
ഒരു പുതുവർഷം കൂടി എത്തുന്നു. ലോക ഭൂപടത്തിൽ 2025-നെ അടയാളപ്പെടുത്തിയ ഏറ്റവും പ്രധാന സംഭവങ്ങളിലൂടെ...
ടിബറ്റ് ഭൂകമ്പം: ജനുവരി 7: ടിബറ്റിലെ ടിൻഗ്രി കൗണ്ടിയിൽ ഭൂകമ്പം, മരണസംഖ്യ 126.
കാലിഫോർണിയയിൽ കാട്ടുതീ: ജനുവരി 7: യു.എസിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസ് മെട്രോപൊളിറ്റൻ മേഖലയിലും സാൻ ഡിയാഗോ കൗണ്ടിയിലും വിനാശകരമായ കാട്ടുതീ. 24 ദിവസത്തിനിടെ കത്തിനശിച്ചത് 57,529 ഏക്കർ പ്രദേശം. 31 പേർക്ക് ജീവൻ നഷ്ടമായി.
ട്രംപിന്റെ സ്ഥാനാരോഹണം : ജനുവരി 20: യു.എസിന്റെ 47 -ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് (79) അധികാരത്തിലേറി. ഇറക്കുമതി തീരുവ ചുമത്തിയുള്ള ട്രംപിന്റെ ഷോക്ക് ലോകരാജ്യങ്ങളിൽ ആഞ്ഞടിച്ചു. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തി. കുടിയേറ്റ, വിസാ മാനദണ്ഡങ്ങൾ കടുപ്പിച്ചു. സുഹൃദ് രാജ്യങ്ങളോടു പോലും കൊമ്പുകോർത്തു. ഗാസ അടക്കം ലോക സംഘർഷങ്ങളിൽ മദ്ധ്യസ്ഥത വഹിച്ച് വാർത്തകളിലും നിറഞ്ഞു. 2022 മുതൽ തുടരുന്ന യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമം ഇനിയും വിജയിച്ചിട്ടില്ല.
മ്യാൻമർ ഭൂകമ്പം: മാർച്ച് 28: മ്യാൻമറിൽ 5352 പേരുടെ ജീവനെടുത്ത് വൻ ഭൂകമ്പം. തീവ്രത റിക്ടർ സ്കെയിലിൽ 7.7. അയൽരാജ്യമായ തായ്‌ലൻഡിലും നാശം- 103 മരണം.
വലിയ ഇടയന്റെ
വിയോഗം
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: ഏപ്രിൽ 21: ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) നിത്യതയിൽ ലയിച്ചു. ബെനഡിക്‌ട് പതിനാറാമന്റെ പിൻഗാമിയായി 2013 മാർച്ച് 13-നാണ് അദ്ദേഹം കത്തോലിക്കാ സഭയുടെ തലപ്പത്തെത്തിയത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ്. എട്ടാം നൂറ്റാണ്ടിലെ ഗ്രിഗറി മൂന്നാമനു ശേഷം യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയുടെ പദവിയിലെത്തിയ ആദ്യ വ്യക്തി.
ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം: മേയ് 8: ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ലിയോ പതിനാലാമനെ (70) തിരഞ്ഞെടുത്തു. യഥാർത്ഥ നാമം റോബർട്ട് പ്രെവോസ്റ്റ്. മാർപാപ്പയാകുന്ന ആദ്യ അമേരിക്കക്കാരൻ. പെറുവിൽ മിഷനറിയായി കൂടുതൽ കാലം പ്രവർത്തിച്ചു. പെറു പൗരത്വവുമുണ്ട്.
ഇറാൻ - ഇസ്രയേൽ സംഘർഷം: ജൂൺ 13: 12 ദിവസം നീണ്ട സംഘർഷം. ഇസ്രയേൽ ആക്രമണങ്ങളിൽ ഇറാനിൽ സൈനിക മേധാവിമാരും ആണവ ശാസ്ത്രജ്ഞരും അടക്കം ആയിരത്തിലേറെ പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ 32 പേർ കൊല്ലപ്പെട്ടു. ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോർഡോ അടക്കം ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ് ബോംബ് ആക്രമണം. ഇറാന്റെ ആണവ ശേഷി നശിപ്പിച്ചെന്ന് യു.എസ്. വാദം തള്ളി ഇറാൻ.
യുവതയുടെ
ശക്തി
നേപ്പാളിൽ ജെൻ സി കലാപം: സെപ്തംബർ 8: സമൂഹ മാദ്ധ്യമ വിലക്കിനെതിരെയും സർക്കാരിന്റെ അഴിമതിക്കെതിരെയും നേപ്പാളിൽ യുവജന പ്രക്ഷോഭം. പാർലമെന്റ് അടക്കം സർക്കാർ കെട്ടിടങ്ങൾ കത്തിച്ചു. 76 പേർ കൊല്ലപ്പെട്ടു. അഞ്ചു ദിവസം നീണ്ട പ്രക്ഷോഭങ്ങളെ തുടർന്ന് പ്രധാനമന്ത്രി കെ.പി ശർമ്മ ഒലി രാജിവച്ചു. സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് സുശീല കാർകി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.
ചാർലി കിർക്ക് വധം: സെപ്തംബർ 10.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ രാഷ്ട്രീയ ആക്ടിവിസ്റ്റും അവതാരകനുമായ ചാർലി കിർക്കിനെ (31) വെടിവച്ചു കൊന്നു. കിർക്ക് യൂട്ടാ വാലി യൂണിവേഴ്സിറ്റിയിലെ പരിപാടിയിൽ സംസാരിക്കവെയായിരുന്നു സംഭവം. യൂട്ട സ്വദേശിയായ ടൈലർ റോബിൻസൺ (22) പിടിയിലായി. കിർക്കിന്റെ ആശയങ്ങളോടുള്ള വിരോധം കൊലയ്ക്കു കാരണം.
കണ്ണീർ
മുനമ്പ്
ഗാസ വെടിനിറുത്തൽ: ഒക്ടോബർ 10: രണ്ടു വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഗാസയിൽ യു.എസിന്റെ മദ്ധ്യസ്ഥതയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നു. ജീവനോടെ ശേഷിച്ച 20 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. വെടിനിറുത്തൽ തുടരുന്നുണ്ടെങ്കിലും ഹമാസിന്റെ പ്രകോപനങ്ങൾക്ക് തിരിച്ചടിയെന്നു കാട്ടി ഇസ്രയേൽ ഗാസയിൽ ഒറ്റപ്പെട്ട ആക്രമണങ്ങൾ തുടരുന്നു. ഗാസയുടെ 53 ശതമാനം ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിൽ. 2023 ഒക്ടോബർ മുതൽ കൊല്ലപ്പെട്ടത് 70,000 ത്തിലേറെ പേർ.
ലൂവ്ര് കവർച്ച: ഒക്ടോബർ 19: പാരീസിലെ വിഖ്യാതമായ ലൂവ്ര് മ്യൂസിയത്തിൽ പട്ടാപ്പകൽ വൻ കവർച്ച. മുഖംമൂടി ധരിച്ച നാല് മോഷ്ടാക്കൾ ചേർന്ന് 8.8 കോടി യൂറോയുടെ രാജകീയ ആഭരണങ്ങൾ കൊള്ളയടിച്ചു. കേസിൽ 8 പേർ ഇതുവരെ അറസ്റ്റിലായി. മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ കണ്ടെത്താനായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |