SignIn
Kerala Kaumudi Online
Friday, 29 August 2025 1.54 PM IST

പാമ്പ് പിടുത്തം വെറുമൊരു റസ്ക്യൂ അല്ല, സപര്യയാണ്

Increase Font Size Decrease Font Size Print Page
snekw

മുഖമില്ലാതെ വിഷയം പറയാം,​ സംസ്ഥാനത്തെ അദ്ധ്യാപകരിൽ താത്പര്യമുള്ളവർക്ക് പാമ്പു പിടിക്കാനും അവയെ രക്ഷപ്പെടുത്താനുമുള്ള പരിശീലനം നൽകാൻ വനംവകുപ്പ് തയ്യാറായതും പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇതു സംബന്ധിച്ച് സർക്കുലർ ഇറക്കിയതുമാണ് കാര്യം. ഉദ്ദേശശുദ്ധിയെ മാനിക്കാതെ തരമില്ല. കാരണം പരിശീലനം കിട്ടുന്നത് അദ്ധ്യാപകർക്കായതിനാൽ,​ അതിന്റെ പ്രയോജനം കിട്ടുക ലക്ഷക്കണക്ക് വരുന്ന വിദ്യാർത്ഥികൾക്കും തദ്വാര ആശ്വാസം കിട്ടുന്നത് അവരുടെ രക്ഷകർത്താക്കൾക്കുമാണല്ലോ.

പാമ്പുകൾ,​ അഥവാ ഉരഗവർഗങ്ങൾ ഭൂമിയിൽ അവതരിച്ച കാലവർഷക്കണക്കൊന്നും പറയാൻ മുതിരുന്നില്ല. കേരളത്തെ സംബന്ധിച്ച് ഇവ കർഷക മിത്രങ്ങളാണെന്നും മനുഷ്യസമൂഹത്തിന് ദോഷം ചെയ്യുന്ന ചില ഉപദ്രവകാരികളെ ഇല്ലാതാക്കുമെന്നുമൊക്കെയാണ് പണ്ട് മുതൽ കേട്ടിട്ടുള്ളത്. നാഗാരാധന വിശ്വാസി സമൂഹത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളതുമാണ്. അതുകൊണ്ട് വിപുലമായ വിധത്തിൽ അതെക്കുറിച്ച് ചർച്ച ചെയ്യേണ്ട സന്ദർഭമല്ല ഇത്.

സമീപകാലത്തായി പാമ്പുകടിയേറ്രുള്ള മരണങ്ങൾ കൂടിവരുന്നതായി ചില കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല,​ വൈദ്യുതി വെട്ടവും സഞ്ചാരത്തിന് യോഗ്യമായ പാതകളും നാഴികവിനാഴിക കണക്കാക്കാതെയുള്ള ജനസഞ്ചാരവുമൊക്കെ ഉണ്ടാവും മുമ്പ് ഈ ജീവികളൊക്കെ ഇവിടെയുണ്ടായിരുന്നെങ്കിലും ഇത്രത്തോളം മരണക്കണക്കുകൾ കേട്ടിരുന്നില്ല. ഒരു പക്ഷെ അറിയുന്ന കാര്യങ്ങൾ പ്രചരിക്കുന്നതിലുണ്ടായ താമസമോ,​ മരണകാരണം തിരിച്ചിറിയാനുള്ള സംവിധാനങ്ങളുടെ അഭാവമോ ഇതിന് കാരണമായേക്കാം. ഭൂപ്രകൃതിക്ക് ആഗോളാടിസ്ഥാനത്തിലുണ്ടായിട്ടുള്ള വ്യതിയാനങ്ങളും കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളിലെ മാറ്റിമറിയലുമൊക്കെ കാരണമാവാം പണ്ട് അപൂർവമായി മാത്രം കൺമുന്നിൽപ്പെട്ടിരുന്ന പല ജീവികളും ഇന്ന് പൊതു സമൂഹത്തിലേക്ക് ഇറങ്ങുകയാണ്. കാട്ടുപന്നി,​ കാട്ടാന,​ പുലി,​ കടുവ തുടങ്ങിയ വന്യജീവികളുടെ ആക്രമണങ്ങളും അതുമൂലമുള്ള സാധുജനങ്ങളുടെ ജീവഹാനിയുമൊക്കെ നിത്യേന ചർച്ചകളിൽ മാത്രം ഒതുങ്ങുന്ന വിഷയമായി മാറുന്നു. ഇത്തരുണത്തിൽ വിവേകമില്ലെന്ന് നാം കരുതുന്ന വന്യജീവികളുടെ ആക്രമണത്തിൽ നിന്ന് വിവേകമുണ്ടെന്നു നാം ഉറച്ചു വിശ്വസിക്കുന്ന മനുഷ്യജീവനുകളെ രക്ഷിക്കാനുള്ള മാർഗങ്ങൾ തേടേണ്ടത് അനിവാര്യമാണല്ലോ. പേവിഷം പരത്താൻ സാദ്ധ്യതയുള്ള തെരുവുനായ്ക്കളെ ഉപദ്രവിക്കരുതെന്നു പറയുകയും ദൗർഭാഗ്യവശാൽ പേവിഷബാധയേറ്റുപോയ മനുഷ്യജന്മത്തിടുത്തേക്ക് പോകരുതെന്ന് വിലക്കുകയും ചെയ്യുന്ന സമൂഹമാണല്ലോ ഇപ്പോഴത്തേത്. ആര് പറയുന്നതാണ് സത്യമെന്നും ആരു പറയുന്നതാണ് അനുസരിക്കേണ്ടതെന്നും നിശ്ചയിക്കാനാവാത്ത ധർമ്മസങ്കടത്തിന്റെ പൊതു നിസഹായാവസ്ഥയിൽ നിൽക്കുമ്പോൾ എവിടെ കച്ചിത്തുരുമ്പു കിട്ടിയാലും പിടിച്ചുപോകുന്നത് സ്വന്തം ജീവനോടുള്ള അനല്പമായ സ്നേഹത്തിന്റെയോ സ്വാർത്ഥതയുടെയോ പേരിലാവാം. ഇതൊക്കെ വച്ചു നോക്കുമ്പോൾ ഒരു അദ്ധ്യപകനെങ്കിലും പാമ്പുകളെ പിടിക്കാൻ (ക്ഷമിക്കുക പാമ്പുപിടുത്തവും പാമ്പാട്ടിയുമൊക്കെ പഴഞ്ചൻ, സ്നേക്ക് റസ്ക്യൂ) പരിശീലനം കിട്ടുകയും ഒരു വിദ്യാർത്ഥിയുടെയെങ്കിലും ജീവൻ അതുവഴി രക്ഷപ്പെടുകയും ചെയ്താൽ അതൊരു വലിയ കാര്യമാണല്ലോ.

പാമ്പുപിടിത്തത്തിലെ

മുൻഗണന

വനംവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയുമൊക്കെ ആ ദീർഘവീക്ഷണത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. പൊതുവിദ്യാലയങ്ങളിലെ മൊത്തത്തിലുള്ള സാഹചര്യവും കുട്ടികൾക്ക് പാമ്പുകടിയേറ്റ സംഭവങ്ങളുടെയുമൊക്കെ പശ്ചാത്തലത്തിലാണ് പാലക്കാട് ജില്ലയിൽ ഇങ്ങനെ ഒരു പരീക്ഷണത്തിന് വനംവകുപ്പ് തയ്യാറായതും വിദ്യാഭ്യാസ വകുപ്പ് പച്ചക്കൊടി കാട്ടിയതും. എല്ലാ വിദ്യാലയങ്ങളിലെയും മോശമായ ഭൗതിക സാഹചര്യങ്ങൾ മാറ്റി, സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി ഒട്ട് അനുവദിക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ഇങ്ങനെ വേറിട്ട ഒരു ചിന്ത വന്നാൽ അത് സ്വാഗതം ചെയ്യേണ്ടതാണ്. പിന്നെ ചെയ്യുന്നത് ഏറെ ആദരവുള്ള, അറിവ് പകർന്ന് നേർവഴി കാട്ടുന്ന പ്രവൃത്തിയായതിനാൽ പണ്ടുമുതലേ അദ്ധ്യാപക ജോലിക്ക് വലിയൊരു മഹത്വം കൽപ്പിക്കുന്നുണ്ട്. ആ ബഹുമാനം കരഗതമാക്കുന്നത് അദ്ധ്യാപകർക്കും സന്തുഷ്ടി പകരുന്ന കാര്യമാണ്. ഈ നല്ല വശമുള്ളപ്പോഴും പ്രമോഷൻ, ഗ്രേഡ് തുടങ്ങിയ കാര്യങ്ങൾ വരുമ്പോൾ ആരോഗ്യകരമായ ഒരു മത്സരവും ഈ മഹത്തുക്കൾ കാട്ടാറുമുണ്ട്. ഇനി നാളെ ഒരു ഘട്ടത്തിൽ 'സ്നേക്ക് റസ്ക്യൂ' നിർബ്ബന്ധിതമാക്കിയാൽ അവിടെയും ചില മാനദണ്ഡങ്ങൾ കാലേകൂട്ടി നിശ്ചയിക്കേണ്ടിവരും. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ളാസുകൾ നിലവിലുള്ള പൊതു വിദ്യാലയങ്ങളും എയ്ഡഡ് വിദ്യാലയങ്ങളുമുണ്ട്. ഇത്തരം ഒരു കോമ്പൗണ്ടിൽ ഒരു ഉരഗവീരനെ കണ്ടാൽ ആര് ഇടപെടണമെന്നത് വിഷയമാവും. സീനയോറിറ്റി, ഗ്രേഡ് ഇതെല്ലാം നോക്കണം. പ്രൊട്ടക്ഷൻ വ്യവസ്ഥയിൽ നിൽക്കുന്നവരാണെങ്കിൽ അവർ റസ്ക്യൂവിന് ഇറങ്ങണമോ എന്നതും ചോദ്യമാണ്. ലീവ് വേക്കൻസി നിയമനം എയ്ഡഡ് സ്കൂളുകളിൽ ഇപ്പോൾ അത്ര പഥ്യമല്ലാത്തതിനാൽ പുളവനെ പിടിക്കാൻ പോലും അക്കൂട്ടരെ കിട്ടില്ലെന്നുറപ്പ്.

എന്തായാലും അദ്ധ്യാപകരുടെ പൊതു ഇടമായ സോഷ്യൽ മീഡിയയിൽ അവർ തന്നെ ഒരു ക്ളാസിഫിക്കേഷൻ നിശ്ചയിച്ചിട്ടുണ്ട്. രാജവെമ്പാല, മൂർഖൻ തുടങ്ങിയവയെ എച്ച്. എം, പ്രിൻസിപ്പൽ, അല്ലെങ്കിൽ സീനിയർ അസിസ്റ്റന്റ് പിടിക്കട്ടെയെന്നാണ് അവരുടെ ഭാഷ്യം. അണലി വർഗങ്ങളെ ഹൈസ്കൂൾ വിഭാഗത്തിന് കൈമാറാം. ചേര, പുളവൻ, വാരിച്ചുരുട്ട തുടങ്ങിയ സാധുക്കളെ പിടിച്ച് രക്ഷപ്പെടുത്തി യു.പി, എൽ.പി വിഭാഗം അദ്ധ്യാപകർ കഴിഞ്ഞുപോട്ടെ.

പക്ഷെ ഇവിടെ സാന്ദർഭികമായി ഉയരുന്ന മറ്റൊരു സംശയമുണ്ട്. വന്യജീവി ആക്രമണത്തിൽ നട്ടം തിരിയുകയാണ് മലയോര ജനത. അവിടുത്തെ വിദ്യാലയങ്ങളിലെ അദ്ധ്യാപകർക്ക് കാട്ടുപന്നിയെ വെടിവയ്ക്കാനും കാട്ടാനയെ മെരുക്കാനും മറ്റു ആക്രമണകാരികളായ ജീവികളുമായി മല്ലിടാനുമുള്ള പരിശീലനം നൽകണമെന്നെങ്ങാനും വനം വകുപ്പും വിദ്യാഭ്യാസ വകുപ്പും കൂടി തീരുമാനിച്ചു പോയാലോ. അല്ല താത്പര്യമുള്ളവർ മാത്രം പരിശീലനത്തിന് പോയാൽ മതിയാവും. പിന്നെ ഒരു കാര്യത്തിൽ മാത്രം ഉറപ്പുണ്ട്, പാമ്പുപിടിത്തമോ, വന്യജീവി വേട്ടയാടലോ എന്തായാലും പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ രാഷ്ട്രീയ ചായ്‌വും ചരിവും പരിഗണിക്കണമെന്നതിൽ തെല്ലും വിട്ടുവീഴ്ച ഉണ്ടാവില്ല.

 ഇതുകൂടി കേൾക്കണേ

കാലഘട്ടത്തിനനുസരണമായി ഓരോ പരിഷ്കാരങ്ങൾ വരുത്തുന്നതിൽ തെറ്റില്ല, എണ്ണപ്പാടത്തേക്ക് തീ വീഴാൻ വഴിയൊരുക്കിയിട്ട്, അഗ്നിശമനത്തിന് ആളെ കൂട്ടുന്നതിലും ഭേദം, അത്തരം മേഖലയിലേക്ക് തീ വീഴാനുള്ള അവസരം ഇല്ലാതാക്കുന്നതല്ലെ.

TAGS: SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.