പ്രഖ്യാപനങ്ങൾ എളുപ്പമാണ്; നിർവഹണം ദുഷ്കരവും! ഇപ്പോൾ ഇതു പറയാൻ കാര്യം, ശബരി റെയിൽ പദ്ധതിയുടെ ട്രാക്കിൽ പകുതിച്ചെലവ് എന്നതിനെ ചൊല്ലിയുള്ള തർക്കം വീണ്ടും വഴിമുടക്കി നിൽക്കുന്നതാണ്. ഇതു സംബന്ധിച്ച് 'ശബരി റെയിൽ: പകുതി ചെലവ് കീറാമുട്ടി" എന്ന തലക്കെട്ടിൽ എം.എച്ച്. വിഷ്ണു എഴുതിയ റിപ്പോർട്ട് കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടോളം മുമ്പ് എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെ, അന്നത്തെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട അങ്കമാലി- എരുമേലി ശബരി പാതയാണ് ഇക്കാലമത്രയും പിന്നിട്ടിട്ടും കുരുക്കഴിയാതെ 'പിടിച്ചിട്ടിരിക്കുന്നത്." ആകെയുള്ള 111 കി.മീറ്റർ പാതയിൽ ഏഴു കി.മീറ്റർ പാതയുടെ പണിയും, കാലടി സ്റ്റേഷൻ നിർമ്മാണവും, പെരിയാറിനു കുറുകെ പാലം പണിയും കഴിഞ്ഞ് പദ്ധതി നിശ്ചലമായിട്ടുതന്നെ വർഷം ആറു കഴിഞ്ഞു!
എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിങ്ങനെ നാലു ജില്ലകളിലൂടെ കടന്നുപോകുന്ന നിർദ്ദിഷ്ട പദ്ധതിക്ക് കണക്കാക്കിയിരിക്കുന്ന ആകെ ചെലവായ 3800.93 കോടിയിൽ പകുതി തുക റെയിൽവേ മുടക്കും. ബാക്കി1900.46 കോടി മുടക്കേണ്ടത് സംസ്ഥാനമാണ്. ഈ തുക കിഫ്ബിയിൽ നിന്ന് എടുക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. പക്ഷേ, കിഫ്ബി വഴി എടുക്കുന്ന തുക, കേരളത്തിന്റെ വായ്പാ പരിധിയിൽ വരുമെന്നാണ് കേന്ദ്ര നിലപാട്. ആ ഉപാധി ഒഴിവാക്കണമെന്ന് കേരളം കുറേക്കാലമായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് അംഗവും സംസ്ഥാന ചീഫ് സെക്രട്ടറിയുമായി നടന്ന കൂടിക്കാഴ്ചയിൽ രണ്ടുകൂട്ടരും നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. പകുതി ചെലവ് സംസ്ഥാനം വഹിച്ചുകൊള്ളാമെന്ന സമ്മതം രേഖാമൂലം അറിയിക്കണമെന്നാണ് ബോർഡ് അംഗം രാജേഷ് അഗർവാൾ നിർദ്ദേശിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ആകട്ടെ, കിഫ്ബി വായ്പയ്ക്കു മേലുള്ള കേന്ദ്ര കുരുക്ക് ഒഴിവാക്കണമെന്ന് ആവർത്തിക്കുകയും ചെയ്തു. അതായത്, 'വഞ്ചി പിന്നെയും തിരുനക്കര തന്നെ!"
ശബരി റെയിൽപ്പാത എരുമേലിയിൽ അവസാനിപ്പിക്കുന്നതിനു പകരം പുനലൂർ വരെ നീട്ടിയാൽ അത് കൊല്ലം ജില്ലയ്ക്കു കൂടി പ്രയോജനകരമാകും. വിഴിഞ്ഞത്തു നിന്ന് ഒരു റെയിൽപ്പാത പുനലൂരിലേക്ക് പണിതാൽ ആ പട്ടികയിലേക്ക് തിരുവനന്തപുരം കൂടി വരികയും ചെയ്യും. അപ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തു നിന്ന് തമിഴ്നാട്ടിലേക്ക് നേരിട്ടുള്ള ചരക്കുപാതയെന്ന സ്വപ്നം കൂടി യാഥാർത്ഥ്യമാകും. ഇങ്ങനെ സംസ്ഥാനത്തിന്റെ പകുതിയോളം വരുന്ന മേഖലയ്ക്ക് പല തരത്തിൽ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് പകുതിച്ചെലവിന്റെ ഉടക്കിൽ കുടുങ്ങിക്കിടക്കുന്നത്! അതും, നിർമ്മാണ ജോലികൾക്കായി 286 കോടിയോളം രൂപ ചെലവഴിച്ചതിനു ശേഷം! ശബരി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും, അത് നടപ്പാക്കുമെന്നും കേന്ദ്ര റെയിൽ മന്ത്രി പ്രഖ്യാപിച്ചത് ഈയിടെയാണ്. അതിന്റെ ഉത്തരവ് വൈകാതെ ഇറങ്ങും.
നിർദ്ദിഷ്ട പാതയ്ക്കുള്ള മുഴുവൻ സ്ഥലവും ഒരുമിച്ച് ഏറ്റെടുത്തു നൽകിയാലേ പണി തുടങ്ങൂ എന്നാണ് റെയിൽവേയുടെ നിലപാട്. അതു പറ്റില്ല, അങ്കമാലി മുതൽ രാമപുരം വരെയുള്ള ലൈനിനു വേണ്ടുന്ന ഭൂമി ആദ്യഘട്ടത്തിൽ നല്കാമെന്നും, അവിടെ നിന്ന് എരുമേലി വരെ വേണ്ടിവരുന്ന ഭൂമി രണ്ടാംഘട്ടത്തിലാകാമെന്നും കേരളവും വാദിക്കുന്നു. തർക്കം മതിയാക്കി, പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള വിവേകവും വിട്ടുവീഴ്ചയും ഇരുപക്ഷത്തും ഉണ്ടാകണം. പ്രയോജനം നമുക്കാണ് എന്ന വിചാരവും ആവശ്യബോധവും സംസ്ഥാന സർക്കാർ പുലർത്തുകയും, വികസനത്തിന് ഇത്തരം നിർബന്ധങ്ങൾ തടസമാകരുതെന്ന വിശാലമനസ് കേന്ദ്രം സ്വീകരിക്കുകയും ചെയ്യുകയാണ് വേണ്ടത്. അതിന് വൈകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |