
തിരുവനന്തപുരം: പാലിലെ സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം അടിസ്ഥാനമാക്കിയുള്ള അണുഗുണനിലവാരം (മൈക്രോ ബയോളജിക്കൽ ക്വാളിറ്റി) കൂടി പരിഗണിച്ച് വില നിർണയിക്കാനുള്ള ക്ഷീര വകുപ്പിന്റെ ആലോചന നീളുന്നു. കൊഴുപ്പും പ്രോട്ടീൻ അടക്കമുള്ള മറ്രുപോഷകങ്ങളും (ഫാറ്റ്, എസ്.എൻ.എഫ്) അടിസ്ഥാനമാക്കിയുള്ള വിലനിർണയത്തിനു പുറമേയാണിത്.
കർഷകന് മെച്ചപ്പെട്ട വില ലഭിക്കുന്ന പ്രീമിയം മിൽക്ക് ഉത്പാദിപ്പിക്കാൻ പ്രേരിപ്പിക്കുന്ന പദ്ധതിയുടെ ആദ്യപടിയാണിത്. അണുഗുണ നിലവാരത്തിന് അനുസരിച്ചുള്ള വില നൽകുന്നത് കർഷകർക്ക് കൂടുതൽ മെച്ചമുണ്ടാക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് പദ്ധതി ആലോചിച്ചത്. പാലിന്റെ സംഭരണവും വിതരണവും നടത്തുന്നത് മിൽമയായതിനാൽ ക്ഷീരവികസന വകുപ്പും മിൽമയും കൂട്ടായി ചർച്ചചെയ്താണ് ഇക്കാര്യം നടപ്പാക്കേണ്ടത്.
ചില്ലിംഗ് യൂണിറ്റുകളുള്ള സംഘങ്ങളിൽ ആഴ്ചയിലൊരിക്കൽ ഈ പരിശോധന നടത്താറുണ്ട്. ഡയറക്ട് മൈക്രോസ്കോപിക് കൗണ്ട് (ഡി.എം.സി ) രീതി അനുസരിച്ചാണ് ഇത് നടത്തുന്നത്. എന്നാൽ ക്ഷീര സംഘങ്ങളിൽ നിന്ന് മിൽമ ശേഖരിക്കുന്ന പാലിന് വെവ്വേറെ പരിശോധനയില്ല. ദിവസേന പരിശോധന നടത്തിയാൽ ഗുണമേന്മ കണക്കാക്കി പാൽവില നൽകാനാകും. മെത്തലിൻബ്ലൂ റിഡക്ഷൻ (എം.ബി.ആർ) ടെസ്റ്റാണ് പുതുതായി നടത്താൻ ആലോചിക്കുന്നത്.
പരിശോധന ശ്രമകരം
സംഘങ്ങളിൽ നൽകുന്ന പാലിന്റെ മൈക്രോ ബയോളജിക്കൽ ക്വാളിറ്റി പരിശോധിക്കുന്നത് ക്ഷീര കർഷകർക്ക് ശ്രമകരമാണ്. കുറഞ്ഞത് അഞ്ചുമണിക്കൂർ ഈ പരിശോധനയ്‌ക്ക് വേണ്ടിവരും. ഇതിന്റെ ഉപകരണങ്ങൾക്ക് വലിയ വിലയുമുണ്ട്. അതിനാൽ ഓരോ ക്ഷീരസംഘങ്ങളെയും ഓരോ യൂണിറ്റായി പരിഗണിച്ച് പരിശോധന നടത്തുകയാണ് സാദ്ധ്യമായിട്ടുള്ളത്. ഗുണനിലവാരമുള്ള പാൽ നൽകുന്ന ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന അധികവില, ഗുണമേന്മയുള്ള പാൽ നൽകുന്ന കർഷകർക്ക് വീതിച്ചു നൽകാനാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |