ്‌ണന്റെ ഇന്ദിരാ പ്രിന്റിംഗ് വർക്‌സിൽ തൊഴിലാളിയായാണ് തലസ‌്‌ഥാനത്തെത്തിയത്. പിന്നെ, പത്രാധിപർ കെ. സുകുമാരന്റെ 'കേരളകൗമുദി"യിൽ ജീവനക്കാരനായി. ഈ ലേഖകന്റെ പിതാവ് മിനർവ ശിവാനന്ദനും അക്കാലത്ത് അവിടെ ഒപ്പമുണ്ടായിരുന്നു.
തലസ്‌ഥാനത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഐതിഹാസിക സമര ചരിത്രമുള്ള ആദ്യ ട്രേഡ് യൂണിയനായിരുന്ന സിറ്റി പ്രസ് വർക്കേഴ്സ് യൂണിയന്റെ സജീവ പ്രവർത്തകരായി മാറി, ഇരുവരും. കുളത്തുങ്കൽ പോത്തൻ ആയിരുന്നു പ്രസിഡന്റ്; പേരൂർക്കട ഭാസി സെക്രട്ടറിയും. പകലത്തെ ജോലി കഴിഞ്ഞാൽ രാത്രിയിൽ രഹസ്യമായി പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി. 1954-ൽ ജി.കെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലും തുടർന്ന് 63-ൽ തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയിലും അംഗമായി. 1980 മുതൽ മരണം വരെ ഏതാണ്ട് നാല് പതിറ്റാണ്ടോളം മദ്യവ്യവസായ തൊഴിലാളി യൂണിയന്റെ തലസ്ഥാനത്തെ അമരക്കാരനായിരുന്നു.
തൊഴിലിടങ്ങളിലെ പ്രശ‌്‌നങ്ങൾ മാത്രമല്ല തൊഴിലാളികളുടെ കുടുംബ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുമായിരുന്നു. ഇന്നത്തെ പല തൊഴിലാളി നേതാക്കളും ശീതീകരിച്ച വലിയ കാറുകളിൽ യാത്രചെയ്‌ത് വിലകൂടിയ വസ്‌ത്രങ്ങളണിഞ്ഞ് ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തുമ്പോൾ ജി.കെ ആകട്ടെ, ഏതെങ്കിലുമൊരു തൊഴിലാളിയുടെയോ സുഹൃത്തിന്റെയോ ഇരുചക്ര വാഹനത്തിനു പിറകിലിരുന്ന് ജില്ലയൊട്ടാകെ ഓടിനടന്നു പ്രവർത്തിച്ചു. പലപ്പോഴും ഈ ലേഖകനും ജി.കെയുടെ യാത്രകളിൽ സാരഥിയായി കൂടിയിട്ടുണ്ട്.
ഇപ്പോഴത്തെ രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്ക് ഒരുപക്ഷെ ചിന്തിക്കാനാകാത്ത ലളിതജീവിതമാണ് ജി.കെ നയിച്ചത്. ഷീറ്റിട്ട ഒരു കൊച്ചു വീട്ടിലായിരുന്നു ജീവിതകാലം മുഴുവൻ. ഒരാളോട് കാർക്കശ്യത്തോടെ സംസാരിച്ചാൽ, ശാസിച്ചാൽ തൊട്ടടുത്ത നിമിഷം തന്നെ തോളിൽ കയ്യിട്ട്, 'എടാ അപ്പി..." എന്നൊരു ജി.കെ. ബ്രാൻഡ് വിളിയിൽ പിണക്കം അവസാനിപ്പിച്ചിരിക്കും. തൊഴിലാളികൾക്കൊപ്പം അവരിലൊരാളായി ജീവിച്ച് ട്രേഡ് യൂണിയൻ പ്രവർത്തനം നടത്തിയ ഒരു പച്ചമനുഷ്യൻ!
ഈ ലേഖകന്റെ പിതാവ് മിനർവ ശിവാനന്ദനുമായി അടുത്ത ആത്മബന്ധമായിരുന്നു. അച്ഛന്റെ മരണാനന്തരം നടത്തിയ മിനർവ അനുസ്‌മരണങ്ങളിൽ നീണ്ട 13 വർഷക്കാലം ഞങ്ങൾക്കു വഴികാട്ടിയായി മുന്നിൽത്തന്നെ ജി.കെ. ഉണ്ടായിരുന്നു. നന്മകൾ അസ്തമിച്ച ഈ കെട്ട കാലത്ത്, ജി.കെ ഒക്കെ ഒരു ഓർമ്മപ്പെടുത്തലാണ്. രാഷ്ട്രീയത്തിന്റെ കനൽവഴികളിലൂടെ സഞ്ചരിച്ച, വേരറ്റുപോകുന്ന നന്മയുടെ പഴയ തലമുറയിലെ കണ്ണികളിൽ ഒരാൾ.
(മിനർവ ശിവാനന്ദൻ സ്‌മാരക സമിതി സെക്രട്ടറിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |