''ഏതെങ്കിലുമൊരു വ്യക്തിയെ, ഉപദേശിച്ച് നന്നാക്കിക്കളയാമെന്ന് മനക്കോട്ടകെട്ടി നടക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളു: സൂക്ഷിച്ചാൽ, ദുഖിക്കേണ്ട! കാരണം, അത്തരമൊരു പൂതി നടക്കില്ലെന്നു മാത്രമല്ല, നമ്മൾ ഉപദേശിക്കുന്നവർ നമ്മുടെ ബദ്ധശത്രുക്കളായി മാറാനാണ് സാദ്ധ്യത കൂടുതൽ! അപ്രകാരം നന്നാക്കാൻ നോക്കുന്നവരുടെ നാവിൽ നിന്ന്, ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത ചിലത് കേൾക്കേണ്ടിവരികയും ചെയ്യും! ഒരേ കുടുംബത്തിലെ അംഗങ്ങളായാലും, അവർ, ഓരോരോ വ്യക്തികളാണ് എന്നുള്ള സത്യം, സ്നേഹാധികത്താലായിരിക്കാം, ഉപദേശിക്കാൻ വെമ്പൽ കൊള്ളുന്ന മുതിർന്ന വ്യക്തികൾ മറന്നുപോകുന്നു! അച്ഛൻ, മകന്റെ ചെയ്തികൾ വിലയിരുത്തുമ്പോൾ, കണ്ണിൽപ്പെടുന്ന തെറ്റുകൾ ഉറക്കെ വിളിച്ചുപറയേണ്ടവയാണോയെന്ന് നന്നായി ആലോചിക്കണം. ശബ്ദം താഴ്ത്തിപറയേണ്ട കാര്യങ്ങൾ, ഉച്ചഭാഷണിയിൽ പറയാൻ ഒരിക്കലും ശ്രമിക്കരുത്! സ്വന്തം അച്ഛനാണ് എന്നുള്ള പരിഗണന എപ്പോഴും തന്റെ മകനിൽ നിന്നുണ്ടായിക്കൊള്ളുമെന്ന് അച്ഛൻ പ്രതീക്ഷിക്കുകയുമരുത് ! നാട്ടുകാരെ ഉപദേശിക്കുമ്പോൾ, ഉപദേശം നൽകുന്ന വ്യക്തിയുടെ, വ്യക്തിത്വം നോക്കി ഒരുപരിധിവരെ, ഉപദേശങ്ങൾ അവർ സ്വീകരിച്ചേക്കാം! എന്നാൽ, നമ്മൾ 'സ്വന്തംചോര"യെന്നൊക്കെ പറയുന്ന ചിലരെ ഉപദേശം നൽകി നന്നാക്കാൻ നോക്കിയാലുള്ള പുകിലിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്! ഇത്തരമൊരു വിശദീകരണം കൂടുതൽ പ്രസക്തമാകുന്നത് സ്വന്തം കുടുംബാംഗങ്ങളുടെ കാര്യത്തിലാണെന്നു കൂടി നമ്മൾ മനസിലാക്കണം!"" തനിക്ക് അടുപ്പമുള്ള ഏതെങ്കിലും കുടുംബത്തിലെ പ്രശ്നങ്ങളെ പരാമർശിച്ചാണോ പ്രഭാഷകൻ ഇപ്രകാരം അസ്വസ്ഥനാകുന്നത് എന്നുള്ള ചിന്തയിലായിരുന്നു സദസ്യർ. ഇത് മനസിലാക്കിയ പോലെ, എല്ലാവരേയും സ്നേഹപൂർവ്വം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ തുടർന്നു:
''മകനെ നിഴൽപോലെ പിൻതുടരുന്ന ഒരച്ഛൻ! നിഴൽപോലെ പിൻതുടരുന്നതിന് ഒരു കാരണം കൂടിയുണ്ട്. മകന് പരിമിതമായ ആയുസേയുള്ളുയെന്ന ഒരു പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ആ പിതാവ് അത്തരമൊരു പരിപാടി ആരംഭിച്ചത്! അങ്ങനെ അവർ യാത്രക്കിടയിൽ ഒരു പുഴയുടെ സമീപമെത്തി. അപ്പോൾ, മകന് ഒരേനിർബന്ധം, ആ പുഴയിൽ ഇറങ്ങി കുളിക്കണം. മകനെ പിൻതിരിപ്പിക്കാനായി ആ പിതാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ മകൻ, പിതാവിന്റെ ആഗ്രഹത്തിനെതിരായി പുഴയിൽ കുളിക്കാൻ തുടങ്ങി. അച്ഛൻ, മകനെ കാത്ത് കരയിലിരിപ്പായി. പെട്ടെന്നാണ് മകന്റെ അടുത്തേക്ക് വെള്ളത്തിനടിയിലൂടെയൊരു നിഴൽ പോലെയെന്തോ അടുക്കുന്നത് അദ്ദേഹം കണ്ടത്. അച്ഛൻ തന്റെ സർവ്വശക്തിയുമെടുത്ത് പുഴക്കടവിലെ പടവിലേക്കുചാടി. അപ്പോഴാണ് അതൊരു മുതലയാണെന്നു മനസിലായത്. തന്റെ മകനെ ലക്ഷ്യമാക്കിയെത്തിയ മുതലയുടെ വായയിൽ നിന്നും കഷ്ടിച്ച് മകനെ പിതാവ് കരയ്ക്ക് വലിച്ചുകയറ്റി. ആശ്വാസമായി! പക്ഷേ, അച്ഛൻ ശക്തിയായി പിടിച്ചുവലിച്ചപ്പോൾ, മകന്റെ കൈയിലും, കാലിലും ചെറിയ പരിക്കുകളുണ്ടായി. അതിനാൽത്തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടി.
വിവരം അറിഞ്ഞെത്തിയ സുഹൃത്തുക്കളും ബന്ധുക്കളും മകനെ രക്ഷിച്ച സ്നേഹനിധിയായ അച്ഛനെ മുക്തകണ്ഠം പ്രശംസിച്ചു.
അപ്പോൾ, ആ മകൻ പറഞ്ഞയൊരു മറുപടി എല്ലാവരുംചില്ലിട്ടു സൂക്ഷിച്ചുവക്കേണ്ടതാണ്: 'ഹോ, എന്തൊരു വേദന, അച്ഛനെന്നെ ഒരു ദയയില്ലാതെ പിടിച്ചു വലിച്ചുകളഞ്ഞു, ഇതിനേക്കാൾ നല്ലത്, മുതലയുടെ വായിൽപ്പെടുന്നതായിരുന്നു!" പ്രിയപുത്രന്റെ തിരുമൊഴി കേട്ട ആ പിതാവ് പിന്നെ ആരോടും ഒന്നും മിണ്ടിയിട്ടില്ല! അത്തരമൊരു കാര്യം പകർന്ന അസ്വസ്ഥതയായിരിക്കാം നിങ്ങൾ, എന്റെ മുഖത്തു കണ്ടത്."" ഇപ്രകാരം, പ്രഭാഷകൻ പറഞ്ഞു നിറുത്തിയപ്പോൾ, സദസിൽ കട്ടിയായ നിശബ്ദത തളംകെട്ടി നിൽക്കുന്ന പ്രതീതിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |