ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിലെ തിളങ്ങുന്ന പേരുകളിൽ ഒന്ന് ഒരു ഐറിഷ് വനിതയുടേതാണ്. 1847ൽ ആനിവുഡ് എന്ന പേരിൽ ലണ്ടനിൽ ജനിച്ച അവർ പിൽക്കാലത്ത് അറിയപ്പെട്ടത് ആനി ബസന്റ് എന്ന പേരിലായിരുന്നു. ചെറു പ്രായത്തിൽ സെക്യൂലറിസവും മെറ്റീരിയലിസവും പഠിച്ചു തുടങ്ങിയവർ, 19-ാംനൂറ്റാണ്ടിൽ അമേരിക്കയിൽ ആരംഭിച്ച തിയോസഫിക്കൽ സൊസൈറ്റി എന്ന സമാന്തര സംഘടനയുടെ പ്രവർത്തനത്തിലും വ്യാപൃതയാകുന്നുണ്ട്. പിന്നീട് തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമാകുന്ന അവർ സൊസൈറ്റി പ്രവർത്തനങ്ങൾക്കായാണ് ഇന്ത്യയിൽ എത്തുന്നത്.
1893ൽ അങ്ങനെ ഒരു തിയോസഫിസ്റ്റായി എത്തിയ ആനി ബസന്റ് പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ അകൃഷ്ടയായി ഇന്ത്യയിൽ തന്നെ തുടരുന്നു. അങ്ങനെ തുടങ്ങിയ ആ ഇന്ത്യൻ ജീവിതം അധികം വൈകാതെ അവരെ ഒരു സാമൂഹിക പരിഷ്കർത്താവുമാക്കുന്നു. പിന്നീട് ഇന്ത്യ മുഴുവൻ സഞ്ചരിച്ചു പ്രവർത്തിക്കുന്ന അവർ ഒരു ഘട്ടത്തിൽ കേരളത്തിലുമെത്തി. കോഴിക്കോട് ആനി ബസന്റ് ഉദ്ഘാടനം ചെയ്ത ആനി ഹാൾ കേന്ദ്രമായുള്ള തിയോസഫിക്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യ മിശ്രഭോജനം സംഘടിപ്പിച്ചത്.
ജാതി വിവേചനത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ നടന്ന പോരാട്ടങ്ങളുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമർഹിക്കുന്ന സംഭവമായിരുന്നു കോഴിക്കോട് അന്ന് നടന്ന ആ മിശ്രഭോജനം. സാമൂഹിക പരിഷ്കരണങ്ങൾക്കും മത നവീകരണത്തിനും സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്കും ഊർജ്ജം പകർന്ന ചരിത്രമാണ് കോഴിക്കോട്ടെ ആനിഹാളിനും തിയോസഫിക്കൽ സൊസൈറ്റിക്കും പറയാനുള്ളത്. ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രിയായിരുന്നു വി.കെ. കൃഷ്ണമേനോന്റെയും കെ.പി. കേശവമേനോന്റെയും തട്ടകവും കൂടെയായിരുന്നു ആനി ഹാൾ.
തുടക്കം
1875ൽ അമേരിക്കയിലെ ന്യൂയോർക്കിൽ രൂപംകൊണ്ട തിയോസഫിക്കൽ സൊസൈറ്റി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലാണ് കേരളത്തിലും പ്രവർത്തനം തുടങ്ങിയത്. വർണ, വർഗ, ലിംഗ, ജാതി, വംശ ഭേദമെന്യ മാനവസാഹോദര്യത്തിന്റെ കേന്ദ്രമാവുക എന്നതായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനോദ്ദേശം. തിയോസഫിക്കൽ സൊസൈറ്റി ശാഖകൾ ലോഡ്ജുകൾ എന്നാണ് അന്ന് അറിയപ്പെട്ടിരുന്നത്. കോഴിക്കോട്ടേ ലോഡ്ജിന്റെ ആദ്യപേര് ശങ്കരാചാര്യ ലോഡ്‌ജ് എന്നായിരുന്നു. 1902ലാണ് ശങ്കരാചാര്യ ലോഡ്ജ് സ്ഥാപിതമായത്.
നഗരത്തിന്റെ വടക്കുഭാഗത്ത് 1913ൽ അശോക എന്ന പേരിൽ മറ്റൊരു ലോഡ്ജും തുടങ്ങി. പിന്നീട് ഇവ ചേർന്ന് അശോകശങ്കര തിയോസഫിക്കൽ ലോഡ്‌ജായി മാറി. തിരൂരിൽ തുടങ്ങിയ ലോഡ്ജാണ് കോഴിക്കോട്ടും ലോഡ്ജ് തുടങ്ങുന്നതിന് പ്രചോദനമായത്. തിരൂർ ലോഡ്‌ജിൽ പ്രഭാഷണം നടത്തിയിരുന്ന കെ. നാരായണസ്വാമി അയ്യരെ വേദാന്ത തത്പരനായിരുന്ന ബംബ്ലാശ്ശേരി രാമുണ്ണിമേനോൻ കോഴിക്കോട്ടേക്ക് ക്ഷണിച്ചു വരുത്തി. അയ്യർ ഇന്ത്യയിലെത്തന്നെ സൊസൈറ്റിയുടെ പ്രധാനപ്രചാരകനും ഹിന്ദുദർശനങ്ങളിലും തിയോസഫിയിലും ഒരുപോലെ പണ്ഡിതനുമായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കോഴിക്കോട്ടെ പൗരപ്രമുഖരിൽ തിയോസഫിയോടുള്ള താത്പര്യം വളർത്തി. അങ്ങനെയാണ് കോഴിക്കോട്ടെ ലോഡ്‌ജിന് തുടക്കംകുറിച്ചത്.
ഒരുവർഷത്തെ പ്രവർത്തനത്തെത്തുടർന്ന് ലോഡ്ജിന് സ്വന്തമായി കെട്ടിടം വേണമെന്ന ആവശ്യം ഉയർന്നുവന്നു. 1903 നവംബർ 17ന് നഗരത്തിലെ പൗരപ്രമുഖനും ജന്മിയുമായിരുന്ന കല്ലിങ്കൽ രാരിച്ചൻ മൂപ്പൻ 54.75 സെന്റ് സ്ഥലം ലോഡ്ജിന് കൈമാറി. ആനി ബസന്റിന്റെ അനുയായിയും സ്വാതന്ത്ര്യസമരപോരാളിയുമായ മഞ്ചേരി രാമയ്യരുടെയും രാമുണ്ണിമേനോന്റെയും നേതൃത്വത്തിലായിരുന്നു ഹാൾ നിർമ്മാണം. 1904 ജനുവരി 23ന് ആനി ബസന്റ് ശാഖാമന്ദിരം ഉദ്ഘാടനംചെയ്തു. അതിന്റെ ഓർമയ്ക്കായി മന്ദിരത്തിന് ആനിഹാൾ എന്ന പേരുനൽകി. ആനിഹാൾ ഉദ്ഘാടനത്തിനുവന്ന ആനി ബസന്റ് താമസിച്ച അതേപറമ്പിലെ വീടിന് ഉടമ മഞ്ചേരി രാമയ്യർ ബസന്റ് ആശ്രമം എന്നുപേരിട്ടു.
1918ൽ ഇന്ത്യയിൽ സ്കൗട്ട് പ്രസ്ഥാനത്തിന് തുടക്കംകുറിച്ചതും ആനി ബസന്റായിരുന്നു. 1921ൽ അത് ലോക സ്കൗട്ട് സംഘടനയുടെ ഭാഗമാക്കപ്പെട്ടു. അന്ന് ആനി ബസന്റിന്റെ സ്കൗട്ട് ഉദ്യോഗസ്ഥരിൽ പ്രധാനിയായിരുന്നു പിന്നീട് ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രിയായ കോഴിക്കോട് സ്വദേശി വി.കെ. കൃഷ്ണമേനോൻ. 1918ൽ അദ്ദേഹം മലബാറിൽ വന്ന് സ്കൗട്ടിനെ പല ഗ്രൂപ്പുകളായി തിരിച്ചു. മലബാറിലെ പ്രാദേശിക കമ്മിഷണറായി അദ്ദേഹം മഞ്ചേരി രാമയ്യരെ നിയമിച്ചു. അതിന്റെ പ്രാരംഭചടങ്ങുകൾ നടന്നതും കോഴിക്കോട്ടെ ആനിഹാളിലായിരുന്നു. ലോഡ്ജിന്റെ ഉപസംഘടനയായി 1946ൽ ബസന്റ്റ് സ്‌കൗട്ട് എന്നപേരിൽ ഒരു ട്രൂപ്പും തുടങ്ങി. ആ വർഷം തന്നെ ലോട്ടസ് സർക്കിൾ എന്ന പേരിൽ മറ്റൊരു സംഘടനയും ആനിഹാളിന്റെ നേതൃത്വത്തിൽ സ്ഥാപിതമായി.
ആദ്യ മിശ്രഭോജനം
ഇന്ത്യയിലെ സാമൂഹിക വൈരുധ്യങ്ങൾക്കെതിരെ സംഘടിതസമരം നടത്താൻ ആനി ബസന്റ് 1914ൽ ആദർശപ്രതിബന്ധതയുള്ള ചിലരെ തിരഞ്ഞെടുത്തു. ധർമധീരന്മാരെന്നാണ് ഇവരെ വിളിച്ചിരുന്നത്. ജാതിമൂലമുള്ള അസമത്വം, ശൈശവവിവാഹം, സ്ത്രീകളുടെ പിന്നാക്കാവസ്ഥ, വർണവിദ്വേഷം എന്നിവയെ ഉന്മൂലനംചെയ്യലായിരുന്നു ലക്ഷ്യം. മഞ്ചേരി രാമയ്യർ അതിലെ ഒരംഗമായിരുന്നു. പ്രതിജ്ഞ പ്രാവർത്തികമാക്കാൻ രാമയ്യരും ലോഡ്‌ജ് അംഗങ്ങളായ ടി.എൻ. കൃഷ്ണശാസ്ത്രിയും കെ.വി. അനന്തരാമയ്യരും 1915 ഫെബ്രുവരിയിൽ തിയ്യസുഹൃത്തിന്റെ വിവാഹസത്കാരത്തിൽ തിയ്യരോടൊപ്പം സദ്യകഴിച്ചു.
രാമയ്യരുടെയും കൂട്ടുകാരുടെയും സമരപ്രഖ്യാപനം യാഥാസ്ഥിതിക ബ്രാഹ്മണർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കി. വൈദിക കോടതി മൂന്നുപേരെയും കുടുംബങ്ങളെയും ജാതിയിൽനിന്ന് പുറത്താക്കി. എന്നാൽ, സമുദായത്തിലെ പുരോഗമനവാദികൾ രാമയ്യരുടെ പക്ഷത്തുചേർന്നു. രണ്ടുവർഷത്തിനകം സവർണ-അവർണ പന്തിഭോജനം കൂറേക്കൂടി സാധാരണമായി. 1917ൽ ആനിഹാളിൽ തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വമി അയ്യർക്ക് മഞ്ചേരി രാമയ്യർ നൽകിയ വിരുന്നിൽ അയ്യരും നായരും തീയരും മുക്കുവനും മുസ്ലിലിമും ക്രിസ്ത്യനും യൂറോപ്യനും ഒരുമിച്ചിരുന്ന് ഭക്ഷണംകഴിച്ചു.
ഗുരുവിന്റെ സന്ദർശനം
കോഴിക്കോട്ട് ക്ഷേത്ര ശിലാസ്ഥാപനത്തിനെത്തിയപ്പോഴാണ് ശ്രീനാരായണഗുരു ആനിഹാളിലെത്തിയത്. 1909 ജനുവരി 15ന് ആനിഹാളിൽ ഗുരുവിന് സ്വീകരണമൊരുക്കി. ഗുരുവിന് സമർപ്പിച്ച മംഗളപത്രം എഴുതിയത് കുമാരനാശാനായിരുന്നു. സമ്മേളനങ്ങളും സ്വീകരണങ്ങളുംകൊണ്ട് കർമനിരതമായ കാലം പോയ് മറഞ്ഞെങ്കിലും ആനിഹാളിൽ ഇപ്പോഴും തിയോസഫിക്കൽ സൊസൈറ്റി അംഗങ്ങൾ സ്ഥിരമായി ഒത്തുചേരുന്നു. നിലവിൽ 25 അംഗങ്ങളാണ് കോഴിക്കോട് കേന്ദ്രത്തിനുള്ളത്. ആഴ്‌ചയിൽ രണ്ടുദിവസം യോഗംചേരാറുണ്ട്. കാലപ്പഴക്കം കാരണം ആനിഹാൾ ഇന്ന് നാശത്തിന്റെ വക്കിലാണ്. കെട്ടിടം അറ്റകുറ്റപ്പണിനടത്തി നവീകരിക്കേണ്ടതുണ്ട്.
സനാതനധർമം മാസിക
1911ൽ ലോഡ്‌ജ് തേലപ്പുറത്ത് നാരായണൻ നമ്പിയുടെ പത്രാധിപത്യത്തിൽ 'സനാതനധർമം' മാസിക ആരംഭിച്ചു. ആദ്ധ്യാത്മികസാഹിത്യരംഗത്ത് മാസിക 22 വർഷം പ്രവർത്തിച്ചു. വള്ളത്തോളും ഉള്ളൂരും നാലപ്പാടനും മാസികയിൽ സ്ഥിരം എഴുത്തുകാരായിരുന്നു. ശ്രീനാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം പ്രസിദ്ധീകരിച്ചത് സനാതനധർമത്തിലാണ്. ലൈറ്റ് ഓഫ് ഏഷ്യയുടെ നാലപാടന്റെല പരിഭാഷയും മാസികയിലൂടെ വെളിച്ചം കണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |