കണ്ണുകൾ പാതിയടച്ച് തംബുരുവിന്റെ ശ്രുതിയിൽ ലയിച്ച്, വർഷങ്ങളായി ഒരു തപസ്യ പോലെ അനുഷ്ഠിക്കുന്ന സംഗീതത്തിൽ പട്ടാഭിരാമൻ മുഴുകി. ആദിതാളം അകമ്പടിയായി. ചരണമെത്തിയപ്പോൾ പ്രകൃതിയും അതിൽ ലയിച്ചു. പുറത്ത് അമൃതവർഷിണി രാഗത്തിൽ മഴ... നന്നായെന്ന് സദസ് പറഞ്ഞപ്പോൾ മഹാനായ ഗുരുവിന്റെ അനുഗ്രഹമായി സർവതും സമർപ്പിച്ച് ആ ശിഷ്യൻ പുഞ്ചിരിച്ചു. പദ്മശ്രീ ഉൾപ്പെടെ നേടിയ സംഗീതകലാനിധി കെ.വി.നാരായണ സ്വാമിയുടെ ശിഷ്യനും കർണാടക സംഗീതജ്ഞനുമായ ടി.എസ്.പട്ടാഭിരാമ പണ്ഡിറ്റിന് സംഗീതം ആത്മാവാണ്. സ്വാതി തിരുനാൾ സംഗീതസഭയുടെ സംഗീതോത്സവത്തിൽ രണ്ടരപതിറ്റാണ്ടായി കീർത്തനം ആലപിക്കുന്ന പട്ടാഭിരാമൻ കേരളകൗമുദിയോട് സംസാരിക്കുന്നു:
സംഗീത കുടുംബം
അമ്മ നാഗരത്നയ്ക്കും അച്ഛൻ സൂര്യ നാരായണനും സംഗീത പശ്ചാത്തലമുണ്ടായിരുന്നു. മൂന്നാംവയസിൽ അമ്മയാണ് സ്വരസ്ഥാനങ്ങൾ പഠിപ്പിച്ചത്. മൈസൂരുവിലായിരുന്നു ജനനം. അച്ഛൻ ബംഗളൂരുവിൽ ഇന്ത്യൻ ടെലഫോൺ ഇൻഡസ്ട്രീസിൽ ചീഫ് ഒഫ് ആർ ആൻഡ് ഡി ആയിരുന്നു. സംഗീതജ്ഞ വല്ലഭം കല്യാണസുന്ദരത്തിന്റെ ശിഷ്യത്വത്തിലായിരുന്നു പിന്നീട് പഠനം. എട്ടുവയസിൽ സംഗീതത്തിനുള്ള സർക്കാരിന്റെ സ്കോളർഷിപ്പ് ലഭിച്ചു. സംഗീതമുനി ഡോ.എസ്.രാമനാഥനു കീഴിലായി തുടർപഠനം. എന്റെ പതിനൊന്നാം വയസിൽ അദ്ദേഹം മരിച്ചു. പിന്നീട് കെ.വി.നാരായണസ്വാമി പഠിപ്പിച്ചു.
'നല്ല ഗുരു അടയറത് റൊമ്പ പുണ്യം..."കെ.വി.നാരായണസ്വാമിയെക്കുറിച്ച് പട്ടാഭിരാമൻ വാചാലനായി. സ്കൂളിൽ പഠിക്കുമ്പോൾ ഒരു കച്ചേരിക്ക് അദ്ദേഹം ബംഗളൂരുവിൽ വന്നിരുന്നു. അന്നെനിക്ക് കന്നട മാത്രമേ അറിയൂ. ശിഷ്യനായി സ്വീകരിക്കണമെന്ന ആവശ്യം അറിയിച്ചപ്പോൾ ഒരു കീർത്തനം പാടാൻ ഗുരു പറഞ്ഞു. പാടിയപ്പോൾ നിറുത്താൻ ആവശ്യപ്പെട്ടു. കുറച്ച് ശബ്ദവ്യായാമങ്ങൾ പറഞ്ഞുതന്നു. അടുത്തദിവസം വരാനും നിർദ്ദേശിച്ചു. ഗുരുവിനും ശിഷ്യനും ഇടയ്ക്കുള്ള ഏക മാദ്ധ്യമം സംഗീതമായിരുന്നു. പിറ്റേദിവസം അച്ഛനൊപ്പം വീണ്ടും പോയി. അന്ന് അച്ഛനോട്, എനിക്ക് സംഗീതത്തിൽ നല്ല വാസനയുണ്ടെന്നും ശിഷ്യനാക്കാൻ തയ്യാറാണെന്നും, എന്നാൽ സംഗീതത്തോട് തീവ്രമായ അഭിരുചിയും അഭിനിവേശവും ഉണ്ടോയെന്ന് തിരിച്ചറിഞ്ഞ ശേഷമേ അവനോടു പറയാവൂ എന്നും അദ്ദേഹം പറഞ്ഞു.
വാക്കു നൽകിയാൽ പാലിക്കുന്നതായിരുന്നു അച്ഛന്റെ സ്വഭാവം. അടുത്തദിവസം ആഗ്രഹത്തോടെ പോയപ്പോൾ ആസ്ട്രേലിയയിലേക്ക് പോവുകയാണെന്നും, മാർച്ചിൽ ചെന്നു കാണാനും ഗുരു ആവശ്യപ്പെട്ടു. പിന്നെയും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. എട്ടുമാസം കഴിഞ്ഞു. ആഗസ്റ്റിൽ മൈസൂരുവിൽ നടക്കുന്ന കച്ചേരിയിൽ വരാൻ പറഞ്ഞു. അന്ന് ഒന്നുകൂടെ പാടാൻ ആവശ്യപ്പെട്ടു. 'കരുണിമംപ..." വർണമാണ് ആലപിച്ചത്. അടുത്ത വിജയദശമിക്ക് അദ്ദേഹം പഠിപ്പിച്ചുതുടങ്ങി. അച്ഛന്റെ സത്യസന്ധത കാരണമാണ് എന്നെ പഠിപ്പിക്കാൻ അദ്ദേഹം തയ്യാറായത്. ഗുരുവിനൊപ്പമുള്ള ഓരോ ദിവസവും ഇത്തരം ഓരോ പരീക്ഷണങ്ങളായിരുന്നു.
സ്വന്തം ശൈലി
സ്വന്തം ശൈലി പിന്തുടരാൻ ഗുരു സ്വാതന്ത്ര്യം നൽകിയിരുന്നു. 'മന്ദക മനചിതവാരണേ...." ഒരിക്കൽ കീർത്തനത്തിൽ ഈ ഭാഗം പാടിയപ്പോൾ അദ്ദേഹം പഠിപ്പിച്ചതിൽ നിന്ന് കുറച്ചു മാറ്റങ്ങൾ വരുത്തി. പണ്ടെപ്പോഴോ ഗുരു അങ്ങനെ പാടുന്നത് കേട്ടിട്ടുണ്ടെങ്കിലും പെട്ടെന്ന് അദ്ദേഹം ക്ഷോഭിക്കുമോ എന്നു ഭയന്നു. പക്ഷേ അദ്ദേഹം അങ്ങനെതന്നെ പാടിക്കൊള്ളാൻ പറഞ്ഞു. അതു നൽകിയ ആത്മവിശ്വാസം ചെറുതല്ല. അന്നു വൈകിട്ട് നടന്ന കച്ചേരിയിൽ ഞാൻ പാടിയ രീതിയിൽ അദ്ദേഹവും അതു പാടി. ജുഗൽബന്ദികൾ പാടുമ്പോഴും വ്യത്യസ്തശൈലി കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
ഗുരുകുല വ്യവസ്ഥയിലാണ് സംഗീതം അഭ്യസിച്ചത്. ജീവിതമെന്തെന്നു പഠിപ്പിച്ചത് സംഗീതമാണ്. അച്ചടക്കം, ക്ഷമ, അനുകമ്പ, കടമ തുടങ്ങിയ ഗുണങ്ങൾ പഠിച്ചു. നല്ല സംഗീജ്ഞനാവാൻ സാധന മാത്രം പോരാ, നല്ല മനുഷ്യനാകണം. ഹൃദയശുദ്ധിയുള്ളവർക്കേ ശ്രുതി ചേർത്ത് പാടാൻ സാധിക്കൂ. നമ്മൾ സന്തോഷത്തോടെ പാടിയാൽ അത് സദസിനും അനുഭവപ്പെടും. പണത്തിനു വേണ്ടി പാടരുത്. സംഗീതത്തിൽ നിന്ന് ലഭിക്കുന്നതൊക്കെ സംഗീതത്തിനായിത്തന്നെ ഉപയോഗിക്കണം. അതാണ് കലാകാരന്റെ കടമ.
പാടുന്ന എൻജിനിയർ
ജി.ഇ ഹെൽത്ത് കെയറിലെ സീനിയർ മാനേജരായ സോഫ്ട്വെയർ എൻജിനിയറാണ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗാണ് പഠിച്ചത്. ഫിലിപ്സ് ഹെൽത്ത് കെയറിലായിരുന്നു ആദ്യം ജോലി ചെയ്തത്. എൻജിനിയറിംഗിൽ എങ്ങനെ എത്തിപ്പെട്ടുവെന്ന് അറിയില്ല. സംഗീതത്തിൽ നിന്ന് പഠിച്ചതൊക്കെ ഔദ്യോഗിക ജീവിതത്തിലും പ്രയോജനപ്പെടുന്നുണ്ട്. നിശിതമായ ചിന്തകൾ സംഗീതം നൽകിയ അനുഗ്രഹമാണ്. ഒരാൾ സംസാരിക്കുമ്പോൾ അയാളുടെ മനസ് വേഗം പിടികിട്ടും. കലാകാരന്മാരുടെ പൊതുഗുണമാണത്. കയ്യടികൾക്കും പണത്തിനുമല്ല, ആത്മസംതൃപ്തിക്കാണ് കച്ചേരികൾ ആലപിക്കുന്നത്.
ബംഗളൂരുവിലാണ് താമസിക്കുന്നതെങ്കിലും കേരളം രണ്ടാം വീടാണ്. സ്വാതി തിരുനാൾ വേദിയിൽ ആദ്യവർഷം പാടാൻ വിളിച്ചത് മുൻ സെക്രട്ടറിയായ ശ്രീകുമാറാണ്. ഇപ്പോഴത്തെ സെക്രട്ടറി വേലായുധനും പിന്തുണയാണ്. കേരളത്തിൽ എല്ലാവർക്കും സംഗീതമറിയാം. പക്ഷേ അവരത് പ്രകടിപ്പിക്കാറില്ല. നല്ല പാട്ടുകൾ കേൾക്കുമ്പോൾ അവർ ഉള്ളുകൊണ്ട് സന്തോഷിക്കും. ഇന്ത്യയെന്നാൽ ഹിന്ദുസ്ഥാനി സംഗീതമെന്ന് വ്യാഖ്യാനിക്കപ്പെടുന്ന, കർണാടക സംഗീതത്തിന്റെ കാൽപ്പാടുകൾ മങ്ങുന്ന കാലത്ത് കേരളം വലിയൊരു പ്രതീക്ഷയാണ്. ഭാര്യ ദീപശ്രീ ഭരതനാട്യം നർത്തകിയും മൈക്രോബയോളജിസ്റ്റും. രണ്ടു മക്കൾ: പാർത്ഥ നാരായണ പണ്ഡിറ്റ്, ത്രയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |