
പാമ്പുകളെ കുറിച്ചുള്ള പഠനങ്ങള്‍ എന്നും കൗതുകം നിറഞ്ഞ ഒരു വിഷയമാണ്. എത്രയേറെ പഠനം നടത്തുന്നുവോ അത്രയും കൂടുതല്‍ നിഗൂഢമാണ് അവയേക്കുറിച്ചുള്ള വിവരങ്ങള്‍. ഭൂമിയിലെ ഏറ്റവും നിഗൂഢമായ ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് പാമ്പുകള്‍. അവയുടെ പല സവിശേഷതകളും കേട്ടാല്‍ ഞെട്ടലുണ്ടാക്കുന്നവയാണ്. കൊടും വിഷമുള്ള പാമ്പുകള്‍ മുതല്‍ അപകടകാരികളല്ലാത്തവയ്ക്ക് വരെ അവരുടേതായ പ്രത്യേകതകളുണ്ട്.
മറ്റ് ജീവികളില്‍ അപൂര്‍വമായി മാത്രം കാണുന്നതും തീരെ കാണാത്തതുമായ ചില സ്വഭാവവിശേഷങ്ങള്‍ പാമ്പുകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. പാമ്പുകളുടെ മെറ്റബോളിസം വളരെ വ്യത്യസ്തമാണ്. മാസങ്ങളോളം ഇരപിടിച്ചില്ലെങ്കിലും അവയ്ക്ക് ആരോഗ്യത്തിന് ഒരു കുഴപ്പവും സംഭവിക്കാതെ ജീവിക്കാന്‍ കഴിയും. ഊര്‍ജ്ജ ഉപഭോഗം വളരെ കുറവാണ് എന്നതാണ് ഇതിന് കാരണം. വളരെ കുറച്ച് മാത്രം ഊര്‍ജ്ജം ഉപയോഗിക്കുന്നതുകൊണ്ട് തന്നെ അവയ്ക്ക് മനുഷ്യരെപ്പോലെയോ മറ്റ് ജീവികളെപ്പോലെയോ എളുപ്പത്തില്‍ വിശക്കാറില്ല.
ഇരയെ ആക്രമിച്ച് പിടിക്കുമ്പോള്‍ പല്ലുകള്‍ക്ക് കേട് സംഭവിക്കുകയൊ കൊഴിഞ്ഞ് പോകുകയോ ചെയ്താലും പാമ്പുകള്‍ക്ക് അത് പ്രശ്‌നമല്ല. കാരണം ഒരിക്കല്‍ ഇളകിപോയാലും അവയ്ക്ക് എത്ര തവണ വേണമെങ്കിലും പുതിയ പല്ലുകള്‍ വരും. അപകടം മണത്ത് കഴിഞ്ഞാല്‍ ചത്തത് പോലെ കിടക്കാനും ദുര്‍ഗന്ധം പുറപ്പെടുവിക്കാനും ചില പാമ്പുകള്‍ക്ക് കഴിയും. ഇത് പലപ്പോഴും ശത്രുവിന്റെ ആക്രമണത്തില്‍ നിന്ന് അവയെ രക്ഷിക്കുകയും ചെയ്യാറുണ്ട്.
ചില ഇനങ്ങളില്‍പ്പെട്ട പാമ്പുകള്‍ക്ക് മുട്ടയിടാന്‍ ആണ്‍പാമ്പിന്റെ സഹായം ആവശ്യമില്ല. ഈ പ്രക്രിയക്ക് പാര്‍ത്തെനോജെനസിസ് എന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഇടുന്ന മുട്ടകള്‍ വിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാവില്‍ നിന്ന് മാത്രമായിരിക്കും ഡിഎന്‍എ ഉണ്ടായിരിക്കുക. പാമ്പുകളുടെ മറ്റൊരു സവിശേഷത അവയുടെ രണ്ടായി പിളര്‍ന്ന നാവുകളാണ്. ഇത് ഒരു നാവിഗേഷന്‍ ഉപകരണം പോലെയാണ് അവ ഉപയോഗിക്കുകയും ചുറ്റുമുള്ള സാഹചര്യം വിലയിരുത്തുകയും ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |