SignIn
Kerala Kaumudi Online
Saturday, 27 April 2024 1.50 AM IST

തലമുറകളിലേക്കൊഴുകുന്ന ഗുരുചൈതന്യം

guru

ശ്രീനാരായണ ഗുരുദേവൻ ജ്ഞാനേന്ദ്രിയത്തെയും കർമ്മേന്ദ്രിയത്തെയും മാനവികതയുടെ കാഴ്ചപ്പാടിൽ കോർത്തിണക്കിയ മഹാഗുരുവാണ്. മഹാസമാധിക്ക് മുമ്പും പിമ്പും വിസ്മയമുളവാക്കുന്നതും അവിശ്വസനീയവുമായ ഒട്ടേറെ അത്ഭുതങ്ങളുണ്ടായിട്ടുണ്ട്.

1888 ശിവരാത്രി നാളിലെ ബ്രഹ്മമുഹൂർത്തത്തിൽ പാവപ്പെട്ട ഗ്രാമീണരുടെയും ശിഷ്യരുടെയും ഭക്തരുടെയും അഭിലാഷം മാനിച്ച് സ്വഹസ്തങ്ങളാൽ ഗുരു ശിവലിംഗ പ്രതിഷ്ഠാകർമ്മം നിർവഹിച്ചു. ആശയവിപ്ളവത്തിന്റെ പടയോട്ടമായിരുന്നു പിന്നീടിങ്ങോട്ട് . പ്രഥമ ശിഷ്യനും കർമ്മയോഗിയുമായിരുന്ന ശിവലിംഗദാസ സ്വാമികൾ വിവരിക്കുന്നത് ഇങ്ങനെ - " നെയ്യാറിലെ ശങ്കരൻകുഴിയിൽ നിന്നും വിഗ്രഹവും പേറി പാറയിലൂന്നിപ്പൊങ്ങി പ്രത്യക്ഷനാകുന്ന ഗുരുവിന്റെ മുഖത്ത് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. അത്രയ്ക്കായിരുന്നു മുഖതേജസ്. വികസിച്ച അരുണാരവിന്ദം പോലെയായിരുന്നു ഗുരുവിന്റെ മുഖം. ശിലയെ പീഠത്തിൽ പ്രതിഷ്ഠിച്ചപ്പോൾ ആ സ്ഥലത്തിന് മുകളിലുള്ള ആകാശത്തിൽ കാന്തിക പ്രസരമുണ്ടാവുകയും ആ പ്രസരത്തിൽ ശില പീഠത്തിൽ ഉരുകിയുറയ്‌ക്കുകയും ചെയ്തു."134 വർഷം കഴിഞ്ഞിട്ടും അരുവിപ്പുറത്ത് പുനഃപ്രതിഷ്ഠ വേണ്ടിവന്നിട്ടില്ല.

ഗുരുദേവൻ അവതാരമെടുക്കുന്നതിന് ശതാബ്ദങ്ങൾക്ക് മുമ്പുതന്നെ ഏകജാതി മതസന്ദേശ വാഹകനായി 1031-ാം ആണ്ട് ചിങ്ങമാസം 14ന് കുജവാരെ ചിങ്ങം ലഗ്‌നത്തിൽ ഒരു ദിവ്യപുരുഷൻ ജനിക്കുമെന്ന് ത്രികാലജ്ഞാനിയായ ശുക്രമഹർഷി അദ്ദേഹത്തിന്റെ ശുക്രസംഹിതയിൽ പ്രവചിച്ചിട്ടുണ്ട്. ഗുരുവിന്റെ അവതാരകാലഘട്ടം പരിശോധിച്ച പണ്ഡിതരെല്ലാം ശുക്രസംഹിതയിൽ പറഞ്ഞിട്ടുള്ള അവതാരം നാരായണഗുരു തന്നെയാണെന്ന് വിശ്വസിക്കുന്നു.

ബ്രഹ്മവിദ്യാലയം സ്ഥാപിക്കാൻ ഗുരുദേവൻ ശിവഗിരിക്കുന്നിന്റെ മുകളിൽ ശിലാന്യാസം നടത്തി. പറവൂർ വേദാന്തി സ്വാമികൾ, ഗുരുദേവന്റെ കാലത്ത് മന്ദിരം പൂർത്തീകരിക്കുമോ? ഗുരുവിന്റെ കാലശേഷം പ്രവർത്തനങ്ങളേറ്റെടുത്ത് നടത്താനാകുമോ എന്ന് സന്ദേഹിച്ചു. കാലത്തിനപ്പുറം കാണുന്ന ഗുരുദേവന്റെ മറുപടി " അതിന് പറ്റിയ ഒരാൾ അപ്പോൾ വന്നുചേരും" എന്നായിരുന്നു.

ത്രികാലജ്ഞാനിയായി പരമഹംസർ മഹാസമാധിയോടടുത്ത നാളുകളിൽ കൂടുതൽ തേജോമയനായിരുന്നു. ശിഷ്യർ വിങ്ങിപ്പൊട്ടുന്ന മനസുമായി കാണപ്പെട്ടു. അപ്പോൾ ഗുരുദേവന്റെ മൊഴിമുത്ത് " നാം ഇവിടെ ഒരു യന്ത്രം സ്ഥാപിച്ചിട്ടുണ്ട്, പ്രതിബന്ധങ്ങളെല്ലാം നീക്കി യാതൊരു കോട്ടവും കൂടാതെ ആ യന്ത്രം എന്നെന്നും പ്രവർത്തിച്ചുകൊള്ളും."

94 വർഷം കഴിഞ്ഞിട്ടും ധർമ്മസംഘമാകുന്ന യന്ത്രത്തിലൂടെ ഗുരുദേവൻ കർമ്മയജ്ഞം തുടരുന്നു.

‌ഗുരുദേവന്റെ മഹാസമാധി സമയത്ത് പ്രിയശിഷ്യനും സിദ്ധനുമായിരുന്ന ഭൈരവൻ സ്വാമികൾ അരുവിപ്പുറത്തായിരുന്നു. തത്‌ക്ഷണം അദ്ദേഹത്തിന് സമാധിയെക്കുറിച്ച് വെളിപാടുണ്ടായി. ഗുരുദേവന്റെ ചിത്രത്തിന് മുന്നിൽ കർപ്പൂരദീപം തെളിച്ചു. ഗുരുവിന്റെ വേർപാടിൽ ഏറെ ദുഃഖിതനായി. ഉപവാസം അനുഷ്ഠിച്ചു. ഉറങ്ങാൻ കഴിയാതെയായി. സ്വാമികളുടെ കൈവശമുണ്ടായിരുന്ന രത്‌നകല്ല് തൃപ്പാദത്തിൽ സമർപ്പിച്ച് ഗുരുവില്ലാത്ത ലോകത്ത് ജീവിക്കേണ്ടെന്നുവരെ ചിന്തിച്ചു. രാത്രി ഏറെ വൈകിയപ്പോൾ നേരിയ മയക്കത്തിനിടയിൽ തൃപ്പാദങ്ങളുടെ ദിവ്യദർശനം ഭൈരവൻ സ്വാമികൾക്ക് ലഭിച്ചു.

"വിഷമിക്കേണ്ട, നാമൊരിടത്തും പോയിട്ടില്ല. ശരീരനാശം ആത്മനാശമല്ല. നാമെന്നും നിങ്ങളോടൊപ്പമുണ്ടാകും" ഞെട്ടിയുണർന്ന ഭൈരവൻ സ്വാമികൾ ദർശനാനുഭൂതിയിൽ ലയിച്ചു. തുടർന്ന് സ്വാമികളുടെ ജീവിതകാലം മുഴുവൻ ആഗ്രഹിക്കുന്ന സമയങ്ങളിലെല്ലാം മഹാഗുരുവിന്റെ ദർശനം ലഭിച്ചുകൊണ്ടേയിരുന്നു.

മഹാസമാധി കഴിഞ്ഞ് കുറെ വർഷങ്ങൾക്കുശേഷം 'സമയമാകുമ്പോൾ ഒരാൾ വരും' എന്ന ഗുരുകല്പന യാഥാർത്ഥ്യമാക്കി അതീവ ഗുരുഭക്തനായ എം.പി മൂത്തേടത്ത് സമാധിമണ്ഡപത്തിന്റെയും ബ്രഹ്മവിദ്യാമന്ദിരത്തിന്റെയും ഗുരുദേവ പ്രതിമയുടേയും നിർമ്മാണമേറ്റെടുത്തു. 1953 ൽ ആരംഭിച്ച നിർമ്മാണം സ്വന്തം ചെലവിലും മേൽനോട്ടത്തിലും പൂർത്തീകരിച്ച് പാദകാണിക്കയായി ഗുരുവിന് സമർപ്പിച്ചു.

സമാധി മണ്ഡപത്തിലെ ഗുരുദേവപ്രതിമ നിർമ്മിക്കാൻ ഏല്‌പിച്ചത് ശില്പിയായ ബനാറസുകാരൻ പ്രൊഫ. മുഖർജിയെ ആയിരുന്നു. അദ്ദേഹം നാലുവർഷം ശ്രമിച്ചിട്ടും നിർമ്മാണമാരംഭിക്കാൻ കഴിഞ്ഞില്ല. 1965 ൽ ശ്രീനാരായണ തീർത്ഥസ്വാമികൾ പ്രാർത്ഥനാനിർഭരമായ മനസോടെ ശില്പിയുമായി സംസാരിച്ചു. നിസഹായത വെളിവാക്കിയ മുഖർജി ഒന്നുകൂടി ശ്രമിക്കാമെന്ന് പറഞ്ഞു. പിറ്റേദിവസം അതിരാവിലെ ശ്രീനാരായണ തീർത്ഥസ്വാമികൾ മുഖർജിയുടെ അടുക്കലെത്തിയപ്പോൾ നാലുവർഷത്തിലേറെ പരിശ്രമിച്ചിട്ടും നടക്കാത്ത പ്രതിഷ്ഠാ രൂപരേഖ ഭംഗിയായി പൂർത്തീകരിച്ചിരിക്കുന്നു. അത്ഭുതാനന്ദവും അതിലേറെ ഭക്തിയും മൂലം പതറിക്കൊണ്ട് ശില്പിപറഞ്ഞ വാക്കുകൾ "ഇന്നലെ രാത്രി ഞാൻ തൃപ്പാദങ്ങളെ സ്വപ്നംകണ്ടു, അദ്ദേഹമെന്നെ തലോടി !! മന്ദഹാസം തൂകുന്ന മുഖം ഞാൻ വ്യക്തമായിക്കണ്ടു. ഞാൻ സംസാരിച്ചു. പെട്ടെന്ന് ആ ദിവ്യരൂപം മറഞ്ഞു. ബ്രഹ്മമുഹൂർത്തത്തോട് അടുക്കുന്ന സമയം സ്വപ്നത്തിൽക്കണ്ട രൂപം ഞാൻ ശില്പമാതൃകയിൽ പകർത്താൻ ശ്രമിച്ചു. അത്ഭുതമെന്ന് പറയട്ടെ ദർശനം ലഭിച്ച മുഖം നിഷ്‌പ്രയാസം രൂപപ്പെടുത്താൻ കഴിഞ്ഞു. ഞാൻ ധന്യനായി" മഹാസമാധിക്ക് ശേഷം മുപ്പത്തിയേഴാം വർഷമായിരുന്നു ഇൗ അത്ഭുതം .

മഹാതീർത്ഥാടനത്തോടനുബന്ധിച്ച് എല്ലാ പുതുവർഷപുലരിയിലും ഗുരുദേവന്റെ ചൈതന്യവത്തായ സാന്നിദ്ധ്യം ഭക്തർക്ക് അനുഭവിച്ചറിയാം.

ലേഖിക കൊല്ലം എസ്.എൻ വനിതാ കോളേജിൽ അസി.പ്രൊഫസറാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GURU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.