
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള സിനിമകളുടെ തിരഞ്ഞെടുപ്പ് നടപടികൾക്കിടെ ജൂറി ചെയർമാനായ സംവിധായകൻ പി.ടി.കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്ന ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
മുഖ്യമന്ത്രിക്ക് ജൂറി അംഗമായ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതി കന്റോൺമെന്റ് പൊലീസിന് കൈമാറുകയായിരുന്നു. അന്വേഷണം നടത്തിയശേഷമാണ് മുൻ എം.എൽ.എ യും ഇടതു സഹയാത്രികനുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ കേസെടുത്തത്.
തിരുവനന്തപുരത്ത് സ്‌ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് മുറിയിൽ വച്ച് സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഡിസംബർ 13ന് ആരംഭിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയിലേക്കുള്ള മലയാളം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിനിടെ കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവം. കന്റോൺമെന്റ് പൊലീസ് ചലച്ചിത്രപ്രവർത്തകയോട് വിവരം തേടിയിരുന്നു . കഴിഞ്ഞ മാസം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകി. കന്റോൺമെന്റ് പൊലീസ് ഹോട്ടലിൽ നിന്ന് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.മൊബൈൽ ടവർ ലൊക്കേഷനിൽ പരാതിക്കാരിയും സംവിധായകനും ഒരേ സ്ഥലത്തുള്ളതായി വ്യക്തമായിരുന്നു. ഇതോടെയാണ് കേസെടുത്തത്. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും മാപ്പു പറയാൻ തയ്യാറാണെന്നും പി.ടി.കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |