
മത്സ്യതൊഴിലാളികൾ വൻ പ്രതിഷേധത്തിൽ
ബേപ്പൂർ: കേന്ദ്ര- സംസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ മാസങ്ങളായി ഹാർബർ കേന്ദ്രീകരിച്ച് നടക്കുന്ന ബാറ്ററി മോഷണ പരമ്പരക്ക് പരിഹാരമില്ലാത്തത് മത്സ്യതൊഴിലാളികൾക്ക് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇന്നലെ ചാലിയാറിൽ നങ്കൂരമിട്ട ശിവപാർവതി ബോട്ടിൽനിന്ന് 25,000 രൂപ വിലയുള്ള 4 ബാറ്ററികൾ മോഷണം പോയി. എഞ്ചിൻ റൂമിൽ ഘടിപ്പിച്ച ബാറ്ററികളാണ് മോഷ്ടിക്കപ്പെട്ടത്. ഒരു മാസം മുമ്പ് ചാലിയാറിൽ നങ്കൂരയിട്ട കൃഷ്ണപ്രിയ, ആസിത ബോട്ടുകൾ, ഒരു ഇതര സംസ്ഥാന ബോട്ടുകൾ എന്നിവയിൽനിന്ന് 12 ബാറ്ററികളും ചെമ്പക കോളനിക്ക് സമീപം താമസിക്കുന്ന ആസിഫിന്റെ വീട്ടിൽ സൂക്ഷിച്ച 6 ബാറ്ററികളും മോഷണം പോയിരുന്നു. കഴിഞ്ഞ ചില മാസങ്ങളിലായി 60ഓളം ബാറ്ററികളും 5 ലക്ഷത്തിലധികം വിലയുള്ള വലയിൽ ഘടിപ്പിക്കുന്ന ഈയ്യങ്ങളും ഫൈബർ വള്ളങ്ങളിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വലയിൽ ഘടിപ്പിക്കുന്ന സ്റ്റീൽ വളയങ്ങളും നഷ്ടമായി. കക്കാടത്ത് ക്ഷേത്രത്തിന് സമീപം ചാലിയാറിൽ നങ്കൂരമിട്ട മുത്തപ്പൻ, അൽ-ഫായി, ഹംസം എന്നീ ബോട്ടുകളിൽനിന്ന് ഒന്നിന് 20,000 രൂപ വിലവരുന്ന 10 ബാറ്ററികളും മോഷ്ടിക്കപ്പെട്ടു. കൂടാതെ, ഗ്രാൻഡ്, അൽജലാൽ, ഓഷ്യൻ കിംഗ്, തത്ത്വമസി, ദർശന, അമ്മേ നാരായണ നമ്പർ 1, അമ്മേ നാരായണ നമ്പർ 2, സന്ധ്യാ നാമം, ശരൺ, വിഷ്ണുമായ, ഫൈബർ വള്ളം എന്നിങ്ങനെ 10ലധികം യാനങ്ങളിൽനിന്നും 30ഓളം ബാറ്ററികൾ മോഷണം പോയിരുന്നു. ഹാർബറിന് സമീപം നങ്കൂരമിട്ട ചെറു ഫൈബർ വള്ളങ്ങൾ എഞ്ചിനടക്കം മോഷണം പോയി. കൃപ, ജയലക്ഷ്മി ബോട്ടുകളിൽനിന്ന് 2 ലക്ഷത്തിന്റെ ഈയ്യവും നഷ്ടപ്പെട്ടിരുന്നു.
മോഷ്ടിച്ച ബാറ്ററികൾ വാങ്ങാൻ ഇടനിലക്കാരായി ചിലർ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടത്രെ. മോഷണം തുടർക്കഥയായതോടെ ചാലിയാറിൽ നങ്കൂരമിടാൻ കഴിയാത്ത സ്ഥിതിയിലാണ് നിലവിൽ. സ്ഥല പരിമിതിമൂലം വാർഫിന് സമീപം നങ്കൂരമിടാൻ കഴിയാത്തതിനാലാണ് ബോട്ടുകൾ ചാലിയാറിന്റെ വിവിധ ഭാഗങ്ങളിലായി നങ്കൂരമിടുന്നത്. രാത്രികാലങ്ങളിൽ മത്സ്യം പിടിക്കാനെന്ന വ്യാജേന ചെറുതോണിയിലെത്തിയാണ് ചിലർ മോഷണം നടത്തുന്നതെന്നാണ് പറയപ്പെടുന്നത്. ചാലിയാറിൽ നങ്കൂരമിടുന്ന വൻകിട ബോട്ടുകൾക്ക് സമീപം ചെറു തോണികൾ ചേർത്തു നിറുത്തുമ്പോൾ തോണി എതിർദിശയിൽനിന്നു കാണാൻ കഴിയാത്തത് മറയാക്കിയാണ് മോഷണ പരമ്പര അരങ്ങേറുന്നത്. മോഷണം തടയുന്നതിന് ഹാർബറിൽ ചാലിയാർ കേന്ദ്രീകരിച്ച് സി.സി ക്യാമറ സ്ഥാപിക്കുമെന്ന് പറയുകയല്ലാതെ ബന്ധപ്പെട്ടവർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |