കോഴിക്കോട്: കുരങ്ങിനെ വിരട്ടിയോടിക്കാനെത്തിയ കർഷകന് കരിക്കേറുകൊണ്ട് ഗുരുതരമായി പരിക്കേറ്റു.
കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ കൺവീനറായ രാജു ജോൺ തുരുത്തിപ്പള്ളി (57)ക്കാണ് പരിക്കേറ്റത്. നെറ്റിക്കും കണ്ണിനും മുഖത്തും സാരമായി മുറിവേറ്റ രാജു ആദ്യം ചുങ്കത്തെ സ്വകാര്യ കണ്ണാശുപത്രിയിലും പിന്നീട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
വെളളിയാഴ്ച ഉച്ചയോടെ വീട്ടുപുരയിടത്തോടു ചേർന്ന തോപ്പിലെ തേങ്ങ പെറുക്കിക്കൂട്ടാൻ എത്തിയതായിരുന്നു രാജു. കൃഷിയിടത്തിൽ കൂട്ടമായെത്തിയ കുരങ്ങുകൾ നാളികേരം പറിച്ചിടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവയെ എറിഞ്ഞോടിക്കാൻ ശ്രമിച്ചു. അതിനിടെ കൂട്ടത്തിലൊരു കുരങ്ങ് കരിക്ക് പറിച്ച് രാജു ജോണിനെ എറിയുകയായിരുന്നു. മേഖലയിൽ ഏറെ നാളായി കുരങ്ങുശല്യം ഉണ്ടെങ്കിലും ഇതാദ്യമായാണ് അവിടെ ഇത്തരമൊരു സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമിച്ചാൽ അതേ നിലയിൽ തിരിച്ചാക്രമിക്കുന്ന ശീലം കുരങ്ങിനുണ്ടെന്നത് പരക്കെ അറിയപ്പെടുന്ന കാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |