SignIn
Kerala Kaumudi Online
Friday, 25 July 2025 4.10 PM IST

തടവുകാർക്ക് സുഭിക്ഷം, അദ്ധ്യാപകർക്ക് ഞെട്ടൽ

Increase Font Size Decrease Font Size Print Page
asa

സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി ആഴ്ചയിലൊരിയ്ക്കൽ ഫ്രൈഡ് റൈസ് കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് സർക്കാരും വിദ്യാഭ്യാസ മന്ത്രിയും കൈയ്യടി നേടിയപ്പോൾ പ്രഥമാദ്ധ്യാപകർ ഇനിയും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. മുട്ടയും പാലും അടങ്ങുന്ന നിലവിലെ പോഷകാഹാര പദ്ധതിക്ക് സർക്കാർ നൽകുന്ന തുക തന്നെ ഒന്നിനും തികയുന്നില്ല. കടം വാങ്ങിയും സ്വന്തം ശമ്പളത്തിൽ നിന്നെടുത്തുമൊക്കെ മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ മെനു സർക്കാർ പ്രഖ്യാപിച്ചത്. ഇതുപ്രകാരം ഭക്ഷണം തയ്യാറാക്കാനുള്ള പണം എവിടെ നിന്ന് സംഘടിപ്പിക്കുമെന്ന ഉത്ക്കണ്ഠയിലാണ് അദ്ധ്യാപകർ. കൊലക്കേസുകളിലടക്കം ശിക്ഷിക്കപ്പെട്ട് വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പോലും സുഭിക്ഷമായ ഭക്ഷണം യഥേഷ്ടം ലഭിക്കുമ്പോഴാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പണം ലഭിക്കാതെ അദ്ധ്യാപകർ കഷ്ടത്തിലാകുന്നത്. വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് മട്ടൺ കറി അടക്കമുള്ള ഭക്ഷണം നൽകാൻ കോടികളാണ് സർക്കാർ ചെലവഴിക്കുന്നത്. ജയിൽ പുള്ളികൾക്ക് ഭക്ഷണം നൽകാൻ ആവശ്യമായ തുകയുടെ ഒരംശം പോലും ജയിലുദ്യോഗസ്ഥരുടെ കീശയിൽ നിന്ന് നൽകുന്നേയില്ല. സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്‌റൈസ്/ ലെമൺ റൈസ്/ വെജിറ്റബിൾ ബിരിയാണി വിഭവങ്ങൾക്കൊപ്പം വെജിറ്റബിൾ കറികളും പായസവും ഉണ്ടാകുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചത്. ഒരു ചായകുടിക്കാൻ 10- 12 രൂപ നൽകേണ്ട കേരളത്തിൽ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകാൻ കുട്ടി ഒന്നിന് പ്രതിദിനം സർക്കാർ നൽകുന്നത് വെറും 7 രൂപയാണ് ! കൃത്യമായി പറഞ്ഞാൽ പുതിയ ഉത്തരവ് പ്രകാരം എൽ.പി വിഭാഗത്തിന് 6.78 രൂപയും യു.പി വിഭാഗത്തിന് 10.17 രൂപയും. പലവ്യഞ്ജനം, പച്ചക്കറി, പാചകവാതകം, സാധനങ്ങളുടെ കടത്ത് കൂലി തുടങ്ങിയവയ്ക്കെല്ലാം കൂടിയുള്ളതാണ് ഈ തുക. ചോറും രണ്ട് കറികളും തോരനും വേണം. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. പിന്നെ ഭക്ഷണം തയ്യാറാക്കുന്ന താത്ക്കാലിക ജീവനക്കാരിക്ക് ശമ്പളവും നൽകണം. ഇതിനൊക്കെ ചേർത്ത് നൽകുന്ന തുച്ഛമായ തുക സമയത്ത് നൽകുകകൂടി ചെയ്തില്ലെങ്കിലോ? പി.ടി.എ യുടെയോ സന്നദ്ധസംഘടനകളുടെയോ സഹായത്തോടെയോ ഭക്ഷണത്തിനുള്ള വക കണ്ടെത്തണമെന്നാണ് മന്ത്രി പറയുന്നത്. കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ കൈനീട്ടണമെന്ന് ചുരുക്കം.

അദ്ധ്യാപകർ

നേരിടുന്ന വെല്ലുവിളി

സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരും ഉച്ചഭക്ഷണ പദ്ധതിക്ക് ചുമതലപ്പെടുത്തിയ അദ്ധ്യാപകരും ഇപ്പോൾ നേരിടുന്നത് സമാനതയില്ലാത്ത വെല്ലുവിളിയാണ്. അദ്ധ്യാപകരുടെയും കച്ചവട സ്ഥാപനങ്ങളുടെയും ചിലയിടങ്ങളിൽ പി.ടി.എ യുടെയും കനിവിലാണ് പദ്ധതി മുന്നോട്ട് പോകുന്നത്. ഭക്ഷണം തയ്യാറാക്കി നൽകാൻ പച്ചക്കറിയും പലവ്യഞ്ജനവും മറ്റും വാങ്ങുന്ന കച്ചവട സ്ഥാപന ഉടമ മൂന്നോ നാലോ മാസം കടം നൽകും. ഇനി സാധനം തരില്ലെന്ന് പറയുമ്പോൾ അദ്ധ്യാപകർ സ്വന്തം ശമ്പളത്തിൽ നിന്നുവരെ പണം നൽകേണ്ട അവസ്ഥയാണ്. ചില വനിത അദ്ധ്യാപകർ തങ്ങളുടെ സ്വർണാഭരണം പണയം വച്ച് കടയിലെ കടം വീട്ടിയ സംഭവം പോലുമുണ്ട്. പല സ്കൂളുകളിലും സമാനമായ അവസ്ഥയാണെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

വിലക്കയറ്റമോ,

അതെന്താ ?

2016 ൽ നിശ്ചയിച്ച തുകയാണ് 9 വർഷം കഴിഞ്ഞിട്ടും തുടരുന്നത്. പാചകവാതകം അടക്കം സാധനങ്ങൾക്കെല്ലാം ഇക്കാലത്തിനിടെയുണ്ടായ വിലക്കയറ്റമൊന്നും സർക്കാർ അറിഞ്ഞിട്ടേയില്ലെന്ന് തോന്നും. പാചകവാതകം ഉപയോഗിച്ചേ ഭക്ഷണം പാകം ചെയ്യാവൂ എന്ന് നിബന്ധനയുണ്ട്. തുച്ഛമായ തുകയും അതുതന്നെ സമയത്ത് അനുവദിക്കുന്നില്ലെന്നതോ പോകട്ടെ, ഉച്ചഭക്ഷണത്തിന്റെ പേരിൽ പ്രഥമാദ്ധ്യാപകരും ചുമതലപ്പെടുത്തിയ അദ്ധ്യാപകരും അനുഭവിക്കുന്ന ജോലിഭാരവും മാനസിക സംഘർഷവും പകരം വയ്ക്കാൻ കഴിയാത്തതാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. യു.പി തലം വരെ ഇതിന്റെ ചുമതല പ്രഥമാദ്ധ്യാപകനാണ്. എട്ടാം ക്ളാസ് വരെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണം അനുസരിച്ച് ഒന്നോ രണ്ടോ അദ്ധ്യാപകർക്കാവും ചുമതല. ഓരോ ദിവസവും ഭക്ഷണം കഴിക്കേണ്ട വിദ്യാർത്ഥികളുടെ കണക്കെടുപ്പ് മുതൽ തുടങ്ങും ജോലിഭാരം. ചില സ്കൂളുകളിൽ 1200 മുതൽ 1500 കുട്ടികൾക്ക് വരെ ഭക്ഷണം തയ്യാറാക്കി നൽകേണ്ടി വരും. ഒരു വിവാഹസദ്യ ഒരുക്കാൻ 15- 20 പേർ വേണ്ടിടത്ത് സ്കൂളുകളിൽ ഉച്ചഭക്ഷണം തയ്യാറാക്കാൻ ഒരു താത്ക്കാലിക ജീവനക്കാരനാണുണ്ടാകുക. ചിലയിടങ്ങളിൽ ഇവരുടെ വേതനത്തിൽ നിന്ന് ഒരു ഭാഗം നൽകിയാണ് മറ്റൊരാളെ സഹായത്തിന് നിയോഗിക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് ചുമതലക്കാരനായ അദ്ധ്യാപകൻ 20 ഓളം രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ ദിവസവും ഭക്ഷണം നൽകിയ ശേഷം അതിന്റെ കൃത്യമായ കണക്ക് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കകം പദ്ധതിയുടെ പോർട്ടലിൽ രേഖപ്പെടുത്തണം. ഭക്ഷ്യവിഷ ബാധയെങ്ങാനും ഉണ്ടാകാതെ അതീവജാഗ്രതയോടെ വേണം പാചകം ചെയ്യേണ്ടതെന്നതിനാൽ എപ്പോഴും അദ്ധ്യാപകന്റെ മേൽനോട്ടം ഉണ്ടാകണം. ചുമതലയുള്ള പ്രഥമാദ്ധ്യാപകന് സ്കൂളിന്റെ ഭരണനിവഹണവും നടത്തേണ്ടതുണ്ട്. സങ്കീർണ്ണമായ ഈ ജോലികൾക്കൊപ്പമാണ് അദ്ധ്യാപന ജോലിയും നിർവഹിക്കേണ്ടത്.

തൊഴിലാളികളുടെ

എണ്ണം കൂട്ടണം

പരിഷ്ക്കരിച്ച മെനു പ്രകാരം ഭക്ഷണം തയ്യാറാക്കണമെങ്കിൽ പാചകത്തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞെങ്കിലും അതിനും അദ്ധ്യാപകർ തന്നെ പരിഹാരം കണ്ടെത്തേണ്ടി വരുമെന്നാണ് കരുതുന്നത്. നിലവിൽ 500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളിയാണുള്ളത്. പുതിയ മെനു പ്രകാരം ഭക്ഷണം തയ്യാറാക്കാൻ ഒരു സഹായിയെക്കൂടി നിയമിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. തൊഴിലാളികളുടെ എണ്ണം കൂട്ടാതെ പുതിയ മെനു പ്രഖ്യാപിച്ചതിനെതിരെ ഭരണപക്ഷ തൊഴിലാളി യൂണിയൻ തന്നെ രംഗത്തെത്തി. തൊഴിലാളികളുടെ ജോലിഭാരം പരിഗണിക്കാതെയുള്ള മെനു പരിഷ്ക്കരണം ഏകപക്ഷീയമാണെന്ന് സ്കൂൾ പാചകതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) ആരോപിച്ചു.

ഉച്ചഭക്ഷണം

കൊഴിഞ്ഞുപോക്ക് തടയാൻ

കുട്ടികളുടെ സമഗ്ര ശാരീരിക മാനസിക പോഷക വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനും പരിഹാരമായാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി 1984ൽ ആരംഭിച്ചത്. ആദ്യകാലത്ത് സർക്കാർ സ്കൂളുകളിൽ മാത്രം നൽകിയിരുന്ന ഉച്ചക്കഞ്ഞി 1985 മുതൽ എയ്ഡഡ് സ്കൂളുകളിലേക്കും യു.പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ എട്ടാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. തുടക്കത്തിൽ സംസ്ഥാന ഫണ്ടുപയോഗിച്ച് നടപ്പാക്കി വന്ന പദ്ധതി 1995 മുതൽ കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയാക്കി. ഉച്ചഭക്ഷണത്തിന്റെ 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. എന്നാൽ പോഷകാഹാര പദ്ധതി സംസ്ഥാനത്തിന്റേതാണ്. കേന്ദ്രഫണ്ട് കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന് സംസ്ഥാനവും സംസ്ഥാന ഫണ്ട് കൃത്യമായി നൽകാത്തതിനാലാണ് കേന്ദ്രഫണ്ട് സമയത്ത് അനുവദിക്കുന്നില്ലെന്ന പരസ്പരം പഴിചാരലുമുണ്ട്. സംസ്ഥാനത്തെ 12, 327 വിദ്യാലയങ്ങളിലെ 30 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്.

TAGS: FOOD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.