
തിരുവനന്തപുരം: പട്ടയ വിതരണത്തിൽ സർവകാല റെക്കാഡിലേക്ക് സർക്കാർ. മേയ്
30 നുള്ളിൽ മൂന്ന് ലക്ഷം പട്ടയങ്ങളാണ് ലക്ഷ്യം. രണ്ടാം പിണറായി സർക്കാർ ഇതു വരെ 2,33,947 പട്ടയങ്ങളാണ് വിതരണം ചെയ്തത്. അടുത്ത അഞ്ചു മാസത്തിനുള്ളിൽ 66,053 പട്ടയങ്ങൾ കൂടി നൽകും.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 1,77,011 പട്ടയങ്ങൾ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പതര വർഷത്തെ ഭരണത്തിൽ വിതരണം ചെയ്തത് 4,10,954 പട്ടയങ്ങൾ.
പട്ടയ വിതരണത്തിൽ ഒന്നാം സ്ഥാനത്ത് തൃശൂർ ജില്ലയാണ്-78,346. രണ്ടാം സ്ഥാനം പാലക്കാടിന്- 74,058. വനഭൂമിയിലെ കുടിയേറ്റക്കാർക്ക് പട്ടയം അനുവദിക്കാൻ വിവര ശേഖരണത്തിനുള്ള റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന തുടങ്ങി. ഹിൽമെൻ സെറ്റിൽമെന്റുകളിലെ താമസക്കാർ, രാജീവ് ദശലക്ഷം പാർപ്പിട പദ്ധതി ഗുണഭോക്താക്കൾ, ദേശീയപാത പുറമ്പോക്ക് ഭൂമിയിലെ താമസക്കാർ , മറ്റു പുറമ്പോക്കുകളിലെ താമസക്കാർ തുടങ്ങിയവരുടെ പട്ടയവും വിതരണം ചെയ്യും.
സംസ്ഥാനത്തെ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്ന ലക്ഷ്യത്തോടെയാണ്, മലയോര,ആദിവാസി മേഖലകളിലെ പട്ടയ വിതരണത്തിന് മുൻഗണന നൽകി 2023-ൽ പട്ടയ മിഷൻ രൂപീകരിച്ചത്. എം.എൽ.എമാരുടെ അദ്ധ്യക്ഷതയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിൽ മുഴുവൻ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് പട്ടയ അസംബ്ളി നടത്തിയാണ് പട്ടയ പ്രശ്നങ്ങൾ കണ്ടെത്തിയത്.വിവിധ ഭൂനിയമങ്ങൾ പ്രകാരം ലഭിച്ച പട്ടയത്തിന്റെ അസൽ പകർപ്പ് നഷ്ടപ്പെട്ട കേസുകളിൽ ജില്ലാ കളക്ടർ നിജസ്ഥിതി സർട്ടിഫിക്കറ്റ് അനുവദിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |