മലയോര കർഷകരുടെ മനസിലും മണ്ണിലും കൈയൊപ്പു ചാർത്തിയ ഒന്നാണ് ഓണസമ്മാനമായി മന്ത്രിസഭ അംഗീകാരം നൽകിയ ഭൂപതിവ് നിയമങ്ങളുടെ ഭാഗമായ ഭൂപതിവ് ചട്ടം. റവന്യു വകുപ്പ് ഏറെ ശ്രദ്ധയോടെ, സുതാര്യവും ലളിതവുമായാണ് ഭൂപതിവ് ചട്ടം സംസ്ഥാനത്തിനു മുമ്പാകെ സമർപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഭൂപ്രശ്നം പരിഹരിക്കുമെന്നും ഇതിനായി ഭൂപതിവ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മുന്നോട്ടുവച്ച പ്രകടന പത്രികയിലെ 380-ാം വാഗ്ദാനമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും നിർണായകമായ നിയമ ഭേദഗതിക്ക് കഴിഞ്ഞ സെപ്തംബർ 14- ന് സംസ്ഥാന നിയമസഭ വേദിയായി.
മലയോര മേഖലയിലെ ജനങ്ങളുടെ ആറര പതിറ്റാണ്ടു നീണ്ട ഭൂപ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനാണ് 1960-ലെ നിയമത്തിൽ ഭേദഗതി വരുത്തിയതും, അതിന്റെ ഭാഗമായുള്ള പുതിയ ചട്ടങ്ങളും. ഈ സെപ്തംബർ പകുതിയോടെ നിയമസഭാ സബ്ജറ്റ് കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം ചട്ടം യാഥാർത്ഥ്യമാകും. 1960-ലെ ഭൂപതിവ് നിയമവും ചട്ടങ്ങളും പ്രകാരം, വീട് നിർമ്മാണത്തിനും കൃഷിക്കുമാണ് പ്രധാനമായും ഭൂമി പതിച്ചുനൽകിയത്. എന്നാൽ കാലാന്തരത്തിൽ ഭൂമിയുടെ വിനിയോഗത്തിൽ വലിയ മാറ്റങ്ങളുണ്ടായി. പട്ടയഭൂമിയിൽ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ജീവിതോപാധിക്കായി നിർമ്മിച്ച ചെറുകിട സ്ഥാപനങ്ങളും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കുമൊക്കെയായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു.
ഭേദഗതി
എന്തിന്?
ഭൂപതിവ് നിയമത്തിനും ചട്ടത്തിനും വിരുദ്ധമായാണ് ഭൂവിനിയോഗം നടക്കുന്നതെന്നു കാണിച്ച് വിവിധ സംഘടനകൾ, ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് പ്രശ്നങ്ങളുടെയെല്ലാം തുടക്കം. 2010 ജനുവരി 21ന് 1801/2010 എന്ന പൊതുതാത്പര്യ ഹർജിയിലെ വിധിയുടെ അടിസ്ഥാനത്തിൽ മൂന്നാറിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ഇതിലൂടെ നിർമ്മാണ മേഖലയിലെ പ്രതിസന്ധി ആദ്യം മൂന്നാറിലെ എട്ട് വില്ലേജുകളിലും, പിന്നീട് ഇടുക്കി ജില്ലയിലെമ്പാടുമായി. ഒരു ഘട്ടത്തിൽ നിരോധനം സംസ്ഥാനത്തിനാകെ ബാധകമാകുമെന്ന തരത്തിൽ ഉത്തരവുണ്ടായി. ഇത് കേരളത്തിന്റെ സാമൂഹിക ജീവിതത്തെയാകെ ബാധിക്കുന്ന ഒരു സാഹചര്യത്തിലാണ് ഭൂപതിവ് നിയമം ഭേദഗതി ചെയ്യണമെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ എത്തിയത്.
ഭേദഗതി നിയമം പാസാക്കിയതിനെ തുടർന്ന് സർക്കാരിന്റെ ലക്ഷ്യം എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന ചട്ടം കൂടി കൊണ്ടുവരിക എന്നതായിരുന്നു. ശ്രമകരമായ ആ ദൗത്യത്തിന്റെ ഭാഗമായി നിരവധി കോടതി വിധികൾ പരിശോധിക്കേണ്ടി വന്നു. 1960- ലെ ഭൂപതിവ് നിയമത്തിൽ 1964-ലെ ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയെ സംബന്ധിച്ചായിരുന്നു പല കോടതി ഉത്തരവുകളും. എന്നാൽ 64-ലെ ചട്ടം മാത്രം തിരുത്തിയാൽ പരിഹരിക്കപ്പെടുന്ന പ്രശ്നമായിരുന്നില്ല അത്. 1960-ലെ നിയമത്തിന്റെ ഭാഗമായി ഉണ്ടാക്കിയ വിവിധങ്ങളായ ചട്ടങ്ങൾ കൂടി സാധുവാകുന്ന വിധത്തിലാവണം പുതിയ ചട്ടമെന്ന് സർക്കാർ നിശ്ചയിച്ചു. സൂക്ഷ്മതലത്തിലുള്ള നിയമ പരിശോധനകൾ ഇതിന് ആവശ്യമായി വന്നു. ചട്ടം അനാവശ്യ വിവാദങ്ങൾക്ക് വിധേയമാകരുതെന്നും ജനങ്ങൾക്ക് അമിത ഭാരം അടിച്ചേൽപ്പിക്കരുതെന്നുമുള്ള ലക്ഷ്യം കൂടി സർക്കാരിനും റവന്യു വകുപ്പിനുമുണ്ടായിരുന്നു. മലയോര മേഖല അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ഉതകുന്നതും ആധുനിക കാലത്തിന് അനുസൃതവുമായ ഭൂവിനിയോഗ സാദ്ധ്യതകൾക്ക് ഒരു തുടക്കമായിരിക്കും പുതിയ ചട്ടം.
രണ്ട് പ്രധാന
വകുപ്പുകൾ
നിലവിലുള്ള വ്യവസ്ഥാ ലംഘനങ്ങൾ ക്രമീകരിക്കുന്നതിനുള്ള 4 എ (1) വകുപ്പും, പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിന് അനുവാദം നൽകുവാൻ സർക്കാരിന് അധികാരം നൽകുന്ന 4 എ ( 2) വകുപ്പും പ്രധാനമാണ്. ചട്ടത്തിന്റെ മൂന്നാമത് വ്യവസ്ഥ, സൗജന്യമായ ക്രമവൽക്കരണം സംബന്ധിച്ചാണ്. എല്ലാ വീടുകളും പൊതു കെട്ടിടങ്ങളും എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും, ഒപ്പം 3000 ചതുരശ്ര അടി വിസ്തീർണമുള്ള ചെറുകിട നിർമ്മാണങ്ങളും 'ഡീംഡ് റഗുലറൈസേഷൻ" വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വ്യവസ്ഥാ ലംഘനം ക്രമപ്പെടുത്തി നല്കുന്നതിലൂടെ ഖജനാവിലേക്ക് പണം എത്തിക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം. മറിച്ച്, ഏറ്റവും ലളിതമായ രീതിയിൽ അപേക്ഷകർക്ക് കൈകാര്യം ചെയ്യാനാവുന്ന ഒരു ചട്ടം പ്രാവർത്തികമാക്കുക എന്നതാണ്.
കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ, കാർഷികോത്പന്ന നിർമിതിക്ക് കെട്ടിടം പണിയുന്നതിനോ, ആരാധാനാലയങ്ങൾക്കോ, സർക്കാർ അംഗീകാരമുള്ളതോ, യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തതോ ആയ സ്ഥാപനങ്ങൾ അൺ എയ്ഡഡ് ആണെങ്കിൽപ്പോലും ഫീസ് ഈടാക്കുകയില്ല. സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികൾ, അംഗീകൃത സാമൂഹിക സംഘടനകൾ, രജിസ്റ്റേർഡ് സഹകരണ സംഘങ്ങൾ എന്നിവ ഉപയോഗിക്കുന്ന കെട്ടിടങ്ങൾ, സമയപരിധി ലംഘിച്ച് ഭൂമി കൈമാറ്റം ചെയ്ത കേസുകൾ എന്നിവയ്ക് ഒരു ശതമാനം ഫീസ് ഈടാക്കും. ഏറ്റവും ചെറുകിടക്കാരായ കച്ചവടക്കാർക്ക് 3000 ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമിക്ക് പണം ഈടാക്കില്ലെന്നു മാത്രമല്ല, 3000 മുതൽ 5000 ചതുരശ്ര അടി വരെയുള്ള ഭൂമിക്ക് ന്യായ വിലയുടെ അഞ്ചു ശതമാനം തുക മാത്രം അടച്ചാൽ മതി.
ഇങ്ങനെ, സാധാരണക്കാരെ ഒരുവിധത്തിലും ബാധിക്കാത്ത വിധമാണ് ചട്ടത്തിലെ വ്യവസ്ഥ. 1960-ലെ ഭൂപതിവ് നിയമത്തിന്റെ ഭാഗമായ 11 ചട്ടങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കൂടി പരിഹരിക്കാൻ കഴിയുന്ന വിധത്തിലാണ് 13 വ്യവസ്ഥകളോടെ പുതിയ ചട്ടം നിർമ്മിച്ചിരിക്കുന്നത്. ഇനി ഏതെങ്കിലും വ്യവസ്ഥ കൂടി ചേർക്കേണ്ടതുണ്ടെങ്കിൽ അതിനുള്ള പ്രത്യേക അധികാരം സർക്കാരിന് നൽകിക്കൊണ്ടാണ് ഇതിലെ 13-ാമത്തെ വ്യവസ്ഥ തയ്യാറാക്കിയിരിക്കുന്നത്. ഈ ചട്ടഭേദഗതി മലയോര മേഖലയിലെ ജനങ്ങൾക്ക് അവരുടെ ജീവിതത്തിലെ എല്ലാ ഭൂ പ്രതിസന്ധികളെയും മറികടക്കാനുള്ള ആദ്യ തീരുമാനമായി മാറും.
(ബോക്സ്)
ഒരു അപേക്ഷയും
നിരസിക്കില്ല
റവന്യു വകുപ്പിന്റെ റെലിസ് പോർട്ടലിലെ പ്രത്യേക ഓപ്ഷനിൽ ജില്ല, താലൂക്ക്, തണ്ടപ്പേര് എന്നിവ നൽകിയാൽ അപേക്ഷകരുടെയും ഭൂമിയുടെയും പൂർണ വിവരങ്ങൾ കാണാനാകും. ഇതോടൊപ്പം ഓൺലൈനായിത്തന്നെ ലഭിക്കുന്ന 50 രൂപയുടെ ഇ- ചലാൻ (ഇ- മുദ്രപ്പത്രം) വഴി ഒരു സത്യവാങ്മൂലം കൂടി അപ്ലോഡ് ചെയ്യണം. വീട്ടിലിരുന്നു തന്നെ ഈ നടപടി പൂർത്തിയാക്കാം. അപേക്ഷ രജിസ്റ്റർ ചെയ്യപ്പെട്ടാൽ പരിശോധനയ്ക്ക് പ്രത്യേകം കാലതാമസമില്ലാതെ തുടർനടപടികളിലേക്കു പോകുന്ന ഒരു ഉത്തരവ് ഇതിന്റെ ഭാഗമായി വരും.
90 ദിവസത്തിനകം ഏതെങ്കിലും സാഹചര്യത്തിൽ അപേക്ഷ പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് പാസായതായി കരുതുന്ന വിധത്തിലുള്ള ഒരു നടപടിക്രമവും ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അപേക്ഷയും ഒപ്പം നൽകിയ രേഖകളും പരിശോധിച്ച ശേഷം അത് ക്രമപ്രകാരമല്ലെന്നോ അപൂർണമാണെന്നോ കണ്ടെത്തിയാൽ, അധികാരപ്പെട്ട ഉദ്യോഗസ്ഥൻ അപേക്ഷ തള്ളാതെ, 30 ദിവസത്തിനകം അപേക്ഷകന് തിരികെ നൽകുകയും പോരായ്മകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |