
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെ നാലുപേരെ വെറുതേ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകും. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവർക്കെതിരെ വെള്ളിയാഴ്ച വിചാരണക്കോടതി ശിക്ഷ പ്രഖ്യാപിച്ചശേഷമാകും സർക്കാരടക്കം അപ്പീൽ നൽകുക.
കേസിന്റെ പല ഘട്ടങ്ങളിലായി സുപ്രീംകോടതിയെ വരെ സമീപിച്ച അതിജീവിതയും അപ്പീലിൽ കക്ഷിയാകാൻ സാദ്ധ്യതയുണ്ട്. അപ്പീൽ പരിഗണനയ്ക്കെത്തുമ്പോൾ ദിലീപിനും മേൽക്കോടതിയിൽ രേഖാമൂലം മറുപടി നൽകേണ്ടിവരും. ദേശീയശ്രദ്ധയിൽ വന്ന കേസായതിനാൽ ഹൈക്കോടതിയിൽ പ്രഗത്ഭ അഭിഭാഷകർ രംഗത്തിറങ്ങും. വാദങ്ങളും തീപാറും.
ഗൂഢാലോചന സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതേ വിട്ടത്. പ്രോസിക്യൂഷന്റെ വീഴ്ചകളടക്കം വിധിന്യായത്തിൽ ചൂണ്ടിക്കാട്ടിയേക്കാം. ഇത് സൂക്ഷ്മമായി വിലയിരുത്തിയാകും അപ്പീൽ ഹർജി സർക്കാർ തയ്യാറാക്കുക.
അപ്പീൽ നൽകുന്നതിന്റെ ഭാഗമായി സർക്കാർ പ്രോസിക്യൂഷൻസ് ഡയറക്ടറേറ്റുമായി ചർച്ച നടത്തിയെന്ന് നിയമ മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു. പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടെ വിധിപ്പകർപ്പ് കിട്ടിയാലുടൻ അപ്പീൽ നൽകാനാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |