
ആലപ്പുഴ : കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിൽ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടറും ഡ്രൈവറും തമ്മിൽ കൈയാങ്കളിയുണ്ടായി. ഇരുകൂട്ടരും ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റ് മേധാവിയും പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. യൂണിറ്റ് മേധാവി സി.എം.ഡിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് തീരുമാനമായി.
ഇന്നലെ രാവിലെ 11ന് കൺട്രോളിംഗ് ഓഫീസറുടെ മുറിയിലായിരുന്നു കൺട്രോളിംഗ് ഇൻസ്പെക്ടർ സണ്ണിപോളും ഡ്രൈവറും ജീവനക്കാരുടെ സംഘടനാ സെക്രട്ടറിയുമായ ബി.ലളിത് കുമാറും തമ്മിൽ വാക്കുതർക്കമാരംഭിച്ചത്. ഡിപ്പോയിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചതിനെപ്പറ്റിയും ചലോ കാർഡ് വിതരണത്തിലെ കമ്മീഷൻ സംബന്ധിച്ചുമുള്ള തർക്കങ്ങളാണ് കാരണമായതെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്.
ഇരുവരും ഇടതുപക്ഷ അനുകൂല സംഘടനയിലെ അംഗങ്ങളാണ്. കൺട്രോളിംഗ് ഇൻസ്പെക്ടർ കയ്യിൽ കരുതിയിരുന്ന താക്കോൽകൂട്ടം കൊണ്ട് ഇടതുകൈയിൽ ഇടിച്ചെന്നാണ് ഡ്രൈവറുടെ പരാതി. സംഘർഷം സംബന്ധിച്ച് യൂണിറ്റ് മേധാവിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം പരാതിയും സി.എം.ഡിക്ക് റിപ്പോർട്ടും നൽകിയത്. ഡ്രൈവർക്കും കൺട്രോളിംഗ് ഇൻസ്പെക്ടർക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |