
കൊച്ചി: വോട്ട് ചെയ്യാൻ എത്തുന്നവർക്ക് ഊഴം തെറ്റാത്തവിധം ഇരിപ്പിടങ്ങൾ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇന്നലെ നടന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ നടപ്പായില്ല. ഈ തിരഞ്ഞെടുപ്പ് മുതൽ അത് നടപ്പിലാക്കണമെന്ന് ഒക്ടോബർ അവസാനം സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. പോളിംഗ് ബൂത്തിലെ തിരക്ക് വോട്ടർക്ക് യഥാസമയം അറിയാൻ കഴിയുന്ന വിധം മൊബൈൽ/വെബ് ആപ്പ് പരിഗണിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതും തിരഞ്ഞെടുപ്പ് കമ്മിഷൻ പാലിച്ചില്ല.
നീണ്ട നിര കണ്ട് വോട്ട് രേഖപ്പെടുത്താതെ ആരെങ്കിലും മടങ്ങിയാൽ അത് ജനാധിപത്യത്തിന്റെ മരണമണിയാണെന്നു വിലയിരുത്തിയാണ് കോടതി മാർഗനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. ബൂത്തിൽ കുടിവെള്ളം ലഭ്യമാക്കണമെന്ന നിർദ്ദേശം പലയിടത്തും നടപ്പിലാക്കിയിരുന്നു. ചുരുക്കം ചില ബൂത്തുകൾക്ക് സമീപം പ്രായമേറിയവർക്കും ഭിന്നശേഷിക്കാർക്കുമായി കസേരകൾ ഇട്ടിരുന്നു.
പോളിംഗ് ബൂത്തുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഒരു വോട്ടർക്ക് 30-40 സെക്കൻഡ് മാത്രമാണ് രജിസ്റ്ററിൽ ഒപ്പിടുന്നതിനും വോട്ടുചെയ്യാനുമായി ലഭിക്കുക. ഇത് അപര്യാപ്തമാണെന്നും ബൂത്തുകൾ കൂട്ടുകയാണ് പരിഹാരമെന്നും കോടതി വിലയിരുത്തി. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഏറെ മുന്നോട്ടു പോയതിനാൽ ബൂത്തുകൾ കൂട്ടണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നില്ല. ഉത്തരവിന്റെ പകർപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചുകൊടുത്തിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ 1200 വോട്ടർക്ക് ഒരു ബൂത്ത്, നഗരസഭയിൽ 1500 വോട്ടർക്ക് ഒരു ബൂത്ത് എന്നിങ്ങനെയാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |